National
മുഹര്‍റം, വിനായക ചതുർഥി ആഘോഷങ്ങള്‍ നടത്താന്‍ പാടില്ലെന്ന് തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്| കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഈ വര്‍ഷം മുഹര്‍റം, വിനായക ചതുർഥി ആഘോഷങ്ങള്‍ നടത്താന്‍ പാടില്ലെന്ന് തെലങ്കാന സര്‍ക്കാര്‍. ഗണേഷ വിഗ്രഹങ്ങള്‍ കൂട്ടത്തോടെ സ്ഥാപിക്കാന്‍ പാടില്ലെന്നും മുഹര്‍റം ഘോഷയാത്ര നടത്താന്‍ പാടില്ലെന്നും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഉത്തരവിട്ടു.
ഭക്തര്‍ ഗണേഷ പൂജകള്‍ വീട്ടില്‍ ചെയ്യണമെന്ന് ഹൈദരാബാദ് പോലീസ് ഡി ജി പി അന്‍ജനി കുമാര്‍ പറഞ്ഞു. മുസ്ലിം സമുദായം സര്‍ക്കാറിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങളുടെ ആരോഗ്യവും സുരക്ഷയുമാണ് ഞങ്ങള്‍ക്ക് പ്രധാനം. കൊവിഡില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കണം. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഒരു പൊതുപരിപാടിയും നടത്താന്‍ ആകില്ലെന്നും ഡി ജി പി പറഞ്ഞു.
തിങ്കളാഴ്ച തെലങ്കാനയില്‍ കൊവിഡ് കേസുകള്‍ 90,000 കവിഞ്ഞു. നിലവില്‍ 92,255 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 703 പേര്‍ മരിച്ചതായും സര്‍ക്കാര്‍ പറഞ്ഞു. അതേസമയം, ഗണപതി ആഘോഷത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതിനെ ബി ജെ പി ചോദ്യം ചെയ്തു.
ഗണേഷ വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നവര്‍ എന്ത് ചെയ്യുമെന്ന് ബി ജെ പി എം എല്‍ എ രാജ സിംഗ് ചോദിച്ചു. കൊറോണ വാക്‌സിന്‍ ഈ വര്‍ഷം എന്തായാലും എത്തില്ല. അപ്പോള്‍ അടുത്ത വര്‍ഷം വൈറസ് ഇവിടെ തന്നെ ഉണ്ടാകും. അത് വരെ നിങ്ങള്‍ ആഘോഷവും പ്രാര്‍ഥനയും വേണ്ടെന്ന് വെക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ബക്രീദ് ആഘോഷത്തിന് അനുമതി നല്‍കിയ മുഖ്യമന്ത്രി ഇതിന് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്തിനാണൈന്നും ഇത് രാഷ്ട്രീയ കളിയാണെന്നും സിംഗ് പറഞ്ഞു.