Connect with us

National

വെട്ടിപ്പിടിക്കല്‍ രാജ്യത്തിന്റെ നയമല്ല; തീരുമാനിക്കുന്നത് നേടിയെടുക്കുന്നതാണ് ഇന്ത്യയുടെ ചരിത്രം- പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി. സേവനമാണ് പരമമായ ധര്‍മമെന്ന മന്ത്രം ഉച്ചരിച്ചുകൊണ്ടാണ് കൊവിഡ് പോരാളികള്‍ ഇന്ന് രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതെന്ന് തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം കാലില്‍ നില്‍ക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തിയിലെ സംഘര്‍ഷത്തെ പരോക്ഷമായി സൂചിപ്പിച്ച പ്രധാനമന്ത്രി വെട്ടിപ്പിടിക്കല്‍ നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ടെന്നും പറഞ്ഞു.

നമ്മളിന്ന് കടന്നുപോകുന്നത് കാഠിന്യമേറിയ സമയത്തില്‍ കൂടിയാണ്. ഇന്ന് ചെങ്കോട്ടക്ക് മുമ്പില്‍ കുട്ടികളെ കാണാന്‍ സാധിക്കുന്നില്ല. കൊവിഡ് എല്ലാം തടഞ്ഞിരിക്കുകയാണ്.
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍ക്കേണ്ട ദിനമാണിന്ന്. നമ്മുടെ സുരക്ഷിതത്വത്തിന് വേണ്ടി നിലകൊള്ളുന്ന സൈന്യത്തിനും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും കൃതജ്ഞത അറിയിക്കേണ്ട ദിനവും.

കൊവിഡ് കാലത്ത് ഇന്ത്യക്കാര്‍ സ്വാശ്രയത്വത്തിനുള്ള ദൃഢ നിശ്ചയം സ്വീകരിച്ചു. ആത്മ നിര്‍ഭര്‍ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നത്. ഈ സ്വപ്നം ഇന്നൊരു പ്രതിജ്ഞയായി മാറുകയാണ്. 130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിര്‍ഭര്‍ ഭാരതമെന്നും മോദി പറഞ്ഞു.

കൊവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയില്‍ ആഘോഷ ചടങ്ങ് നടക്കുന്നത്. രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് ആദരാഞ്ചലി അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് അദ്ദേഹത്തെ സ്വീകരിച്ചു. ചെങ്കോട്ടയുടെ ലാഹോറി ഗേറ്റില്‍ ആറടി അകലം പാലിച്ചാണ് സീറ്റുകള്‍ ക്രമീകരിച്ചത്. നൂറില്‍ താഴെ പേര്‍ മാത്രമേ പ്രധാന വേദിയിലുണ്ടിയിരുന്നുള്ളു.