സിനിമയും സീരിയലും ആത്മഹത്യയും

Posted on: August 12, 2020 1:10 pm | Last updated: August 12, 2020 at 1:10 pm

കുട്ടികളിലെ ആത്മഹത്യാ പ്രവണതക്കുള്ള കാരണങ്ങൾ പലതാണ്. കുട്ടികളുടെ പക്വതയില്ലായ്മയും കാര്യങ്ങളെ ശരിയായി അവലോകനം ചെയ്യാനുള്ള കഴിവില്ലായ്മയും എടുത്തു ചാട്ടവും ചെറിയ പ്രശ്‌നങ്ങളെപ്പോലും അതിജീവിക്കാൻ കഴിയാതെ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്നു. മാത്രമല്ല, സിനിമയിലും സീരിയലിലും കാണുന്ന ആത്മഹത്യാരംഗങ്ങളും സെലിബ്രിറ്റികളുടെ ആത്മഹത്യകളും സമാന പ്രശ്‌നങ്ങൾ അനുഭവിക്കുന്ന കൗമാര പ്രായക്കാർക്ക് അനുകരണ ആത്മഹത്യകൾക്ക് വഴിയൊരുക്കുന്നു. ഇന്നത്തെ യുവതലമുറക്ക് മാനസിക പ്രതിരോധ ശക്തി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
കൂട്ടുകുടുംബ വ്യവസ്ഥിതിയിൽനിന്നും അണുകുടുംബങ്ങളിലേക്കുള്ള പരിണാമം കൗമാരക്കാരിൽ ആത്മഹത്യാ സാധ്യത വർധിപ്പിച്ചിരിക്കുന്നു. ഒന്നോ രണ്ടോ കുട്ടികൾ മാത്രമുള്ള വീടുകളിൽ കുട്ടികളുടെ ഏതൊരു ആവശ്യവും അത് എത്ര ചെറുതോ വലുതോ ചെയ്തു കൊടുക്കാൻ സാധിക്കാത്തതോ ആകട്ടെ, മാതാപിതാക്കൾ ഉടനടി ചെയ്തുകൊടുക്കാൻ തിടുക്കം കാണിക്കുന്നു. തന്റെ കുട്ടിക്കാലത്തെ ഗതി സ്വന്തം മക്കൾക്ക് വരരുതേ എന്നാണ് ഇവരുടെ ചിന്ത. ഇങ്ങനെ ഏതു കാര്യവും ഉടനടി സാധിച്ചെടുക്കുന്ന കുട്ടികൾക്ക് എപ്പോഴെങ്കിലും അവരുടെ ആവശ്യങ്ങൾ നിറവേറ്റി കിട്ടിയില്ലെങ്കിൽ അല്ലെങ്കിൽ ആശകൾക്ക് ഭംഗം വന്നാൽ ഉടനടി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു. സഹനശക്തിയും ക്ഷമാശീലവും യുവതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്.

കുട്ടികളിൽ സമീപകാലത്ത് വളരെ കൂടിക്കൊണ്ടിരിക്കുന്ന സ്മാർട്ട് ഫോൺ ഉപയോഗവും അവരെ പുതിയൊരു ലോകത്ത് എത്തിച്ചിരിക്കുന്നു. സോഷ്യൽമീഡിയകളുടെ അമിതോപയോഗവും തെറ്റായ ഉപയോഗവും പലപ്പോഴും ഇവരെ മാതാപിതാക്കളിൽനിന്നകറ്റി പുതിയ ബന്ധങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നു. അനാരോഗ്യപരമായ ഇത്തരം ബന്ധങ്ങളിൽനിന്നും ഉടലെടുക്കുന്ന അസ്വാരസ്യങ്ങൾ കൗമാരക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന മുഖ്യ ഘടകമാണ്. കൊവിഡ് കാലത്ത് കുട്ടികൾ കൂടുതലായി സ്മാർട്ട് ഫോൺ ഉപയോഗിച്ചിരിക്കുന്നതുകൂടി കൂട്ടിവായിച്ചാൽ ഈ വർഷം ഈയൊരു ചെറിയ കാലയളവിൽ ഇത്രമാത്രം കൗമാര ആത്മഹത്യകൾ സംഭവിച്ചതിന്റെ കാരണം മനസ്സിലാക്കാൻ സാധിക്കും.

കേരള സർക്കാറിന്റെ “ഒറ്റക്കല്ല ഒപ്പമുണ്ട്’ എന്ന മാനസികാരോഗ്യ പരിപാടിയിലൂടെ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ 64,000 വിദ്യാർഥികളെ പരിശോധിച്ചതിൽ വെറും ഏഴ് കുട്ടികൾക്ക് മാത്രമാണ് ആത്മഹത്യാവാസന കണ്ടുപിടിക്കപ്പെട്ടത്.

ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികപരവുമായ മാറ്റങ്ങൾ കൗമാരത്തിന്റെ മധ്യഘട്ടത്തിലെത്തിയവരിൽ ആത്മഹത്യാപ്രവണതയുണ്ടാക്കാം. ഈ ഘട്ടത്തിൽ വ്യക്തിത്വം അംഗീകരിച്ചു കിട്ടാനായി ഇവർ മാതാപിതാക്കളോടും അധ്യാപകരോടും നിയമത്തോടും ഏറ്റുമുട്ടുന്നു. ഇതിൽനിന്നും ഉത്ഭവിക്കുന്ന ദേഷ്യവും വൈരാഗ്യവും ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചേക്കാം. ലൈംഗിക വിചാരങ്ങൾ പോലും കൗമാരത്തിൽ സമ്മർദമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ ഘട്ടത്തിൽ മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകളും മറ്റും ഇവരെ മോശമായി ബാധിക്കും. സഹായിക്കാൻ ആരുമില്ലെന്ന തോന്നൽ അവരെ ഒറ്റപ്പെടലിലേക്ക് നയിക്കുന്നു. ആത്മഹത്യാ ചിന്തയും അത്തരം പെരുമാറ്റവും കുട്ടികളിൽ നിലകൊള്ളുന്നത് പലപ്പോഴും മാതാപിതാക്കൾ അറിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ സംശയാസ്പദമായ സാഹചര്യങ്ങളിൽ കുട്ടിയോട് തന്നെ അത്തരം ചിന്തയെക്കുറിച്ച് നേരിട്ട് ചോദിക്കേണ്ടേതാണ്. ചുരുക്കത്തിൽ അച്ചടക്ക പ്രതിസന്ധിയും കുട്ടികളിലെയും കൗമാരക്കാരിലെയും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ട്.

അടുത്ത ലക്കം
എങ്ങനെ പ്രതിരോധിക്കാം?

ALSO READ  സംസ്ഥാനത്ത് കൗമാര ആത്മഹത്യ വർധിക്കുന്നെന്ന് പഠന റിപ്പോർട്ട്