National
മുംബൈ സ്വപ്‌നം സാക്ഷാത്കരിക്കാൻ യുവതി കുഞ്ഞിനെ 45,000 രൂപക്ക് വിറ്റു

ഹൈദരാബാദ് | മുംബൈയിലേക്ക് പോകാനുള്ള സ്വപ്‌നം സാക്ഷാത്കരിക്കാനായി രണ്ട് മാസം പ്രായമുള്ള മകനം 45,000 രൂപക്ക് വിൽക്കാൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ഹബീബ് നഗർ പോലിസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ നവജാത ശിശുവിനെ വീണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞു.
ഭർത്താവുമായി കുറച്ചുദിവസമായി അകന്നുകഴിയുകയായിരുന്നു 22കാരിയ ശെയ്ഖ് സോയ ഖാൻ. മുബൈയിലേക്ക് പോകാൻ ആഗ്രഹിച്ച ഇവർക്ക് കുഞ്ഞ് ഒരു ബാധ്യതയായി മാറുമെന്നതിനാലാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച ഹബീബ് നഗർ പോലീസ് സ്‌റ്റേഷനിലെത്തി ഭർത്താവ് അബ്ദുൽ മുജാഹിദ് യുവതി കുഞ്ഞിനെ വിറ്റ കാര്യം അറിയിക്കുകയായിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ആൺകുട്ടിയെ വാങ്ങിയ കുടുംബത്തെയും ഇടനിലക്കാരായവരെയും യുവതിയെയും ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് ഫയൽ ചെയ്തിട്ടുണ്ട്. കുഞ്ഞിനെ പിതാവിന്റെ കുടുംബത്തിന് കൈമാറി.