Connect with us

Travelogue

ചങ്ങാടക്കൂട്ടുള്ള പച്ചത്തുരുത്ത്

Published

|

Last Updated

വയനാട്ടിൽ കബനീ നദിയും പോഷക നദികളും സൃഷ്ടിക്കുന്ന മനോഹരമായ ഒരു ദ്വീപ് സമൂഹം. കുറുവ ദ്വീപ്. 900 ഏക്കറിൽ ദ്വീപും ഉപ ദ്വീപുമായി പരന്നു കിടക്കുന്ന ജനവാസമില്ലാത്തൊരു പച്ചത്തുരുത്ത്. ആദ്യത്തെ വയനാടൻ യാത്രയിൽ കുറുവ ദ്വീപിൽ ചെലവഴിക്കാൻ അധികം സമയം കിട്ടിയിരുന്നില്ല. ആ കണക്ക് തീർക്കാനായിരുന്നു രണ്ടാമത്തെ വരവ്. പുലർച്ചെയുള്ള യാത്ര. മാനന്തവാടി കാട്ടിക്കുളം വഴി പാൽവെളിച്ചം കവാടത്തിൽ എത്താമെന്ന് കേട്ടിട്ടുണ്ട്. വഴിയെക്കുറിച്ച് അധികം നിശ്ചയം ഒന്നുമില്ലാതെയാണ് യാത്ര… ട്രാവലറിന് കഷ്ടിച്ചു കടന്നുപോകാവുന്ന ചെറിയ കാനന പാതയിലൂടെയാണ് യാത്ര. എതിരെ വാഹനങ്ങളൊന്നും കാണുന്നില്ല. പെട്ടെന്ന് ഒരാൾ കൈ കാണിച്ച് വണ്ടിയുടെ മുന്നിലേക്ക് ഓടി വന്നു. പോകരുത്, വഴിയിൽ ആനയുണ്ട്. അയാൾ വിറയലോടെ മന്ത്രിച്ചു. ആദിവാസികൾക്ക് ആനകളെ മണത്തറിയാം എന്നു കേട്ടിട്ടുണ്ട്. ഉള്ളിൽ ചെറിയൊരു ഭയം നിഴലിച്ചു. കുറച്ചു സമയത്തിനുശേഷം അയാൾ പോകാനായി പറഞ്ഞു. അയാൾ പറഞ്ഞത് സത്യമായിരുന്നു. വഴിയിൽ നിറയെ ഫ്രഷ് ആനപിണ്ഡം… ഭാഗ്യത്തിന് ആന വഴിയിൽ ഉണ്ടായിരുന്നില്ല.
കവാടത്തിൽ നിന്ന് ടിക്കറ്റെടുത്ത് ഗൈഡിനെയും കൂടെ കൂട്ടി യാത്ര തുടങ്ങി. 150ഓളം ചെറു ദ്വീപുകൾ അവിടെയുണ്ടത്രെ. പാറക്കെട്ടുകൾ നിറഞ്ഞ കുഞ്ഞ് അരുവികളിലൂടെ പാറകളിൽ ചവിട്ടി കാൽനടയായി ദ്വീപുകളിലേക്ക് പ്രവേശിക്കാം. പ്രകൃതിയെ സ്‌നേഹിക്കുന്നവർക്ക് വല്ലാത്തൊരു അനുഭവമാണ് ഇവിടം സമ്മാനിക്കുക.


ഒളിഞ്ഞിരിക്കുന്ന തുരുത്ത്

ആദ്യ യാത്രയിൽ മൂന്ന് അരുവികൾ മാത്രമേ മുറിച്ചുകടന്നിരുന്നുള്ളൂ. ആളുകൾ അധികം പോകാത്ത ദ്വീപുകളിലേക്ക് കൊണ്ടുപോകണം എന്ന് ആദ്യമേ ഗൈഡിനോട് പറഞ്ഞിരുന്നു. ദ്വീപിനക്കരെ വയനാട് വന്യജീവി സങ്കേതമാണ്. മഴക്കാലത്ത് പുഴ നീന്തിക്കടന്ന് ആന, കാട്ടുപോത്ത് മുതലായവ ദ്വീപിൽ വാസമുറപ്പിക്കുമത്രെ. കത്തുന്ന വേനലിൽ പോലും സൂര്യപ്രകാശം എത്താത്ത സ്ഥലങ്ങൾ ഇവിടെയുണ്ട്. പക്ഷികളുടെയും ദേശാടന പക്ഷികളുടെയും വിഹാരകേന്ദ്രം. അപൂർവ സസ്യ ജാലങ്ങളുടെയും ഔഷധച്ചെടികളുടെയും കലവറയാണിവിടം.

ഇത്തവണ പന്ത്രണ്ട് കുഞ്ഞരുവികൾ മുറിച്ച് കടന്ന് കാട്ടിലൂടെ കൊണ്ടുപോകാമെന്ന് ഗൈഡ് പറഞ്ഞു. ആദ്യത്തെ അരുവി മുറിച്ചുകടക്കാൻ വലിയ പ്രശ്‌നം ഉണ്ടായില്ല. ഉയർന്നുനിൽക്കുന്ന പാറകളിലൂടെയുള്ള ചാട്ടം ശരിക്കും രസകരമായിരുന്നു. അങ്ങനെ തുരുത്തിലെത്തി. അരുവിയിലേക്ക് മുഖം താഴ്ത്തി നിൽക്കുന്ന വളഞ്ഞുപുളഞ്ഞ മരങ്ങൾ. കൊച്ചു കൊച്ചു അരുവികൾ മുറിച്ചുകടന്ന് വിജനമായ ആ വന സൗന്ദര്യം ആവോളം ആസ്വദിച്ചു. പുഴയിൽ പലയിടത്തും മുട്ടിനൊപ്പം വെള്ളമുണ്ടായിരുന്നു. അതിലൂടെ ഇറങ്ങി പാറയിൽ പിടിച്ചു കയറി. ശരിക്കും രസകരമായ യാത്ര. ആരാണ് ഈ ശല്യക്കാർ എന്ന് ദേഷ്യത്തോടെ ഞങ്ങളെ നോക്കി പറക്കുന്ന കിളികൾ. സംഭവം ബഹു രസമായി യാത്ര മുന്നോട്ട് പോകുകയാണ്. അങ്ങനെ അവസാനം കടക്കേണ്ട ഇത്തിരി വലിയ അരുവിയുടെ കരയിലെത്തി. കാടുകളുടെ തണലിൽ സൂര്യപ്രകാശം അധികം ഏൽക്കാത്ത ഭാഗമാണ്.

ഓരോരുത്തരായി പുഴയിലേക്ക് ഇറങ്ങിത്തുടങ്ങി. പുഴയിലേക്ക് കാലെടുത്തു വെച്ചപ്പോൾ തന്നെ വല്ലാത്തൊരു ആനന്ദം…കുളിർമ. വെള്ളത്തിനടിയിലെ പാറകൾക്ക് വല്ലാത്ത വഴുക്കൽ. ഓരോരുത്തരായി ശ്രദ്ധിച്ച് കടന്നു തുടങ്ങി. വെള്ളത്തിലെ കൊച്ചു പാറയിൽ കാലുറപ്പിച്ച് നടക്കാൻ തുടങ്ങി. കുറച്ചപ്പുത്ത് പൊങ്ങിനിൽക്കുന്ന പാറയാണ് ലക്ഷ്യം. മുട്ടിനു മുകളിൽ വെള്ളമുണ്ട്. വെള്ളത്തിലൂടെ കുറേയേറെ നടന്നു. ആ വഴി അവസാനിച്ചത് നെൽപ്പാടങ്ങളുടെ കരയിലേക്കാണ്. ആദിവാസി ഗ്രാമത്തിന്റെ നേർക്കാഴ്ചകൾ അവിടെയുണ്ട്. പുല്ലുമേഞ്ഞ വീടുകൾ. പുല്ലുമേഞ്ഞ ഒരു വീടിനോടു ചേർന്ന് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ കടയിലിരുന്ന് വിറകടുപ്പിലുണ്ടാക്കിയ വയനാടൻ കാപ്പിയുടെ സ്വാദ് നുണഞ്ഞു. തൊട്ടത്തുള്ള ഞാവൽ മരം കുലുക്കി. താഴെ വീണ കായ്കൾ പെറുക്കി കഴിച്ച് നാവ് നീലവർണമാക്കി. മുളങ്കാടിനോട് ചേർന്ന് ഡി ടി പി സിയുടെ മുളകൊണ്ട് നിർമിച്ച ട്രീ ഹൗസ് ഉണ്ടായിരുന്നു. ടൂറിസ്റ്റുകൾ ഇല്ലാത്തതിനാൽ അതിൽ കയറാനും അവസരം ലഭിച്ചു. പ്രകൃതിയുടെ മാസ്മരികതയിൽ കാടിന്റെ സംഗീതം കേട്ട് കുറേനേരം അവിടെ വിശ്രമിച്ചു. ഒട്ടേറെ നിറമുള്ള കാഴ്ചകൾ ഇവിടെയിരുന്ന് കാണാം.

ചേലുള്ള ചങ്ങാടം

ഇനി ചങ്ങാടത്തിൽ പുഴ മുറിച്ചുകടന്ന് വേണം തിരിച്ചു പോക്ക്. നൂറിലധികം മുളകൾ ഒരേ നീളത്തിൽ ചേർത്തുവെച്ച് നിർമിക്കുന്ന ചങ്ങാടം ആദിവാസികളുടെ അത്ഭുത നിർമിതിയാണ്. വർഷങ്ങളോളം ഉപയോഗിക്കാമെന്നതും മുങ്ങിപ്പോകില്ലെന്നതും വളരെ എളുപ്പത്തിൽ നിയന്ത്രിക്കാമെന്ന സൗകര്യവും ഈ ചങ്ങാടങ്ങളുടെ പ്രത്യേകതയാണ്. പുഴക്ക് കുറുകെ കെട്ടിയ വള്ളിയിൽ പിടിച്ചാണ് ചങ്ങാടം മുന്നോട്ടു നീങ്ങുന്നത്. വളരെ രസകരമായ ഒരു യാത്ര. റിവർ റാഫ്റ്റിംഗ് എന്ന പേരിൽ ഈ ചങ്ങാടത്തിൽ ദ്വീപ് ചുറ്റിക്കാണാനുള്ള അവസരവും ഡി ടി പി സി നൽകുന്നുണ്ട്. ചങ്ങാടത്തിൽ നിന്നിറങ്ങി പിന്നെയും മുളകൊണ്ടുള്ള നിർമിതികൾ കണ്ടു. മുളകൊണ്ടുണ്ടാക്കിയ പാലങ്ങൾ, കാട്ടുവള്ളികൾ കൊണ്ട് മുളവരിഞ്ഞുണ്ടാക്കിയ ഇരിപ്പിടങ്ങൾ, മുളം കുടിലുകൾ അങ്ങനെ നീളുന്നു ഇവിടുത്തെ മുള നിർമിതികൾ. ഗെയ്ഡിനോട് യാത്ര പറഞ്ഞ് കുറുവയിൽ നിന്നും കബനിയിൽ നിന്നും തിരിച്ചുപോരുമ്പോൾ സമയം സന്ധ്യയോടടുത്തിരുന്നു.

deepagangesh@gmail.com