Connect with us

Kerala

മത്സ്യ ബന്ധന തുറമുഖങ്ങളും ലേലഹാളുകളും നിയന്ത്രണങ്ങളോടെ തുറന്നു

Published

|

Last Updated

കൊല്ലം | ജില്ലയിലെ എല്ലാ മത്സ്യബന്ധന തുറമുഖങ്ങളും അവയോടനുബന്ധിച്ചുള്ള ലേലഹാളുകളും തുറന്നു. എല്ലാ കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളിലേയും ബീച്ചുകളിലേയും മത്സ്യ വിപണനത്തിനും കടല്‍ മത്സ്യബന്ധനത്തിനും നിലനിന്നിരുന്ന വിലക്കുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ നടത്തിപ്പിനായി കൊല്ലം ആര്‍ ഡി ഒ സി.ജി ഹരികുമാറിനെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്.

പരമ്പരാഗത മത്സ്യയാനങ്ങള്‍ ബുധനാഴ്ച ഉച്ചമുതലും യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് അര്‍ദ്ധരാത്രിക്ക് ശേഷവുമാണ് മത്സ്യബന്ധനത്തിന് പോയത്. നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങളോടെ തങ്കശ്ശേരി മേഖലയില്‍പ്പെട്ട മത്സ്യ ബന്ധന തുറമുഖങ്ങളെ ഒരു ഗ്രൂപ്പായും നീണ്ടകര/ശക്തികുളങ്ങര/അഴീക്കല്‍ തുറമുഖങ്ങളെ മറ്റൊരു ഗ്രൂപ്പായും തിരിച്ചിട്ടുണ്ട്.

പൊലീസ്, റവന്യൂ, ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന രണ്ട് സംയുക്ത ടീമുകളെ രണ്ട് മേഖലകളിലും വിന്യസിച്ചു. ഓരോ മത്സ്യബന്ധന മേഖലയിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഡിവിഷന്‍ എന്നിവര്‍ നടപ്പില്‍വരുത്തേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്കാണ് ഹാര്‍ബറുകളിലെ സുരക്ഷാ ചുമതല.

ഫിഷറീസ് വകുപ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വള്ളം/വല ഉടമകള്‍ക്ക് അതത് പ്രദേശത്തെ ലേല ഹാളുകളില്‍ ടോക്കണ്‍ അനുസരിച്ച് മത്സ്യവിപണനം നടത്താം.
ഓരോ ലേലഹാളിലും ഒരു സമയം അടുക്കേണ്ട വള്ളങ്ങളുടെ എണ്ണം ലേലഹാളിന്റെ വലിപ്പത്തിനനുസരിച്ച് രണ്ടു മുതല്‍ അഞ്ചുവരെയായി നിയന്ത്രിച്ചിട്ടുണ്ട്. (തങ്കശ്ശേരി-3, വാടി-5, മൂതാക്കര-2, ജോനകപ്പുറം-2, പോര്‍ട്ട് കൊല്ലം-5)
ഹാര്‍ബറില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് കൊല്ലം ബീച്ചിന് സമീപം ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് നല്‍കുന്ന സമയക്രമം പാലിച്ചുള്ള പാസ് അനുസരിച്ച് ലേലഹാളില്‍ നിന്ന് മത്സ്യം എടുക്കാം. തിരികെ പോകാനുള്ള ഔട്ട് പാസ് ഗേറ്റില്‍ ലഭിക്കും.

ഹാര്‍ബറുകളിലേക്കും ലേല ഹാളുകളിലേക്കും പ്രവേശിക്കുവാനും പുറത്ത് കടക്കുവാനും തങ്കശ്ശേരി മണ്ണെണ്ണ ബങ്ക്, വാടി, പോര്‍ട്ട് കൊല്ലം ലേലഹാളിന് മുന്‍വശം, മൂതാക്കര എന്നിവിടങ്ങളിലെ നാലു ഗേറ്റുകള്‍ മാത്രം ഉപയോഗിക്കാം. പ്രവേശനം ഒരു സമയം 20 പേര്‍ക്ക് മാത്രം. മത്സ്യം കൊണ്ടുവരുന്ന മത്സ്യത്തൊഴിലാളികള്‍, അനുബന്ധ തൊഴിലാളികള്‍ കച്ചവടക്കാര്‍ എന്നിവര്‍ക്കാണ് ക്യാബിനുള്ളില്‍ പ്രവേശനം.

പരമാവധി അഞ്ച് തൊഴിലാളികളുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കും അഞ്ച് തൊഴിലാളികളുള്ള ഒരു കാരിയര്‍ വള്ളത്തിനും 30 തൊഴിലാളികളുള്ള റിംഗ് സീന്‍ വള്ളത്തിനുമാണ് മത്സ്യബന്ധനത്തിന് അനുമതി. എല്ലാ യാനങ്ങളും ഒറ്റ/ഇരട്ട രജിസ്‌ട്രേഷന്‍ നമ്പര്‍ ക്രമത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് മത്സ്യവിപണനത്തിനായി ഹാര്‍ബറില്‍ അടുക്കേണ്ടത്.

മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള കൗണ്ടറുകളില്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സമിതി നിശ്ചയിക്കുന്ന വിലയ്ക്ക് മാത്രമാണ് മത്സ്യവിപണനം. ഒരു പ്രദേശത്ത് നിന്നും മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങള്‍ അതേ പ്രദേശത്തെ ഹാര്‍ബറില്‍ മാത്രമേ മത്സ്യം ഇറക്കാന്‍ പാടുള്ളൂ. ആള്‍ക്കൂട്ടം ഒഴിവാക്കി സാമൂഹ്യ അകലം ഉറപ്പ് വരുത്തിയുള്ള മത്സ്യ വിപണനം മാത്രമേ അനുവദിക്കു.

മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ തൊഴിലാളികളും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയശേഷമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കണ്ടയിന്‍മെന്റ് സോണിലുള്ള തൊഴിലാളികള്‍ മത്സ്യബന്ധനത്തിനോ വിപണനത്തിനോ പുറത്ത് പോകാനോ ഇത്തരം ആവശ്യങ്ങള്‍ക്ക് കണ്ടയ്ന്‍മെന്റ് സോണിലേക്ക് വരാനോ പാടില്ല.