Connect with us

Kerala

ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് മീന്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 140 കിലോ

Published

|

Last Updated

ചാലക്കുടി | തൃശൂര്‍ ചാലക്കുടിയില്‍ മീന്‍ കയറ്റിയ ലോറിയില്‍ നിന്ന് പോലീസ് പിടികൂടിയത് 140 കിലോ കഞ്ചാവ്. സംസ്ഥാനത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളില്‍ ഒന്നാണിത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കൊല്ലം ശക്തികുളങ്ങര കൊന്നയില്‍ തെക്കേതില്‍ അരുണ്‍കുമാറി (33)നെ അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്തു നിന്നു വന്ന ശീതീകരണ സംവിധാനമുള്ള ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ചാലക്കുടി മുനിസിപ്പല്‍ ജംഗ്ഷനില്‍ തമ്പടിച്ച പോലീസ് തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറി തടഞ്ഞുവക്കുകയായിരുന്നു. പച്ചമീന്‍ നിറച്ച പെട്ടികള്‍ക്കിടയില്‍ വലിയ പ്ലാസ്റ്റിക് ചാക്കുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തമിഴ്‌നാട്ടിലെ മധുര വഴിയാണ് ലോറി കേരളത്തിലേക്ക് കടന്നത്. ചെക്ക്‌ പോസ്റ്റുകളിലെ പരിശോധന ഒഴിവാക്കാന്‍ വളഞ്ഞ വഴിയിലൂടെ വരികയായിരുന്നു. ലോറിയില്‍ ഫ്രീസറിനടുത്ത് ജലാംശമുണ്ടാകാത്ത തരത്തില്‍ പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കൊവിഡ് സാഹചര്യം മുതലെടുത്ത് മയക്കുമരുന്നു ലോബികള്‍ സംസ്ഥാനത്തേക്ക് പഴം, പച്ചക്കറി, മീന്‍ വണ്ടികള്‍ വഴി വന്‍തോതില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് റൂറല്‍ എസ് പി. ആര്‍ വിശ്വനാഥ് ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് എന്ന പേരില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിക്കുകയായിരുന്നു. ഇരുപത്തഞ്ചോളം പോലീസുകാരാണ് സംഘത്തിലുള്ളത്. ഇവര്‍ അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് ഓപ്പറേഷന്‍ നടത്തിയത്.

ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. ഷാജി ജോസ്, ചാലക്കുടി ഡി വൈ എസ് പി. സി ആര്‍ സന്തോഷ്, ചാലക്കുടി എസ് എച്ച് ഒ. കെ എസ് സന്ദീപ്, ക്രൈം ബ്രാഞ്ച് എസ് ഐ. എം പി മുഹമ്മദ് റാഫി, എസ് ഐ. എം എസ് ഷാജന്‍ എന്നിവരുള്‍പ്പെടെ 15 അംഗ സംഘമാണ് കഞ്ചാവു വേട്ടക്ക് നേതൃത്വം നല്‍കിയത്. എ എസ് ഐമാരായ ജയകൃഷ്ണന്‍, സി എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, മുഹമ്മദ് അഷറഫ്, എം കെ ഗോപി, ടി ആര്‍ ഷൈന്‍, ലോകനാഥന്‍, സി പി ഒമാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, കെ എസ് ഉമേഷ്, മിഥുന്‍ കൃഷ്ണ, ഇ എസ് ജീവന്‍, സി പി ഒമാരായ ഷറഫുദ്ദീന്‍, എം വി മാനുവല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ മാസം ജില്ലയിലെ തന്നെ കൊടുങ്ങല്ലൂരില്‍ നിന്ന് 80 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

Latest