Gulf
സാമൂഹ്യ നിര്‍മിതിയില്‍ മാധ്യമങ്ങളുടെ പങ്ക് നിസ്തുലം: കോണ്‍സുല്‍ ജനറല്‍

ദുബൈ | സമൂഹത്തെ ശരിയായ ദിശയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും സാമൂഹ്യ പുരോഗതി ഉണ്ടാക്കുന്നതിനും മാധ്യമങ്ങളുടെ പങ്ക് വലുതാണെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോക്ടര്‍ അമന്‍ പുരി. സിറാജ് ഗള്‍ഫ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങളില്‍ സിറാജ് ദിനപത്രം നല്‍കുന്ന പിന്തുണയെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഐസിഎഫ്, യുഎഇ പബ്ലിക്കേഷന്‍ പ്രസിഡണ്ട് കരീം തളങ്കര, ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസ്സ്, ഇന്‍ഫര്‍മേഷന്‍, കള്‍ച്ചര്‍ കോണ്‍സുല്‍ നീരജ് അഗര്‍വാള്‍ സന്നിഹിതനായിരുന്നു.
യു എ ഇയിലെ വലിയ സമൂഹം എന്ന നിലയില്‍ ഇന്ത്യന്‍ പൗരന്മാരുടെ വിഷയങ്ങളില്‍ ഇടപെടാന്‍ മിഷനുകള്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ നടപ്പിലാക്കി ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ കോണ്‍സുലേറ്റിനു ജാഗ്രതയോടെ പ്രവര്‍ത്തിച്ചുവന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-യുഎഇ ബന്ധം ചരിത്രപരമായ മുഹൂര്‍ത്തത്തിലാണ് ഉള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം നാള്‍ക്കു നാള്‍ വര്‍ധിച്ചു വരികയാണ്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ട പൗരന്മാരെ നാട്ടില്‍ എത്തിക്കുന്നതിനും യുഎഇയിലേക്ക് തിരികെ വരേണ്ട താമസക്കാര്‍ക്ക് യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിനും ഇരുരാജ്യങ്ങളും വളരെ സഹകരണത്തോടെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ യാത്ര സുഗകരമായി തീര്‍ന്നിരിക്കുന്നു.
യു എ ഇയിലെ ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് തന്റെ നേതൃത്വത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നിയ പ്രവര്‍ത്തനം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് സന്നദ്ധ സംഘടനകളെയും പ്രസ്ഥാനങ്ങളുടേയും സഹകരണവും പിന്തുണയും ഉണ്ടാകണം. ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സേവനം ചെയ്യുന്നതിനൊപ്പം വിവിധ അസോസിയേഷനുകളും സന്നദ്ധ സംഘടനകളും മാനവ സാഹോദര്യം എന്ന മൂല്യത്തില്‍ നിന്നുകൊണ്ട് എല്ലാവരിലേക്കും കഴിയാവുന്ന സഹായം എത്തിക്കാന്‍ ശ്രമിക്കുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാലഘട്ടത്തിലും അല്ലാത്തപ്പോഴും ഐ സി എഫ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍, ഇന്ത്യന്‍ പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍, ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഇന്ത്യയിലും വിശേഷിച്ച് കേരളത്തില്‍ നടന്നുവരുന്ന വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, തുടങ്ങി വിവിധ വിഷയങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഡോ. അമന്‍ പുരി ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ആയി ചുമതലയേറ്റത്.
ദുബൈയിലെ ഔദ്യോഗിക ജീവിതത്തില്‍ ഇന്ത്യന്‍ സമൂഹത്തിന് ക്രിയാത്മകമായ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് പ്രതിനിധി സംഘം ആശംസിച്ചു.