Connect with us

Editorial

വേണം ഇന്ത്യയിലും ‘ഓപറേഷന്‍ എംപ്റ്റി പ്ലേറ്റ്’

Published

|

Last Updated

ശ്ലാഘനീയ നടപടിയാണ് ചൈനയുടെ “ഓപറേഷന്‍ എംപ്റ്റി പ്ലേറ്റ്” പദ്ധതി. ഭക്ഷണങ്ങള്‍ പാഴാക്കുന്നത് തടയുകയാണ് ലക്ഷ്യം. രാജ്യത്ത് അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അനുഭവപ്പെട്ട ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റമാണ് ഇത്തരമൊരു നടപടിക്ക് ചൈനീസ് ഭരണവൃത്തങ്ങള്‍ക്ക് പ്രേരകമായത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗാണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പാര്‍ലിമെന്റില്‍ പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണാവശിഷ്ടങ്ങളുടെ അളവ് വളരെ കൂടുതലാണെന്ന് ഓര്‍മപ്പെടുത്തിയ അദ്ദേഹം ഭക്ഷ്യ സുരക്ഷയെക്കുറിച്ച് രാജ്യത്തെ ഓരോ പൗരനും ചിന്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ തങ്ങളുടെ സംഘത്തിലുള്ള ആളുകളുടെ എണ്ണത്തേക്കാള്‍ ഒരു പ്ലേറ്റ് ഭക്ഷണം കുറവേ ഓര്‍ഡര്‍ ചെയ്യാവൂവെന്നാണ് ഓപറേഷന്‍ എംപ്റ്റി പ്ലേറ്റ് പദ്ധതിയിലെ ഒരു വ്യവസ്ഥ. ഓരോ നഗരങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങള്‍ ഹോട്ടലുകളില്‍ ബാക്കിയാകുന്ന ഭക്ഷണം കണ്ടെത്തി പാക്ക് ചെയ്ത് ആവശ്യക്കാരുടെ വീടുകളിലേക്ക് നല്‍കണമെന്നും നിയമത്തില്‍ പറയുന്നു. പദ്ധതിയുടെ ഭാഗമായി ഭക്ഷണം പാഴാക്കുന്നതിനെതിരെ ശക്തമായ ബോധവത്കരണവും നടത്തും. ചൈനീസ് അക്കാദമി ഓഫ് സയന്‍സ് 2015ല്‍ നടത്തിയ ഒരു പഠനത്തില്‍, രാജ്യത്തെ വലിയ നഗരങ്ങളില്‍ പ്രതിവര്‍ഷം 18 ദശലക്ഷം ടണ്‍ വരെ ഭക്ഷണം പാഴാക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രതിവര്‍ഷം 30 മുതല്‍ 50 ദശലക്ഷം വരെ ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ പര്യാപ്തമാണ് ഈ അളവ്.

എല്ലാ രാജ്യങ്ങളിലുമുണ്ട് ഭക്ഷ്യ ധൂര്‍ത്തും ഭക്ഷണങ്ങള്‍ പാഴാക്കുന്ന പ്രവണതയും. വിവാഹ ചടങ്ങുകളിലും ഇതര ആഘോഷങ്ങളിലും മറ്റും ഭക്ഷണം ആവശ്യത്തിലധികം പാകം ചെയ്യുകയും അതിന്റെ നല്ലൊരു ഭാഗം ഉപേക്ഷിക്കുകയും ചെയ്യുകയെന്നതാണ് ഇന്നത്തെ പൊതുവായ രീതി. 130 കോടി ടണ്‍ വരും പ്രതിവര്‍ഷം ലോകജനത പാഴാക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ അളവ്. ലോകത്ത് ഏഴ് പേരില്‍ ഒരാള്‍ വീതം അത്താഴപ്പട്ടിണിക്കാരാണ്. വിശപ്പ് മൂലം മരിക്കുന്ന അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആഗോള പ്രതിദിന കണക്ക് 20,000 വരും.

അഞ്ച് വര്‍ഷം മുമ്പുള്ള കണക്കനുസരിച്ച് ഇന്ത്യയില്‍ പ്രതിദിനം ഒരു ലക്ഷം വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. വന്‍തോതിലാണ് ഈ ചടങ്ങുകളില്‍ ഭക്ഷ്യ വസ്തുക്കള്‍ പാഴാക്കുന്നത്. മുന്‍കാലങ്ങളില്‍ ആയിരം ആള്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചടങ്ങിന് അത്രയും പേര്‍ക്കാവശ്യമായ ഭക്ഷണമാണ് തയ്യാറാക്കിയിരുന്നത്. ഇന്ന് പക്ഷേ, അവസാനത്തില്‍ തികയാതെ വന്നെങ്കിലോ എന്ന ആശങ്കയില്‍ പ്രതീക്ഷിക്കുന്ന എണ്ണത്തേക്കാള്‍ നൂറ് പേരുടെയെങ്കിലും ഭക്ഷണം അധികം തയ്യാറാക്കും. എന്നാല്‍ പ്രതീക്ഷിച്ച എണ്ണം പോലും എത്താറുമില്ല.
വേഗമാര്‍ജിക്കുന്ന നഗരവത്കരണം, ജീവിത രീതിയിലെ മാറ്റം, അണുകുടുംബങ്ങളുടെയും ജോലിയെടുക്കുന്ന സ്ത്രീകളുടെയും എണ്ണത്തിലുള്ള വര്‍ധന, ആഘോഷങ്ങളിലും കുടുംബ ചടങ്ങുകളിലും ഭക്ഷണത്തിന് നല്‍കുന്ന അമിത പ്രാധാന്യം, ഉപഭോക്താവ് സ്വയം ഷോപ്പിംഗ് ബാസ്‌കറ്റ് നിറക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വ്യാപനം, വ്യക്തികളുടെ വരുമാനത്തില്‍ വന്ന വര്‍ധന, പൊങ്ങച്ച മനോഭാവം തുടങ്ങിയവയാണ് ഭക്ഷണ ധൂര്‍ത്തിന് പിന്നിലെ കാരണങ്ങള്‍. കാര്‍ഷിക മേഖലയിലെ തകര്‍ച്ച, കൃഷിയോഗ്യമായ ഇടങ്ങള്‍ മണ്ണിട്ടുനികത്തല്‍, മഹാമാരി സാമ്പത്തിക മേഖലക്ക് സൃഷ്ടിച്ച ആഘാതം തുടങ്ങിയ കാരണങ്ങളാല്‍ ഭക്ഷ്യമേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കെ, ഉള്ള ഭക്ഷണം പാഴാക്കുക കൂടി ചെയ്താല്‍ സമീപ ഭാവിയില്‍ നേരിടേണ്ടി വരിക കടുത്ത പട്ടിണിയും വറുതിയുടെ നാളുകളുമായിരിക്കും. ഇന്നലെകളില്‍ വാരിക്കോരി ദുര്‍വ്യയം ചെയ്ത പണം ഇന്നുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്ന ഒരു നാളെ നമ്മുടെ ജീവിതത്തിലുണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യയില്‍ കടുത്ത ഭക്ഷ്യ ക്ഷാമമുണ്ടായപ്പോള്‍ ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കിയ ഒരു നിയമത്തെക്കുറിച്ച് ഭക്ഷ്യ ധൂര്‍ത്തിന്റെ കാലത്തെ തലമുറ ഓര്‍ത്തിരിക്കുന്നത് നന്ന്. ഒരു വിവാഹത്തിന് പരമാവധി 25 പേര്‍ക്ക് മാത്രമേ സദ്യ കൊടുക്കാവൂ എന്നായിരുന്നു ബ്രിട്ടീഷ് നിയമം. കൂടുതല്‍ പേര്‍ക്ക് സദ്യ നല്‍കുന്നവരുടെ പേരില്‍ കേസെടുത്ത് ജയിലില്‍ അടക്കും. അഥവാ ആര്‍ക്കെങ്കിലും കൂടുതലാളുകള്‍ക്ക് സദ്യ നല്‍കണമെന്നുണ്ടെങ്കില്‍ ക്ഷണിതാക്കള്‍ അവരുടെ റേഷന്‍ മുന്‍കൂട്ടി കൊണ്ടുവന്ന് കല്യാണ വീട്ടുകാരെ ഏല്‍പ്പിക്കുകയും എല്ലാവരും ചേര്‍ന്ന് പാചകം ചെയ്ത് കഴിക്കുകയും ചെയ്യണമെന്നായിരുന്നു നിയമം. നിയമത്തിന്റെ ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ അന്ന് വിവാഹക്ഷണക്കത്തുകളില്‍ “നിങ്ങളുടെ റേഷന്‍ മുന്‍കൂട്ടി അയച്ചു തരാന്‍ അപേക്ഷ” എന്ന് ചേര്‍ക്കുമായിരുന്നുവത്രെ.
ഭക്ഷ്യ ധൂര്‍ത്ത് ഒഴിവാക്കാനും പാവങ്ങളുടെ പട്ടിണി അകറ്റാനും ഇന്ത്യയിലും ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു കഴിഞ്ഞ വര്‍ഷാരംഭത്തില്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി (എഫ് എസ് എസ് എ ഐ). മിച്ചം വരാന്‍ സാധ്യതയുള്ള ഭക്ഷണം വലിച്ചെറിയാതെ ആവശ്യക്കാര്‍ക്ക് സൗജന്യമായി കൈമാറുന്ന “ആനന്ദം പങ്കുവെക്കാം” എന്ന ബാനറിലുള്ള പദ്ധതിക്ക് ഈ വര്‍ഷാദ്യത്തില്‍ രാജ്യ തലസ്ഥാനത്ത് തുടക്കമിടാനായിരുന്നു പരിപാടി. ഭക്ഷണം ഉത്പാദിപ്പിക്കുന്നവരെയും വിതരണം നടത്തുന്നവരെയും ജീവകാരുണ്യ സംഘടനകളെയും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതനുസരിച്ച് റസ്റ്റോറന്റുകള്‍ മാസം 100 പൊതി ഭക്ഷണം സൗജന്യമായി നല്‍കണം. വീടുകളിലെയും ചടങ്ങുകളിലെയും മിച്ചം വരുന്ന ഭക്ഷണത്തെപ്പറ്റി ഓണ്‍ലൈനില്‍ വിവരം നല്‍കിയാല്‍ വീട്ടില്‍ വന്ന് സംഭരിക്കും. വിശന്നിരിക്കുന്നവരുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളേതെന്ന വിവരം ഇന്ത്യ ഫുഡ് ഷെയറിംഗ് അലയന്‍സ് എന്ന സൈറ്റില്‍ നിന്ന് ലഭ്യമാകുമെന്നും എഫ് എസ് എസ് എ ഐ അറിയിച്ചിരുന്നു. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നായിരിക്കാം ഈ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പിന്നീട് വിവരങ്ങളൊന്നുമില്ല. ഏതായാലും ഇത്തരമൊരു പദ്ധതി രാജ്യത്ത് അനിവാര്യമാണ്.

Latest