ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാജ്യത്തെ പ്രതിഷേധസമരങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന ശഹീന്‍ബാഗിലെ സമരത്തില്‍ പങ്കെടുത്ത 50 പേര്‍ ബി ജെ പിയില്‍ ചേര്‍ന്നു. ശഹീന്‍ബാഗ് സമരത്തിലുണ്ടായിരുന്ന ശഹ്‌സാദ് അലി, ഗൈനക്കോളജിസ്റ്റ് ഡോ.മെഹ്‌റീന്‍, മുന്‍ എ എ പി പ്രവര്‍ത്തകന്‍ തബസ്സും ഹുസൈന്‍ അടക്കമുള്ളവരാണ് ബി ജെ പിയില്‍ ചേര്‍ന്നത്.
അതേസമയം, രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബി ജെ പി ആസൂത്രണം ചെയ്തതാണ് ശഹീന്‍ബാഗ് സമരമെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ഡല്‍ഹി പോലീസുമായി ബി ജെ പി ഗൂഢാലോചന നടത്തിയാണ് ശഹീന്‍ബാഗിലെ പ്രതിഷേധം ആസൂത്രണം ചെയ്തതെന്നും എ എ പി ആരോപിച്ചു.
24 മണിക്കൂറും സജീവമായിരുന്ന ശഹീന്‍ബാഗിലെ സമരം പ്രധാനമായും പ്രദേശത്തെ മുതിര്‍ന്ന സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു. പ്രായംചെന്ന സ്ത്രീകളാണ് മുന്‍നിരയിലുണ്ടായിരുന്നത്. മാത്രമല്ല, വിവിധ സമുദായങ്ങളുടെയും സംഘടനകളുടെയും പിന്തുണയുമുണ്ടായിരുന്നു. സമരത്തില്‍ പങ്കെടുത്ത ഏതാനും പേരാണ് ഇപ്പോള്‍ ബി ജെ പിയില്‍ ചേര്‍ന്നത്. 101 ദിവസം നീണ്ടുനിന്ന സമരം കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു.