National
കൊവിഡിനിടയില്‍ പാര്‍ലിമെന്റ് മണ്‍സൂണ്‍ സെഷന്‍; മുന്‍കരുതല്‍ നടപടി സ്വീകരിക്കുമെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി| ഈ മാസം അവസാനം പാര്‍ലിമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ആദ്യ സമ്മേലനമാണിത്. കൊവിഡിനെ തുടര്‍ന്ന് മണ്‍സൂണ്‍ സെഷനില്‍ നിരവധി പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ലോക് സഭയിലെയും രാജ്യസഭയിലെയും ഇരിപ്പിടത്തില്‍ പോലും മുന്‍കരുതല്‍ നടപടി സ്വീകരിക്കുമെന്ന് അവര്‍ അറിയിച്ചു. ചേംബറില്‍ 85 ഇഞ്ച് വലിയ നാല് ഡിസ്‌പ്ലേ സ്‌ക്രീനും നാല് ഗാലറകൡ 40 ഇഞ്ചിന്റെ ചെറിയ സ്‌ക്രീനും ഓഡിയോ കീബോര്‍ഡും സ്ഥാപിക്കും. ഈ മാസത്തിലെ മൂന്നാമത്തെ ആഴ്ച മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നതിനാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യസഭാ സെക്രട്ടേറിയറ്റ് ഓവര്‍ ടൈം ഡ്യൂട്ടിയിലാണെന്ന് ഉപരാഷട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.
ഈ ക്രമീകരണങ്ങളെല്ലാം കൊവിഡിന്റെ മാനദണ്ഡണത്തിനനുസരിച്ചാണെന്നും എല്ലാവരും സഭയില്‍ സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, രോഗാണുക്കളെയും വൈറസുകളെയും നശിപ്പിക്കുന്നതിനായി ഇരുസഭകളിലെയും എയര്‍ കണ്ടീഷനിംഗ് യൂണിറ്റില്‍ അള്‍ട്രാവയലറ്റ് വികിരണ സംവിധാനം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. വിവിധ പാര്‍ട്ടികള്‍ക്ക് അവരുടെ ആള്‍ബലം അനുസരിച്ച് ചേംബറിലോ ഗാലറിയിലോ സീറ്റുകള്‍ അനുവദിക്കും. ബാക്കിയുള്ളവര്‍ ലോക്‌സഭാ ചേംബറില്‍ രണ്ട് ബ്ലോക്കുകളായി തിരിഞ്ഞ് ഇരിക്കും ഒന്ന് ഭരണകക്ഷിക്കും രണ്ടാമത്തേത് മറ്റുള്ളവര്‍ക്കും.
1952ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് ആരംഭിച്ചതിന് ശേഷം ചരിത്രത്തില്‍ ആദ്യമായാണ് ഇരുസഭകളുടെയും ചേംബറുകളും ഗാലറികളും ഒരുപോലെ ഉപയോഗിക്കുന്നത്. ഒരു ദിവസം നാല് മണിക്കൂര്‍ മാത്രമേ സഭ കൂടുകയുള്ളു. ചേംബറില്‍ നിന്ന് ഔദ്യോഗിക ഗാലറിയെ വേര്‍തിരിക്കാനായി പോളികാര്‍ബണ്‍ ഷീറ്റുകള്‍ ഉപയോഗിക്കും.
രാജ്യ സഭാ സമ്മേളനത്തിനിടെ ഏഴ് റിപ്പോര്‍ട്ടര്‍മാരെ മാത്രമേ പ്രസ് ഗാലറയില്‍ അനുവദിക്കു. ലോക്‌സഭയില്‍ പിടിഐ, യു എന്‍ ഐ, ദൂരദര്‍ശന്‍ എന്നിവക്ക് പുറമെ 15 മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളുവെന്നും ഉപരാഷ്ട്രപതി അറിയിച്ചു.