National
ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിച്ചേക്കും; തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍

ന്യൂഡല്‍ഹി| ട്രിച്ചിയടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിച്ചേക്കും. ഇത് സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. ട്രിച്ചിക്ക് പുറമെ അമൃത്സര്‍, ഇന്ദോര്‍, റാഞ്ചി, ഭുവനേശ്വര്‍, റായ്പുര്‍ എന്നീ വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കുക. മന്ത്രിസഭ തീരുമാനമെടുത്താല്‍ നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള 12 വിമാനത്താവളങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിച്ചിരുന്നു. ഇതില്‍ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, അഹമ്മദാബാദ്, മംഗലാപുരം, ലഖ്നൗ, ഗുവാഹട്ടി, ജെയ്പുര്‍ എന്നീ വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിച്ചത്. അദാനി ഗ്രൂപ്പാണ് ഈ ആറ് വിമാനത്താവളങ്ങളും ഉയര്‍ന്ന തുക കൊടുത്ത് നടത്തിപ്പ് അവകാശം സ്വന്തമാക്കിയത്.
ഇതില്‍ മൂന്നെണ്ണത്തിന്റെ കാര്യത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി അദാനി ഗ്രൂപ്പ് കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. മൂന്നെണ്ണത്തിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.