Connect with us

Ongoing News

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ വീണ്ടും അട്ടിമറി; ബാഴ്‌സക്കു പിന്നാലെ മാഞ്ചസ്റ്ററും വീണു

Published

|

Last Updated

ലണ്ടന്‍ | ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അട്ടിമറികള്‍ തുടരുന്നു. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും ക്വാര്‍ട്ടറില്‍ ഇടറി വീണു. ഫ്രഞ്ച് ക്ലബ് ലിയോണ്‍ ആണ് മാഞ്ചസ്റ്ററിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് കീഴടക്കി സെമിയിലേക്ക് മുന്നേറിയത്. ഇതിനു മുമ്പ് നടന്ന ക്വാര്‍ട്ടറില്‍ ബാഴ്‌സലോണയെ രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്ക് തകര്‍ത്തുവിട്ടിരുന്നു. ഇതോടെ, ജര്‍മന്‍-ഫ്രഞ്ച് ടീമുകളുടെ മാറ്റുരക്കലാണ് സെമിയില്‍ നടക്കുക. ലിയോണിന്റെ എതിരാളി ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കാണ്. ആഗസ്റ്റ് 19ന് ഇന്ത്യന്‍ സമയം രാത്രി 12.30ന് ഈ മത്സരം. ആഗസ്റ്റ് 18 ന് രാത്രി 12.30ന് നടക്കുന്ന മറ്റൊരു സെമിയില്‍ ഫ്രഞ്ച് ക്ലബായ പി എസ് ജി ജര്‍മന്‍ ക്ലബ് ആര്‍ബി ലെയ്പിസിഗയെ നേരിടും. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ഫ്രഞ്ച് ടീമുകള്‍ ഒരുമിച്ച് സെമിയിലെത്തുന്നത്.

പ്രതിരോധാത്മകമായ ഫുട്‌ബോളാണ് ഗാര്‍ഡിയോള പരിശീലകനായുള്ള മാഞ്ചസ്റ്റര്‍ കളിക്കളത്തില്‍ പയറ്റിയത്. എന്നാല്‍, ആക്രമിച്ചു കളിച്ച ലിയോണിനു മുന്നില്‍ ആ പ്രതിരോധ ദുര്‍ഗം പലപ്പോഴും തകര്‍ന്നു. 24 ാം മിനുട്ടില്‍ ലിയോണാണ് ആദ്യം സ്‌കോര്‍ ചെയ്തത്. മാക്‌സ്വെല്‍ കോര്‍ണെറ്റിന്റെ വകയായിരുന്നു ഗോള്‍ (1-0). 69 ാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ തിരിച്ചടിച്ചു. കെവിന്‍ ഡി ബ്രുയ്‌നിന്റെതായിരുന്നു സമനില ഗോള്‍ (1-1). പത്തു മിനുട്ടിനു ശേഷം ഡെംബലയിലൂടെ ലിയോണ്‍ വീണ്ടും മാഞ്ചസ്റ്റര്‍ വല കുലുക്കി. ഓഫ് സൈഡിലൂടെയാണ് ഗോള്‍ പിറന്നതെന്ന് മാഞ്ചസ്റ്റര്‍ വാദിച്ചെങ്കിലും വാറിലൂടെ ഗോള്‍ സ്ഥിരീകരിച്ചു (2-1). 87 ാം മിനുട്ടില്‍ ഡെംബലെയിലൂടെ തന്നെ ഗോള്‍ കണ്ടെത്തി മാഞ്ചസ്റ്ററിന്റെ മോഹങ്ങള്‍ ലിയോണ്‍ തകര്‍ത്തു (3-1).

Latest