Connect with us

Kerala

മബ്ഹറയില്‍ ഊദിന്‍ പരിമളമില്ല; സുഗന്ധ വ്യാപാരികള്‍ ദുരിതത്തില്‍

Published

|

Last Updated

കോഴിക്കോട് | മബ്ഹറയില്‍ നിറച്ച മരക്കരികളില്‍ സ്വയമെരിഞ്ഞമര്‍ന്നാണ് ഊദ് അതിന്റെ മനം മയക്കുന്ന പരിമളം പരത്തുന്നത്. എന്നാല്‍ കുറച്ചു മാസങ്ങളായി മബ്ഹറയില്‍ (ബര്‍ണര്‍) കിടന്ന് നീറിപ്പുകയുന്നത് ഊദിന്‍ കഷണങ്ങള്‍ മാത്രമല്ല. ഊദും അത്തറും വിറ്റിരുന്ന നിരവധി സുഗന്ധ വ്യാപാരികളുടെ നെഞ്ചകം കൂടിയാണ്.

ഇന്ത്യയിലെ പ്രധാനപ്പെട്ട അത്തര്‍ വിപണിയാണ് കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി റോഡിലെ മര്‍കസ് കോംപ്ലക്സിലേത്. ഇവിടം മാത്രമായി ഇരുപതിലധികം കടകളുണ്ട്. തിരക്കിട്ട കച്ചവടം നടത്തിയിരുന്ന അത്തറുകടകളില്‍ പലതും ഇന്ന് പൂട്ടി കിടക്കുകയാണ്. കഴിഞ്ഞ അഞ്ച് മാസമായി പേരിന് പോലും കച്ചവടമില്ലെന്ന് മര്‍കസ് കോംപ്ലക്സില്‍ റോയല്‍ ഊദ് കട നടത്തുന്ന സാക്സണ്‍ അത്തര്‍വാല പറയുന്നു. ഇദ്ദേഹം ഇരുപത് വര്‍ഷമായി ഇവിടെ കച്ചവടം നടത്തുന്നുണ്ട്.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഊദും അത്തറും പ്രധാനമായും എത്തിയിരുന്നത്. ലോക്ക്ഡൗണ്‍ വന്നതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാഹനങ്ങള്‍ എത്തുന്നില്ല. മൂന്ന് മാസം കൂടുമ്പോഴാണ് സാധനങ്ങള്‍ എടുത്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ഡിസംബറിന് ശേഷം സാധനങ്ങള്‍ ലഭിച്ചിട്ടില്ല. ഇത്രയും വലിയ പ്രതിസന്ധി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സാക്സണ്‍ പറയുന്നു. ലോക്ക്ഡൗണിന് മുമ്പ് തന്നെ മര്‍കസ് കോംപ്ലക്സിലെ ഊദ് കടകളെല്ലാം അടച്ചിരുന്നു. ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതിനെ തുടര്‍ന്ന് ജൂണില്‍ കടകള്‍ തുറന്നുവെങ്കിലും കച്ചവടമില്ലാത്തതിനാല്‍ പലകടകളും ഒന്നിടവിട്ട ദിവസങ്ങളിലാണ് തുറക്കുന്നത്. അതിനാല്‍ കടകളിലെ തൊഴിലാളികളും മറ്റ് ജോലികള്‍ അന്വേഷിച്ച് പോയി. പല കടകളിലും ഉടമകള്‍ മാത്രമായി.

കോഴിക്കോട് നഗരത്തില്‍ മാത്രം മുപ്പതോളം അത്തര്‍ കടകളാണ് പ്രവര്‍ത്തിക്കുന്നത്. അറബികളാണ് ഏറ്റവും കൂടുതലായി ഊദും അത്തറും വാങ്ങാനായി ഇവിടെയെത്തുന്നത്. അറേബ്യന്‍ വീടുകളിലും സദസ്സുകളിലും ഊദ് പ്രധാനപ്പെട്ടതാണ്. ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യ, മലേഷ്യ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലും ഊദ് ഉല്‍പാദനമുണ്ടെങ്കിലും അറബികള്‍ക്ക് പ്രിയം ഇന്ത്യന്‍ ഊദിനോടാണ്. വിദേശികളുടെ കച്ചവടം ഏറ്റവും കൂടുതല്‍ ലഭിച്ചിരുന്നത് ജൂണ്‍, ജൂലെ, ഓഗസ്റ്റ് മാസങ്ങളിലാണ്. എന്നാല്‍ കൊവിഡ് വന്നതോടെ അതെല്ലാം നിലച്ചു. കൂടാതെ ചെറിയപെരുന്നാളും ബലിപെരുന്നാളുമെല്ലാം
കൊവിഡില്‍ മുങ്ങിയതോടെ ആ പ്രതീക്ഷയും വ്യാപാരികള്‍ക്ക് ഇല്ലാതായി.

കോഴിക്കോട്

Latest