National
വിജയവാഡയിൽ മൂന്ന് പേരെ അകത്ത് പൂട്ടിയിട്ട ശേഷം കാറിന് തീയിട്ടു

ഹൈദരാബാദ്| സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ വാഹനത്തിനുള്ളിൽ പൂട്ടിയിട്ട ശേഷം കാറിന് തീകൊളുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പതാമത പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഇന്നലെയാണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. പരുക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക തർക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്.
ബിസിനസ് പങ്കാളികളായിരുന്ന ഗംഗാധറും വേണുഗോപാൽ റെഡ്ഡിയും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന ഇവർ ബിസിനസിൽ നഷ്ടം സംഭവിച്ചതിനെ തുടർന്ന് വേർപിരിയുകയായിരുന്നു. പ്രശ്‌നപരിഹാര ചർച്ചക്കായാണ് ഇന്നലെ ഗംഗാധറും ഭാര്യ നാഗവള്ളിയും സുഹൃത്ത് കൃഷ്ണ റെഡ്ഡിയും വേണുഗോപാലിനെ കാണാനെത്തിയത്. ചർച്ചക്കിടെ പുകവലിക്കാനെന്ന വ്യാജേന കാറിൽ നിന്നിറങ്ങിയ വേണുഗോപാൽ മദ്യകുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ കാറിൽ ഒഴിച്ച് പൂട്ടിയിട്ട ശേഷം തീകൊളുത്തുകയായിരുന്നെന്ന് വിജയവാഡ ഡെപ്യൂട്ടി കമ്മീഷണർ വാർത്താ ഏജൻസിയോട് പറഞ്ഞു.
യാത്രികരുമായി കാർ കത്തുന്നുണ്ടെന്ന് സന്ദേശം ലഭിച്ചതിനെ തുടർന്നെത്തിയ പോലീസാണ് ഇരകളെ ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട വേണുഗോപാൽ റെഡ്ഡിക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.