Kerala
സംസ്ഥാനത്ത് കോണ്‍ഗ്രസിനും യു ഡി എഫിനും അനുകൂല സാഹചര്യം: ആന്റണി

കൊല്ലം | സംസ്ഥാനത്ത് കോണ്‍ഗ്രസിനും യു ഡി എഫിനും അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ് നിലവിലുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തദ്ദേശ തിരഞ്ഞെടുപ്പും അതിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പും അടുത്തു വരുന്നതിനിടെയാണ് ആന്റണിയുടെ വിലയിരുത്തല്‍. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സര്‍ക്കാര്‍ മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ച് തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ആന്റണി പറഞ്ഞു. ഇതിനു മുന്നോടിയായുള്ള തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടുന്നതിന് ചിട്ടയായ പ്രവര്‍ത്തനം നടത്തണമെന്ന് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
തര്‍ക്കങ്ങളുണ്ടെങ്കില്‍ പാര്‍ട്ടി ഫോറങ്ങളില്‍ പറഞ്ഞ് തീര്‍ക്കണമെന്നും പാര്‍ട്ടി ഘടകങ്ങള്‍ വാര്‍ഡ് തലം മുതല്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ആന്റണി നിര്‍ദേശിച്ചു.