Connect with us

National

ജഗന്‍മോഹന്‍ സര്‍ക്കാര്‍ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന് ചന്ദ്രബാബു നായിഡു

Published

|

Last Updated

ഹൈദരാബാദ്| ജഗന്‍മഹോന്‍ റെഡ്ഡി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുവെന്ന് ആരോപിച്ച് ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയും ടി ഡി പി നേതാവുമായ ചന്ദ്രബാബു നായിഡു പ്രധാനമന്ത്രിക്ക് കത്തയച്ചു.

അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഫോണുകള്‍ സര്‍ക്കാര്‍ ടാപ്പ് ചെയ്യുന്നുണ്ടെന്നും മോദിക്ക് അയച്ച കത്തില്‍ ചന്ദ്രബാബു നായിഡു ആരോപിച്ചു. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവശങ്ങളുടെ ആര്‍ട്ടിക്കിള്‍ 19,21 ന്റെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

വൈ എസ് ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫോണുകള്‍ ചോര്‍ത്തുകയാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ജഗന്‍മോഹന്‍ റെഡ്ഡി നിയമവിരുദ്ധ സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ടെന്നും അത് ഭാവിയില്‍ ദേശീയ സുരക്ഷക്ക് ഭീഷണിയാകുമെന്നും ടി ഡി പി നേതാവ് ആരോപിച്ചു.

ഇത്തരം നൂതന സാങ്കേതിക വിദ്യ അക്രമികളുടെ കൈകളിലുണ്ടെങ്കില്‍ അത് വ്യക്തികളുടെ സ്വകാര്യതക്കുള്ള അവകാശത്തെ ലംഘിക്കുക മാത്രമല്ല, ആളുകള്‍ ബ്ലാക്ക് മെയില്‍ ഭീഷണികള്‍ നേരിടണ്ടി വരുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

ഇത്തരം നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ രാജ്യത്തിന്റെ സമഗ്രതക്കും സുരക്ഷക്കും ഗുരുതരമായ ഭീഷണിയാകുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. സര്‍ക്കാറും സ്വകാര്യ വ്യക്തികളും ചേര്‍ന്ന് നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ അടിയന്തരവും കര്‍ശനവുമായ നടപടി സ്വീകരിക്കണമെന്നും ചന്ദ്രബാബു നായിഡു കത്തില്‍ മോദിയോട് ആവശ്യപ്പെട്ടു.

അതേസമയം, കഴിഞ്ഞ രണ്ട് മാസമായി ഇന്റലിജന്‍സ് അധികൃതര്‍ അനധികൃതമായി തന്റെ പോണുകള്‍ ചോര്‍ത്തുവെന്ന് ആരോപിച്ച് വൈ എസ് ആര്‍ വിമത എം പി രഘു രാമ രംഗത്തെത്തിയിരുന്നു.

---- facebook comment plugin here -----

Latest