Connect with us

Kerala

ഓണ്‍ലൈന്‍ പഠനത്തിനായി മക്കള്‍ക്ക് നാട്ടുകാര്‍ വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് വില്‍പ്പന നടത്തി മദ്യപാനം; പിതാവ് അറസറ്റില്‍

Published

|

Last Updated

അങ്കമാലി  |ഓണ്‍ലൈന്‍ പഠനത്തിനായി മക്കള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ആക്രമിച്ച് തട്ടിയെടുത്ത് മറിച്ചുവിറ്റ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബു(41)വിനെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ വിറ്റ പണംകൊണ്ട് മദ്യപിക്കുന്നതിനിടെ അങ്കമാലിയിലെ കള്ള് ഷാപ്പില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞദിവസം രാത്രിയാണ് സാബു മൊബൈല്‍ ഫോണിനായി ഭാര്യയെയും മക്കളെയും ആക്രമിച്ചത്. സാബുവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ഭാര്യയെയും മക്കളെയും ആയല്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സാബുവിന്റെ മൂന്ന് പെണ്‍കുട്ടികളും പഠനത്തില്‍ മികച്ചനിലവാരം പുലര്‍ത്തുന്നവരായതിനാല്‍ നാട്ടുകാരാണ് ഇവര്‍ക്ക് 15,000 രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കിയത്. സ്ഥിരംമദ്യപാനിയായ സാബു മദ്യപിക്കാന്‍ പണമില്ലാത്തതിനാല്‍ ഈ മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയായിരുന്നു.തുടര്‍ന്ന് ഫോണ്‍ വില്‍പ്പന നടത്തി ഈ പണം കൊണ്ട് മദ്യപിക്കുന്നതിനിടെയാണ് കള്ള് ഷാപ്പില്‍നിന്ന് പിടിയിലായത്. ഇയാള്‍ നേരത്തെ ചാരായം വാറ്റ്, മോഷണം അടക്കമുള്ള സംഭവങ്ങളില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു. ബാലനിതീ വകുപ്പ് പ്രകാരമടക്കം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.