Connect with us

National

റെയില്‍വേ സുരക്ഷക്ക് ഇനി ഡ്രോണ്‍ വിമാനങ്ങളും

Published

|

Last Updated

ന്യൂഡല്‍ഹി | സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ നിരീക്ഷണവുമായി റെയില്‍വേ. സെന്‍ട്രല്‍ റെയില്‍വേയുടെ മുംബൈ ഡിവിഷനില്‍ അത്യാധുനിക ഡ്രോണ്‍ സംവിധാനം സ്ഥാപിച്ചു. റെയില്‍വേ സ്‌റ്റേഷനും പരിസരവും റെയില്‍പാളവും യാര്‍ഡുകളും നിരീക്ഷിക്കാനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്.

നിന്‍ജയുടെ രണ്ട് ആളില്ലാ വിമാനങ്ങളാണ് റെയില്‍വേ സ്വന്തമാക്കിയത്. തത്സമയം ദൃശ്യങ്ങള്‍ പകര്‍ത്താനും സ്ട്രീം ചെയ്യാനും ഇവക്ക് സാധിക്കും. ഇവ ഉപയോഗിക്കാന്‍ റെയില്‍വേ സുരക്ഷാ സേനയിലെ നാല് പേര്‍ക്ക് പ്രത്യേക പരിശിലനം നല്‍കിയതായും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

31.87 ലക്ഷം രൂപ ചെലവിലാണ് ഡ്രോണ്‍ വാങ്ങിയത്. ഉടന്‍ തന്നെ 97.52 ലക്ഷം രൂപ ചെലവിട്ട് 17 ഡ്രോണുകള്‍ കൂടി റെയില്‍വേ വാങ്ങും. 19 ആര്‍പിഎഫ് അംഗങ്ങള്‍ക്ക് ഡ്രോണ്‍ ഉപയോഗിക്കുന്നതില്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഇവരില്‍ നാല് പേര്‍ക്ക് ഡ്രോണ്‍ പറത്തുവാന്‍ ലൈസന്‍സ് ലഭിച്ചുകഴിഞ്ഞു.

യാര്‍ഡുകളില്‍ സൂക്ഷിച്ചിരിക്കുന്ന റെയില്‍വേയുടെ വസ്തുവഹകള്‍ നിരീക്ഷിക്കാനും വര്‍ക്ക് ഷോപ്പുകളിലും കാര്‍ ഷെഡുകളിലും നടക്കുന്ന കാര്യങ്ങള്‍ തത്സമയം കാണാനും ഡ്രോണ്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. പാളങ്ങളില്‍ അട്ടിമറി ശ്രമം നടത്തുന്നവരെ പിടികൂടാനും ഇതുവഴി കഴിയുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.