Connect with us

Editorial

ഫേസ്ബുക്കിന്റെ ഒളി സൗഹൃദങ്ങൾ

Published

|

Last Updated

പ്രമുഖ സോഷ്യല്‍ മീഡിയ ഗ്രൂപ്പായ ഫേസ്ബുക്ക് കമ്പനി ഇന്ത്യയില്‍ നിഷ്പക്ഷമായല്ല പ്രവര്‍ത്തിക്കുന്നതെന്നുള്ള പരാതി നേരത്തേയുണ്ട്. ഇതിന് അടിവരയിടുന്നതാണ് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ വെള്ളിയാഴ്ചത്തെ റിപ്പോര്‍ട്ട്. മുസ്‌ലിംകള്‍ക്കെതിരെ ബി ജെ പി നേതാക്കള്‍ നടത്തുന്ന വിഷലിപ്തമായ പ്രസ്താവനകള്‍ ഫേസ്ബുക്കിന്റെ ഇന്ത്യന്‍ മേധാവികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അതിനെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ കമ്പനി മേധാവികള്‍ തയ്യാറാകുന്നില്ലെന്നും ഫേസ്ബുക്കിലെ തന്നെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ജേണല്‍ വാര്‍ത്ത നല്‍കിയത്.

തെലങ്കാനയില്‍ നിന്നുള്ള ബി ജെ പി. എം എല്‍ എ രാജാസിംഗ്, ബി ജെ പിയുടെ പാര്‍ലിമെന്റ് അംഗം ആനന്ദ്കുമാര്‍ ഹെഡ്ജി തുടങ്ങി പല നേതാക്കളും വിഷം ചീറ്റുന്ന പ്രസ്താവനകളാണ് മുസ്‌ലിംകള്‍ക്കെതിരെ അടുത്തിടെ നടത്തിയത്. കൊവിഡ് പരത്തുന്നത് മുസ്‌ലിംകളാണ്, റോഹിംഗ്യന്‍ മുസ്‌ലിംകളെ വെടിവെച്ചു കൊല്ലണം തുടങ്ങി അതീവ പ്രകോപനപരമായിരുന്നു രാജാസിംഗിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍. അപകടകാരികളായ വ്യക്തികള്‍, സംഘടനകള്‍ എന്ന വകുപ്പില്‍പ്പെടുത്തി അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ഫേസ്ബുക്കില്‍ നിന്ന് അയാളെ പുറത്താക്കണമെന്നും കമ്പനിക്കകത്തു തന്നെ ശക്തമായ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി എക്സിക്യൂട്ടീവ് അൻഖിദാസ് അതിന് വിസമ്മതിക്കുകയായിരുന്നുവെന്ന് കമ്പനിയുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജേണല്‍ വെളിപ്പെടുത്തുന്നു.
രാജ്യത്തെ ഭരണ പാര്‍ട്ടിയുമായുള്ള ഫേസ്ബുക്കിന്റെ ബന്ധം ഉലഞ്ഞാല്‍ അവരുടെ ബിസിനസിനെ മോശമായി ബാധിച്ചേക്കുമെന്ന ആശങ്കയാണ് ബി ജെ പി നേതാക്കളോട് മൃദുസമീപനം സ്വീകരിക്കുന്നതിന് പിന്നിലെന്നാണ് ജേണലിന്റെ നിരീക്ഷണം. തീവ്രഹിന്ദു വലതുപക്ഷത്തിന്റെ വിദ്വേഷ പോസ്റ്റുകള്‍ ഒരു പരിധിവരെ കണ്ടില്ലെന്ന് നടിക്കുകയല്ലാതെ തങ്ങള്‍ക്ക് മറ്റു മാര്‍ഗമില്ലെന്നും, മോദിക്കും കൂട്ടര്‍ക്കുമെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ടെന്നും ഫേസ്ബുക്ക് ഇന്ത്യ പരോക്ഷമായി സൂചിപ്പിച്ചതായി ജേണല്‍ പറയുന്നു. (വിദ്വേഷം ജനിപ്പിക്കുന്നതും അക്രമത്തിന് പ്രേരണ നല്‍കുന്നതുമായ പോസ്റ്റുകളിടുമ്പോള്‍ മിക്ക രാജ്യങ്ങളിലെയും ഫേസ്ബുക്ക് മേധാവികള്‍ നടപടി എടുക്കാറുണ്ട്).

ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകള്‍ അടുക്കുന്ന ഘട്ടത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ബി ജെ പി അനുകൂലമായ ഇടപെടലുകള്‍ ഉണ്ടാകാറുള്ളതായും ഫേസ്ബുക്ക് ജീവനക്കാര്‍ തുറന്നു പറയുകയുണ്ടായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനും അതിനു മുമ്പ് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ ബി ജെ പി അനുകൂലമായും മതേതര കക്ഷികള്‍ക്കെതിരായും വ്യാപകമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയില്‍ തന്നെ ട്വിറ്റര്‍ പോലുള്ള മറ്റു സാമൂഹിക മാധ്യമങ്ങള്‍ പക്ഷപാതപരവും പ്രകോപനപരവുമായ പോസ്റ്റുകള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാറുണ്ട്. ഇതിനിടെ ആനന്ദ്കുമാര്‍ ഹെഡ്ജിന്റെ തീവ്ര വര്‍ഗീയ പോസ്റ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്യുകയും അദ്ദേഹത്തിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഐ ടി പാര്‍ലിമെന്ററി സമിതിയില്‍ ഫേസ്ബുക്ക് സംബന്ധിച്ചുളവായ വിവാദവും ഭിന്നതയും ബി ജെ പി- ഫേസ്ബുക്ക് അവിശുദ്ധ കൂട്ടുകെട്ടിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. വാള്‍സ്ട്രീറ്റ് ജേണലിന്റെ ആരോപണം സംബന്ധിച്ച് ഫേസ്ബുക്കിനോട് വിശദീകരണം തേടണമെന്ന് ഐ ടി പാര്‍ലിമെന്ററി സമിതി ചെയര്‍മാന്‍ ശശി തരൂര്‍ അഭിപ്രായപ്പെട്ടപ്പോള്‍ സമിതിയിലെ ബി ജെ പി അംഗങ്ങള്‍ അതിനോട് വിയോജിക്കുകയായിരുന്നു. ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പോളിസി എക്സിക്യൂട്ടീവ് അൻഖി ദാസിനെ വിളിച്ചു വരുത്തി വിശദീകരണം തേടാനായിരുന്നു തരൂരിന്റെ നീക്കം. സമിതിയിലെ ബി ജെ പി അംഗം നിഷികാന്ത് ദുബൈ ഇതിനെ നഖശിഖാന്തം എതിര്‍ത്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുകയും അംഗീകാരം നേടുകയും ചെയ്ത ശേഷം മാത്രമേ ഇത്തരം നടപടികളിലേക്ക് നീങ്ങാവൂ, അല്ലെങ്കില്‍ ബി ജെ പി അംഗങ്ങള്‍ ചെയര്‍മാന്‍ തരൂരിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി ദുെബെ. നേരത്തേ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ ഡല്‍ഹി നിയമസഭാ സമിതി ഫേസ്ബുക്ക് പോളിസി മേധാവിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങള്‍, അത് പത്രങ്ങളായാലും ചാനലുകളായാലും സാമൂഹിക മാധ്യമങ്ങളായാലും അവര്‍ക്ക് ചില ധര്‍മങ്ങളുണ്ട്. നിഷ്പക്ഷത, വിശ്വാസ്യത, സത്യസന്ധത എന്നിവ അതില്‍ മുഖ്യമാണ്. ഇന്ത്യ പോലുള്ള വര്‍ഗീയ ഫാസിസം പിടിമുറുക്കിയ രാജ്യത്ത് ജനാധിപത്യ, മതനിരപേക്ഷ സംരക്ഷണവും മാധ്യമ ബാധ്യതയാണ്. ഫാസിസത്തിന്റെ വലയില്‍ അകപ്പെടാതെ സമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദവും രമ്യതയും സ്ഥാപിക്കാനും ശക്തിപ്പെടുത്താനുമായിരിക്കണം മാധ്യമങ്ങളുടെ ശ്രമം. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 19(1) വിഭാവനം ചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പിന്‍ബലത്തിലാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തരുത്.
സമൂഹത്തിന്റെ ചിന്താധാരയെ രൂപപ്പെടുത്തുന്നതില്‍ വലിയൊരു പങ്കാണ് മാധ്യമങ്ങള്‍ക്ക് വിശിഷ്യാ സാമൂഹിക മാധ്യമങ്ങള്‍ക്കുള്ളത്. ഈ സാഹചര്യത്തില്‍ കച്ചവട താത്പര്യത്തേക്കാള്‍ സാമൂഹിക നന്മക്കാണ് അവ പ്രാമുഖ്യം കല്‍പ്പിക്കേണ്ടത്. മാധ്യമങ്ങളുടെ ഉള്ളടക്കങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്നതും കലാപങ്ങള്‍ക്ക് വഴിമരുന്നിടുന്നതുമായാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും നേരിടേണ്ടി വരിക. ആളിപ്പടരുന്ന വര്‍ഗീയാഗ്നി തല്ലിക്കെടുത്തുകയാണ്, എരിതീയില്‍ എണ്ണ ഒഴിക്കുകയല്ല മാധ്യമ ധര്‍മം. നിരവധി പേര്‍ കൊല്ലപ്പെടാനിടയായ മുസാഫര്‍പൂര്‍ കലാപം ഉള്‍പ്പെടെ അടുത്തിടെ രാജ്യത്ത് അരങ്ങേറിയ പല കലാപങ്ങള്‍ക്കും വഴിമരുന്നിട്ടത് സാമൂഹിക മാധ്യമങ്ങളായിരുന്നുവെന്ന കാര്യം വിസ്മരിക്കാവതല്ല.

---- facebook comment plugin here -----

Latest