National
രക്തം വാർന്നൊഴുകുന്ന നിലയിൽ യുവതി; മൊബൈലിൽ ചിത്രീകരിച്ച് നാട്ടുകാർ

മീററ്റ്| ഉത്തർപ്രദേശിൽ മൂർച്ചയേറിയ ആയുധം കൊണ്ട് മുഖവും കഴുത്തും കുത്തിക്കീറി രക്തം വാർന്നൊഴുകുന്ന നിലയിൽ 20കാരിയെ കനാലിൽ കണ്ടെത്തി. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം യുവതിയുടെ ചിത്രങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്താനാണ് ആളുകൾ ശ്രമിച്ചത്. കൂടാതെ പോലീസ് എത്തുന്നതുവരെ യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സഹോദരൻ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. എതിർപ്പ് അവഗണിച്ച് താൻ മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് കുടുംബത്തിന്റെ വൈരാഗ്യത്തിന് കാരണമെന്ന് യുവതി പറഞ്ഞു.
യുവതിയെ കണ്ടെത്തിയ നിമിഷം തന്നെ വീഡിയോ ചിത്രീകരിക്കുന്നതിന് പകരം ഉടൻ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. ഒരാൾക്ക് പരുക്കേൽക്കുകയും ആ വ്യക്തിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുന്ന സമയം ഏറെ നിർണായകമാണ്. പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്ന ആരെയും ചോദ്യം ചെയ്യില്ലെന്ന് സുപ്രീം കോടതി പോലും പറഞ്ഞിട്ടുണ്ട്. അതിനാൽ വീഡിയോകൾ നിർമിക്കുന്നതിന് പകരം പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ അവിനാശ് പാണ്ഡെ പറഞ്ഞു.