Connect with us

Religion

ശരീരം, ശുദ്ധി

Published

|

Last Updated

വൃത്തിയെക്കുറിച്ച് നിരവധി കാര്യങ്ങൾ പറയുകയുണ്ടായി. വൃത്തിയുടെ ഭാഗമായെണ്ണിയ പ്രധാനപ്പെട്ട ഒന്നാണ് മിസ്്വാക്ക് ചെയ്യൽ. മിസ്്വാക്ക് നിത്യമാക്കൽ നബി (സ്വ)യുടെ ചര്യയിൽപ്പെട്ടതാണ്. അതിനുവേണ്ടി ഒരു മിസ്്വാക്ക് എപ്പോഴും റസൂൽ (സ്വ)യുടെ കൈവശമുണ്ടായിരുന്നു. പല്ല് തേച്ചുകൊണ്ടുള്ള നിസ്‌കാരത്തിന് അത് കൂടാതെയുള്ള നിസ്‌കാരത്തെക്കാൾ 70 റക്അത്ത് നിസ്‌കരിച്ച പ്രതിഫലവും ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇബ്‌നു ജൗസി തങ്ങൾ തന്റെ തിബ്ബുന്നബവിയിൽ മിസ്്വാക്കിന്റെ ഗുണങ്ങളായി ഒരുപാട് കാര്യങ്ങൾ എണ്ണുന്നുണ്ട്. ദന്തക്ഷയം ചെറുക്കുക, മോണക്ക് ബലം നൽകൽ, അല്ലാഹുവിന്റെ തൃപ്തി, മലക്കുകളെ സന്തോഷിപ്പിക്കൽ എന്നിവ അതിൽ ചിലത് മാത്രം. മറ്റെല്ലാ ഉപകരണങ്ങളെക്കാളും അറാക്കിന്റെ കമ്പുകൊണ്ട് മിസ്‌വാക്ക് ചെയ്യലാണ് ഉത്തമം. മറ്റുള്ള ടൂത്ത്പേസ്റ്റുകളെ അപേക്ഷിച്ച് അതൊരു അണുനാശിനിയാണ്. university of Rostock se Germinology വിഭാഗം തലവൻ 1961ൽ journal of German oriental society (നാലാം ലക്കം) എന്ന മാഗസിനിൽ ബാക്ടീരിയകളെയും രോഗാണുക്കളെയും നശിപ്പിക്കാനുള്ള അറാക്കിന്റെ കഴിവ് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതായി എഴുതിയിട്ടുണ്ട്. (കടപ്പാട്: www.alukah.net).

സുഗന്ധം പൂശലും വൃത്തിയാണ്. അതിലൂടെ വിയർപ്പുമൂലമോ മറ്റോ ശരീരത്തിൽ നിന്ന് വമിക്കുന്ന ദുർഗന്ധത്തിനെ ഒരു പരിധിവരെ തടയാൻ സാധിക്കും. സുഗന്ധം നബി (സ്വ)ക്ക് വളരെ ഇഷ്ടപ്പെട്ടതായിരുന്നു. ആരെങ്കിലും സുഗന്ധം ഹദിയയായി നൽകിയാൽ പ്രവാചകർ (സ്വ) അത് നിരാകരിക്കാറുണ്ടായിരുന്നില്ല (നസാഈ). കൂടാതെ ആരെങ്കിലും സുഗന്ധം ദാനമായി തന്നാൽ അത് നിരസിക്കരുതെന്നും നബി (സ്വ) കൽപ്പിക്കുന്നുണ്ട്.
വെള്ളിയാഴ്ച, പെരുന്നാൾ തുടങ്ങിയ പ്രത്യേക ദിവസങ്ങളിൽ സുഗന്ധം പൂശൽ പ്രത്യേകം സുന്നത്താണ്. സുഗന്ധം പൂശൽ ബുദ്ധി വർധനക്ക് കാരണമാകുമെന്ന് ശാഫി ഇമാം (റ) പറയുന്നു. നമുക്ക് മുമ്പ് കഴിഞ്ഞ പണ്ഡിതന്മാരും സുഗന്ധം നന്നായി ഉപയോഗിച്ചിരുന്നു. സുഗന്ധം പൂശിയ കാരണത്താൽ ഇബ്‌നു ഉമർ (റ)വും ഇബ്‌നു അബ്ബാസ് (റ)വും ജമാഅത്തിനായി പള്ളിയിലേക്ക് പോകുന്നത് അയൽവാസികൾ അറിയാറുണ്ടെന്ന് അവരുടെ ചരിത്രം വ്യക്തമാക്കുന്നു.

നല്ല വസ്ത്രം, ചെരിപ്പ് തുടങ്ങിയവ ഉപയോഗിക്കുന്നത് അഹങ്കാരത്തിന്റെ ഭാഗമാണെന്നും മുഷിഞ്ഞ വസ്ത്രവും മറ്റും ഉപയോഗിക്കുന്നതാണ് താഴ്മയുടെ പാതയെന്നും ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ട്. അഹങ്കാരത്തിന്റെ കൂട്ടത്തിൽ ഒരിക്കലും ഭംഗിയാവലിനെ ഇസ്‌ലാം എണ്ണിയിട്ടില്ല. മറിച്ച് ഒരാൾ തന്റെ സ്ഥാനവും പ്രൗഢിയും സമ്പത്തും ആർഭാടവും എല്ലാം വെളിവാക്കാനുള്ള ഒരു സംവിധാനമായി അതിനെ ഉപയോഗപ്പെടുത്തുമ്പോൾ അത് അഹങ്കാരത്തിന്റെ ഭാഗമാകുന്നു എന്ന് മാത്രം.

മുസ്‌ലിം (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ നബി (സ്വ) സ്വഹാബത്തിനെ ഉപദേശിച്ചു: “ഹൃദയത്തിൽ അണുമണിത്തൂക്കം അഹങ്കാരമുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല”, ഇതുകേട്ട് ഒരു സ്വഹാബി ചോദിച്ചു: “ഒരാൾ തന്റെ വസ്ത്രവും ചെരിപ്പും ഭംഗിയുള്ളത് ആകണമെന്ന് ആഗ്രഹിക്കുന്നു. അത് അഹങ്കാരമാകുമോ?. അപ്പോൾ നബി (സ്വ) യുടെ മറുപടി ഇങ്ങനെയായിരുന്നു. “അള്ളാഹു ഭംഗിയുള്ളവനാണ്, അവൻ ഭംഗിയെ ഇഷ്ടപ്പെടുന്നു. അഹങ്കാരം എന്നത് സത്യത്തോട് ധിക്കാരം കാണിക്കലും ജനങ്ങളോട് അതിക്രമം ചെയ്യലുമാണ് (മുസ്്ലിം). ഇമാം ശാഫി (റ) പാടിയ ബൈത്തിൽ കഴിയുന്നതിന്റെ പരമാവധി ശരീരവും വസ്ത്രവും എല്ലാം ഭംഗിയാക്കാൻ നിർദേശിച്ചതിനെ തുടർന്ന് അവിടുന്ന് തുടർന്നുപാടി “അതൊരിക്കലും നിന്റെ അഹങ്കാരമല്ല, എന്നാൽ നിനക്ക് ആദരവും ബഹുമാനവും വാങ്ങിത്തരുന്ന വസ്തുതയാണ്”.

സ്വന്തം വീട്, ശരീരം, വസ്ത്രം തുടങ്ങി സ്വന്തം വൃത്തിക്ക് മാത്രമല്ല ഇസ്്ലാം പ്രാധാന്യം കൽപ്പിക്കുന്നത്. സ്വമേധയാ വൃത്തിയാക്കുന്നതിലുപരി തന്റെ ചുറ്റുപാടുകളും പൊതുഇടങ്ങളും വൃത്തിയായി സൂക്ഷിക്കാൻ ഇസ്്ലാം നിർദേശിക്കുന്നുണ്ട്. പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കൽ വഴി അതുപയോഗിക്കുന്നവർക്ക് പ്രയാസങ്ങൾ ഇല്ലാതാക്കുന്നതും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ദീൻ പഠിപ്പിക്കുന്നത്. വഴിയരികിലെ മുള്ളുകളും തടസ്സങ്ങളും നീക്കുന്നത് ധർമമാണെന്ന് നബി (സ്വ) അരുളിയിട്ടുണ്ട്. പൊതുയിടങ്ങളിൽ മലമൂത്രവിസർജനം പോലെയുള്ളവ ചെയ്യാതിരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവിടുന്ന് ഉപദേശിച്ചു. പ്ലാസ്റ്റിക് പോലെയുള്ള മാലിന്യങ്ങളും അറവ് മാലിന്യങ്ങളും മറ്റും പൊതുയിടങ്ങളിൽ തള്ളുന്നത് അത്തരം ശാപഹേതുക്കളായ പ്രവൃത്തികളിൽ പെട്ടതാണെന്ന് ഓർക്കുന്നത് നന്നായിരിക്കും.

ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ ഇസ്‌ലാം വൃത്തിക്ക് നൽകിയ പ്രാധാന്യം ബോധ്യപ്പെടും. ഒരാളുടെ ബാഹ്യശരീരം അഴുക്കിൽ നിന്ന് വൃത്തിയാക്കുന്നതോടൊപ്പം അവന്റെ ഹൃദയം അസൂയ, അഹങ്കാരം, പക, കുശുമ്പ് തുടങ്ങിയ ഹീനതകളിൽ നിന്ന് വൃത്തിയാക്കാനും ഇസ്‌ലാം നിഷ്‌കർഷിക്കുന്നു. ഭൗതികമായ വൃത്തിഹീനത ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നത് പോലെ ആത്മീയ വിശുദ്ധിയുടെ അഭാവം നമ്മെ നരകമാകുന്ന ശാശ്വത ദുരിതത്തിലേക്ക് തള്ളിവിടും.

• അബ്ദുർറഹ്‌മാൻ പള്ളിയാലിൽ
arpalliyalil@gmail.com

Latest