മുച്ചൂടും മുടിയുന്നതിനു മുമ്പ്

Posted on: August 13, 2020 1:34 pm | Last updated: August 13, 2020 at 1:34 pm

കൊവിഡ് മഹാമാരി മൂലം സ്വതന്ത്ര സഞ്ചാരം പോലും തടയപ്പെട്ട്, തടവറയിലെന്നോണം കഴിയുന്ന കേരള ജനതക്ക് മേല്‍ പേമാരിയും പ്രളയവും ഉരുള്‍പൊട്ടലും തുടങ്ങി കെടുതികള്‍ വന്നുപതിക്കുകയാണ്. കാലവര്‍ഷക്കാലം കെടുതിക്കാലമാകുന്നത് നമുക്കൊരു വാര്‍ഷിക ദുരന്തമായി പരിണമിച്ചിരിക്കുന്നു. ബംഗ്ലാദേശിന് കൊടുങ്കാറ്റ് എന്ന പോലെ, ജപ്പാനിലെ ചില പ്രദേശങ്ങള്‍ക്ക് അഗ്നിപര്‍വത സ്‌ഫോടനം എന്ന പോലെ ദുരന്തങ്ങള്‍ നിശ്ചിത ഇടവേളകളില്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഒരു ജനതയായി നാം മാറുകയാണോ?

ഈ കെടുതികളെ പൊതുവെ പ്രകൃതിദുരന്തം എന്ന് വിളിക്കുന്നത് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് പ്രകൃതിദുരന്തമാണോ? വര്‍ഷങ്ങളായി സ്വാഭാവികമായി ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി പ്രകൃതി എന്തെങ്കിലും ചെയ്യുന്നുണ്ടോ? മഴ, കാറ്റ്, ഇടി, മിന്നല്‍ ഇവ നൂറ്റാണ്ടുകളായി ഇവിടെ സംഭവിക്കുന്നതല്ലേ? അത് വേണ്ടെന്നാണോ? പിന്നെ ജീവനുണ്ടോ? കാലവര്‍ഷവും തുലാവര്‍ഷവും യഥാര്‍ഥത്തില്‍ നമുക്ക് കിട്ടിയ അനുഗ്രഹങ്ങളാണ്. കാലാവസ്ഥയില്‍ താളപ്പിഴകള്‍ വന്നുഭവിച്ചെങ്കില്‍ അതിന് ഉത്തരവാദി പ്രകൃതിയല്ല. ദീര്‍ഘ നേരം മഴ പെയ്താല്‍ പ്രളയം വരുന്ന രീതിയില്‍ നമ്മുടെ നാടിനെ ആരാണ് മാറ്റിത്തീര്‍ത്തത്? കനത്ത മഴ പെയ്താല്‍ താഴേക്ക് ഊര്‍ന്നിറങ്ങുന്ന രീതിയില്‍ നമ്മുടെ കുന്നുകളെ പരുവപ്പെടുത്തിയത് ആരാണ്?
ഇന്ത്യയുടെ തെക്കേ അറ്റത്ത് ഒരു ചേലത്തലപ്പ് പോലെ നീളത്തില്‍ കടലിലേക്ക് 70 ഡിഗ്രിയോളം ചെരിഞ്ഞ് സ്ഥിതിചെയ്യുന്ന ഒരു ഭൂപ്രദേശമാണ് കേരളം. കേരള ഭൂമിയുടെ ശരാശരി വീതി 35 കിലോമീറ്റര്‍ മാത്രമാണ്. ഇന്ത്യയുടെ ഒരു ശതമാനത്തോളം മാത്രം വിസ്തൃതി ഉള്‍ക്കൊള്ളുന്ന ഈ തുണ്ട് ഭൂമിയില്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ മൂന്ന് ശതമാനത്തോളം അധിവസിക്കുന്നു. ഈ ചെറിയ ഭൂപ്രദേശത്ത് നാം പണിതുയര്‍ത്തിയ വന്‍കിട അണക്കെട്ടുകള്‍ എണ്‍പതും ചെറുകിട അണക്കെട്ടുകള്‍ ഇരുനൂറോളവുമാണ്. നമ്മുടെ കുന്നുകളെ തുരന്നെടുക്കുന്ന ക്വാറികളുടെ എണ്ണം 8,500ഓളം. പോരെ! ഇത്ര പരിസ്ഥിതി ലോലമായ ഒരു ഭൂപ്രദേശത്ത്, ജനസാന്ദ്രത ഇത്രയേറെയുള്ള ഒരു ചെറു ഭൂമിയില്‍ ഇത്രയൊക്കെ ചെയ്തുകൂട്ടിയ മറ്റൊരു സ്ഥലം ലോകത്ത് തന്നെ വിരളമായിരിക്കും.

ഭൂലോകത്ത് എവിടെയുമെത്തി എന്ന് വീമ്പിളക്കുന്ന, അവിടങ്ങളിലെ സ്വപ്‌ന സദൃശ്യമായ സാക്ഷാത്കാരങ്ങള്‍ക്ക് സാക്ഷിയായി എന്ന് അഭിമാനിക്കുന്ന മലയാളിയുടെ പൊതുബോധം എത്രമാത്രം വിഡ്ഢിത്തം നിറഞ്ഞതാണെന്ന് ഈ അവസ്ഥ ബോധ്യപ്പെടുത്തും. ഇതിനെതിരെ പ്രതികരിക്കുന്നവര്‍ പരിഷ്‌കൃത മലയാളിയുടെ ഉള്ളില്‍ വികസന വിരോധിയും മൂരാച്ചിയും പിന്തിരിപ്പനുമാണ്.
വലിയ ജല സംഭരണികളായ അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന ഭൂകമ്പ സാധ്യതകളെപ്പറ്റി മതിയായ പഠനങ്ങള്‍ നാം നടത്തിയിട്ടുണ്ടോ? ഈ സംഭരണികളിലെ ജലത്തിന്റെ സമ്മര്‍ദം തീര്‍ക്കുന്ന കമ്പനങ്ങളാല്‍ ഉരുവപ്പെടുന്ന ചെറു ഭൂചലനങ്ങളാണ് ഉരുള്‍പൊട്ടലിനും മറ്റും ആക്കം കൂട്ടുന്നത്. ഈ വാദത്തിന് മറുവാദം ചമയ്ക്കാന്‍ ഔദ്യോഗികമായ ഏത് പഠന ശ്രേണിയാണ് നമുക്ക് സഹായകമാകുക? ക്വാറികളുടെ സ്ഥാനവും ഖനന തോതും നിശ്ചയിക്കാനും നിയന്ത്രിക്കാനും നിയുക്തരായ നിയമപാലകര്‍ കാണിച്ച “ശുഷ്‌കാന്തി’യുടെ ഫലമാകും ഇത്രയും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഊഹിക്കാകുന്നതേയുള്ളൂ!

ALSO READ  പ്രവാസമിനിയും തുടരും, പക്ഷേ...

വീടുകള്‍ക്ക് ചുറ്റുമായി മൊത്തം 30 ലക്ഷത്തിലേറെ കിലോമീറ്റര്‍ മതിലുകള്‍ തീര്‍ത്തവരാണ് കേരളക്കാര്‍. ഒരു കോടി കുടുംബങ്ങള്‍ക്ക് ഒരു കോടി 38 ലക്ഷം വീടുകള്‍ പണിതിട്ടുണ്ട് നാം. ഇവക്കുള്ള സാമഗ്രികള്‍ എല്ലാം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളില്‍ നിന്ന് തുരന്നെടുത്തതാണ്. സില്‍വര്‍ ലൈന്‍ എന്ന പേരില്‍ അതിവേഗ റെയില്‍വേ പാതക്ക് ചുവന്ന പരവതാനി വിരിക്കുമ്പോള്‍ ഇവക്കുള്ള അനുസാരികളും പശ്ചിമഘട്ടത്തില്‍ നിന്ന് ഇളക്കിയെടുക്കും. ഇതിലൂടെ നമ്മുടെ അസ്ഥിവാരം തന്നെ കുളം തോണ്ടും. എല്ലാ ശാസ്ത്രീയ പഠനങ്ങളും എതിരായിട്ടും അതിരപ്പള്ളിക്കു വേണ്ടി രഹസ്യനീക്കം നടത്തുന്നു ചിലര്‍. എല്ലാ അണക്കെട്ടുകളുടെയും ഉയരം ഇരുപതടി കൂടെ ഉയര്‍ത്താനുള്ള ആലോചനയും ഉണ്ടത്രെ.

അണക്കെട്ടുകള്‍ പണിത് വൈദ്യുതി കൊയ്തിരുന്ന രാജ്യങ്ങളില്‍ മിക്കതും പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളിലേക്ക് മിഴിതുറന്ന് അണക്കെട്ടുകള്‍ പൊളിച്ചുമാറ്റി തുടങ്ങി. നാമും ഈ പാത പിന്തുടര്‍ന്ന് അണക്കെട്ടുകള്‍ ക്രമേണ പൊളിച്ചു മാറ്റി പുഴകളുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കണം. ജല നിര്‍ഗമന മാര്‍ഗങ്ങള്‍ മുഴുവന്‍ അടച്ചുപൂട്ടി സീല്‍ ചെയ്തതാണല്ലോ ജനവാസ കേന്ദ്രങ്ങളെ പെട്ടെന്ന് പ്രളയത്തില്‍ മുക്കുന്നത്. മൂടിക്കളഞ്ഞ ഈ ചെറു ചാലുകള്‍ ഓരോന്നോരോന്നായി പുനരുജ്ജീവിപ്പിക്കാന്‍ നാം മുന്നിട്ടിറങ്ങണം. നിര്‍മാണ പ്രവൃത്തികള്‍, പ്രത്യേകിച്ച് മലമ്പ്രദേശങ്ങളില്‍, പ്രകൃതിസൗഹൃദ രീതിയിലാക്കാന്‍ ഇനിയും താമസിക്കരുത്.

എല്ലാറ്റിനുമുപരി “ഒരു ശലഭം പൂവിന്റെ ദലങ്ങളെയും കേസരങ്ങളെയും നോവിക്കാതെ തേന്‍ നുകരുന്ന പോലെ മനുഷ്യന്‍ പ്രകൃതിയില്‍ ഇടപെട്ട് തന്റെ കാര്യങ്ങള്‍ നിറവേറ്റണം’ എന്ന ബുദ്ധവചനമോര്‍ത്ത് മനുഷ്യന്‍ ജീവിച്ചെങ്കില്‍! എങ്കില്‍ നമുക്ക് മുന്‍ കാലങ്ങളിലെ പോലെ ചെറിയ വെള്ളപ്പൊക്കങ്ങളും ചെറിയ മഴവെള്ളപ്പാച്ചിലും ഒക്കെയായി നമ്മുടെ വര്‍ഷ കാലങ്ങള്‍ ആകുലതകള്‍ക്ക് പകരം ആസ്വാദ്യത നല്‍കുന്നതായി തിരിച്ചുപിടിക്കാം. പ്രകൃതിയെ കുറ്റം പറയുകയല്ല വേണ്ടത്. പ്രകൃതിയല്ല മാറേണ്ടത്, നാമാണ്, നമ്മുടെ കാഴ്ചപ്പാടുകളാണ്. ഈ കൊച്ചു ഭൂപ്രദേശം മുച്ചൂടും മുടിയുന്നതിനു മുമ്പ്, ദൈവത്തിന്റെ സ്വന്തം നാട്ടിലെ സംസ്‌കൃത ജനതയായ നമുക്ക് അതിനായി പ്രതിജ്ഞ ചെയ്ത് പ്രവര്‍ത്തനം തുടങ്ങാം.