യു എ ഇ-യു എസ്-ഇസ്റാഈല്‍ സംയുക്ത ചര്‍ച്ച: ഫലസ്തീന്‍ കൈയേറ്റം ഇസ്റാഈല്‍ നിര്‍ത്തിവെക്കും

Posted on: August 13, 2020 10:22 pm | Last updated: August 14, 2020 at 7:52 am

ദുബൈ | യു എ ഇയുമായുള്ള നയതന്ത്രബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി ഫലസ്തീന്റെ ഭാഗങ്ങള്‍ പിടിച്ചെടുക്കുന്നത് നിര്‍ത്തിവെക്കുമെന്ന് ഇസ്രാഈല്‍ വ്യക്തമാക്കി. അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടത്തിയ സംയുക്ത സംഭാഷണത്തിന്റെ ഭാഗമായാണ് നടപടി.

”ഇന്ന് വലിയ മുന്നേറ്റമാണ്, ഞങ്ങളുടെ രണ്ട് സുഹൃത്തുക്കളായ യുണൈറ്റഡ് അറബ് എമിറേറ്റ്സും ഇസ്റാഈലും തമ്മില്‍ ചരിത്രപരമായ സമാധാന കരാര്‍ ഉണ്ടാക്കിയിരിക്കുന്നു” യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. മധ്യപൗരസ്ത്യ മേഖലയുടെ സമാധാനത്തിനുള്ള സുപ്രധാന കരാറാണിതെന്നും ട്രംപ് വ്യക്തമാക്കി. ഇസ്റാഈല്‍-ഫലസ്തീന്‍ പോരാട്ടത്തിന് നീതിപൂര്‍വവും സഹിഷ്ണുതാപരവുമായ പരിഹാരം കണ്ടെത്താന്‍ മൂന്ന് രാജ്യങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കും.

സമാധാന കാഴ്ചപ്പാടില്‍ പറഞ്ഞതുപോലെ സമാധാനത്തോടെ വരുന്ന എല്ലാ മുസ്ലിംകള്‍ക്കും മസ്ജിദുല്‍ അഖ്സ സന്ദര്‍ശിക്കാനും പ്രാര്‍ഥന നടത്താനും സാധിക്കുന്നതോടൊപ്പം ജറുസലേമിലെ മറ്റു പുണ്യസ്ഥലങ്ങളില്‍ എല്ലാ മതത്തില്‍ പെട്ടവര്‍ക്കും സമാധാനത്തോടെ ആരാധന നടത്താന്‍ അവസരമൊരുക്കുകയും വേണമെന്നും ചര്‍ച്ചയില്‍ വിഷയീഭവിച്ചു.

മൂന്നു നേതാക്കളും തമ്മിലുള്ള ചരിത്രപരമായ ഈ നയതന്ത്രനീക്കം മധ്യപൗരസ്ത്യ മേഖലയില്‍ സമാധാനം കൈവരിക്കാന്‍ ഇടയാക്കും.
പുതിയ നീക്കം ഫലസ്തീനിനു മേല്‍ ഇസ്റാഈല്‍ പരമാധികാരം പ്രഖ്യാപിക്കുന്നത് നിര്‍ത്തിവെക്കുന്നതോടൊപ്പം അറബ്-മുസ്ലിം രാജ്യങ്ങളുമായി ഇസ്റാഈലും യു എ സും മികച്ച ബന്ധം സ്ഥാപിക്കുന്നതിലേക്ക് നയിച്ചേക്കും.

ഇസ്റാഈലുമായി സാധാരണ ബന്ധം സ്ഥാപിക്കാനുള്ള യു എ ഇയുടെ ധീരമായ തീരുമാനം, ഇസ്റാഈലും ഫലസ്തീനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നുകൂടി മുന്നില്‍ കണ്ടാണെന്ന് യു എ ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് വ്യക്താമാക്കി. പ്രദേശത്തിന്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് സൗഹാര്‍ദപരരമമയി പ്രവര്‍ത്തിക്കാന്‍ യു എ ഇ തയ്യാറാണെന്നും ഡോ. ഗര്‍ഗാഷ് വ്യക്തമാക്കി.

യു എ ഇയും ഇസ്റാഈലും തമ്മില്‍ കൂടുതല്‍ കരാറുകള്‍ ഒപ്പുവെക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ വരും ആഴ്ചകളില്‍ കൂടിക്കാഴ്ച നടത്തും. നിക്ഷേപം, വിനോദസഞ്ചാരം, നേരിട്ടുള്ള വ്യോമ ഗതാഗതം, സുരക്ഷ, ടെലി കമ്മ്യൂണിക്കേഷന്‍, സാങ്കേതികവിദ്യ, ഊര്‍ജം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ പരസ്പര ധാരാണപത്രം ഒപ്പുവെക്കും. യു എ ഇ-ഇസ്റാഈല്‍ ബന്ധം സുഗമമാക്കുന്നതിന്റെ ഭാഗമായി റോഡ്മാപ്പ് തയ്യാറാക്കുന്നത് സംബന്ധിച്ചും ശൈഖ് മുഹമ്മദും നെതന്യാഹുവും ചര്‍ച്ച ചെയ്തു.

ALSO READ  ഇസ്‌റാഈലുമായി നയതന്ത്ര ബന്ധത്തിന് യുഎഇ; ധാരണ ട്രംപിൻെറ മധ്യസ്ഥതയിൽ