Connect with us

Book Review

കരുത്ത് പരിശ്രമം വിജയം

Published

|

Last Updated

കട്ടിയുള്ള ഇച്ഛാശക്തിയുടെയും ഉറച്ച ധീരതയുടെയും പ്രതീകം. 19ാം നൂറ്റാണ്ടിലെ മഹാപ്രതിഭ ഹെലൻ ആദംസ് കെല്ലറുടെ ആത്മകഥയാണ് “എന്റെ ജീവിതകഥ”. ജീവിതവും സംഘർഷവും നേർക്കുനേരെയുള്ള യുദ്ധമാണ് ഈ ആത്മകഥയിലൂടെ അവതരിപ്പിക്കുന്നത്. ഇരുട്ടും നിശ്ശബ്ദതയും നിറഞ്ഞ ഹെലന്റെ ജീവിതം ഓരോ നിമിഷവും സംഘർഷങ്ങളോട് ഏറ്റുമുട്ടേണ്ടിവന്നു. റാഡ് ക്ലിഫിലെ പഠനകാലത്താണ് എന്റെ ജീവിതകഥ രചിക്കപ്പെടുന്നത്. ഹെലന്റെ അധ്യാപിക ആനിസള്ളിവന്റെയും ഭർത്താവ് ജോൺ മേസിയുടെയും സഹായത്തോടെയാണ് മധ്യവർഗ സ്ത്രീകൾക്കുവേണ്ടി പ്രസിദ്ധീകരിക്കുന്ന ലേഡീസ് ഹൗസ് ജേർണലിൽ അഞ്ച് ഭാഗങ്ങളായിട്ട് ഇത് പ്രസിദ്ധീകരിക്കപ്പെടുന്നത്. 1902ൽ ഇത് പുസ്തകമാക്കുകയും 44 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു.

അന്ധയും ബധിരയുമായിരുന്ന ഹെലന്റെ ജീവിതം അത്ഭുതമാണ്. 19 മാസമായപ്പോഴേക്കും ഹെലൻ ഇരുട്ടിന്റെയും നിശ്ശബ്ദതയുടെയും ലോകത്തേക്ക് തള്ളപ്പെട്ടു. പിന്നീട് ലോകത്തിലെ അത്ഭുതങ്ങൾ കാണാനോ കേൾക്കാനോ അവൾക്ക് ഭാഗ്യമുണ്ടായില്ല. പക്ഷേ, ഹെലൻ ദൈവത്തെയോ ലോകത്തെയോ ശപിച്ചില്ല. പകരം തന്റെ പരിമിതമായ ലോകത്തെ കഠിനപ്രയത്നം കൊണ്ടു വികസിപ്പിച്ചെടുത്തു. കാഴ്ചയും കേൾവിയുമുള്ള ഒരു വ്യക്തിയെപ്പോലെ ഹെലൻ ലോകത്തെ മനസ്സിലാക്കി.
പ്രഭാതങ്ങളിൽ മഞ്ഞിൻ കണങ്ങൾ പറ്റിപ്പിടിച്ച് നിൽക്കുന്ന ഉദ്യാനത്തിലെ ലില്ലിപ്പൂക്കളുടെയും റോസ് പുഷ്പങ്ങളുടെയും സുഗന്ധവും സൗന്ദര്യവും അവളറിഞ്ഞു. കർക്കിടക മാസത്തിൽ കാർമേഘം ഇരുട്ട് നിറക്കുന്നതും സൂര്യൻ ശോഭ പരത്തുന്നതും വസന്ത കാലത്ത് പൂക്കൾ വിരിഞ്ഞു നൃത്തമാടുന്നതും അവളനുഭവിച്ചറിഞ്ഞു. ടെന്നസി നദിയുടെ ഓളങ്ങളുടെ ശബ്ദവും കാളീ നൃത്തമാടുന്ന തിരമാലകളുടെ ഇരമ്പുന്ന ശബ്ദവും ബധിരത കൊണ്ട് കേട്ടനുഭവിച്ചു. കാലം ലോകത്തുണ്ടാക്കുന്ന മാറ്റങ്ങളെ സംബന്ധിച്ചും വിവിധ രാജ്യങ്ങളിൽ എന്തൊക്കെ സംഭവിക്കുന്നു എന്നതിനെക്കുറിച്ചും ഹെലൻ കൃത്യമായി ബോധവതിയായിരുന്നു.

എന്റെ ജീവിതകഥ വായനക്കാരന്റെ മനസ്സിനെ തട്ടിയുണർത്തുകയും ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു. കാണുകയോ കേൾക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത ഹെലന് ആകെ ഉണ്ടായിരുന്നത് ഓർമയായിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതലുള്ള ഓർമകൾ ഹെലൻ വളരെ കൃത്യമായി പങ്കുവെക്കുന്നുണ്ട്. ഭാവനയും യാഥാർഥ്യവും കൂടിക്കലർന്നതാണ് ഹെലന്റെ രചന. ഏകാന്തമായ ലോകത്തുനിന്ന് ഹെലനെ കരകയറ്റിയത് മിസ് സള്ളിവനാണ്. ഹെലൻ വളരെ വികൃതിക്കാരിയായിരുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാതെ വരുമ്പോൾ അവൾ അമ്മയോട് കയർക്കുകയും അലറുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മിസ് സള്ളിവനെ സംബന്ധിച്ചിടത്തോളം ഹെലനെ വിജയത്തിലേക്കെത്തിക്കൽ വളരെ ദൗത്യമുള്ളതായിരുന്നു.

തന്റെ കഴിവും അറിവും പരിശ്രമവും കൊണ്ട് അവൾ ഹെലനെ പഠിപ്പിക്കാൻ തുടങ്ങി. ഹെലന് വിദ്യാഭ്യാസം നൽകാൻ കഴിയുമെന്ന് അവർ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. പക്ഷേ, റിച്ചാർഡ് ഡിക്കൻസിന്റെ രചനയിലെ അന്ധയും ബധിരയുമായിരുന്ന ലോ ബ്രിഡ്ജ്മാൻ വിദ്യാഭ്യാസം നേടിയ കഥ വായിച്ചപ്പോൾ അമ്മ മകളെ പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ബോസ്റ്റണിലെ പെർക്കിൽസ് ഇൻസ്റ്റിറ്റ്യൂഷന്റെ ഡയറക്ടറായ മിസ്റ്റർ അനഗ്‌നോസ് മുഖേന ഹെലന്റെ ഏഴാം വയസ്സിൽ 1877 മാർച്ച് മൂന്നിന് മിസ് ആൽമസ്ഫീൽഡ് സള്ളിവൻ കടന്നുവരുന്നത്.

ഹെലൻ ആദ്യമായി പഠിച്ചത് ഡോൾ എന്ന വാക്കാണ്. മിസ്റ്റർ സള്ളിവൻ എഴുതിക്കൊടുത്ത ഓരോ വാക്കുകളും വാക്യങ്ങളും ഹെലൻ പഠിച്ചെടുത്തു. ലോകത്തെ എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ ഹെലൻ തത്പരയായിരുന്നു. ഓരോ നിമിഷവും അതിനുവേണ്ടി അവൾ പരിശ്രമിച്ചു. പലപ്പോഴായി മറ്റുള്ളവരോട് ആശയവിനിമയം നടത്താൻ ഹെലൻ ബുദ്ധിമുട്ടി. വിരൽകൊണ്ട് കൈവെള്ളയിൽ എഴുതിയാണ് അത് സാധിച്ചെടുക്കാൻ ശ്രമിച്ചത്. അതുപോലെ സംസാരിക്കുന്നവരുടെ ചുണ്ടുകളുടെ ചലനങ്ങളും മുഖത്ത് കൈവെച്ച് നാവിന്റെ ചലനങ്ങളും തൊണ്ടയിലെ ശബ്ദതരംഗങ്ങളുടെ ചലനങ്ങളും സ്പർശനം കൊണ്ട് മനസ്സിലാക്കി ആശയവിനിമയം നടത്തി. തന്റെ ഏഴാം വയസ്സ് മുതൽ ഇംഗ്ലീഷ് സാഹിത്യത്തിലേക്കും ജർമൻ ഭാഷാ പഠനത്തിലേക്കും പ്രവേശിച്ചു. ബ്രെയിൽ ലിപിയാണ് ഹെലൻ പഠിക്കാനായി ഉപയോഗിച്ച മാധ്യമം. തന്റെ ജന്മദേശമായ ടെസ്‌കമ്പിയിൽ നിന്നും ബോസ്റ്റണിലേക്കുള്ള യാത്ര ഹെലന്റെ പുതിയ ജീവിതത്തിലേക്കുള്ള കാൽവെപ്പുകളായിരുന്നു. 1888ലെ മെയ് മാസത്തിലായിരുന്നു ആ യാത്ര. ബോസ്റ്റണിലേക്കുള്ള ഈ യാത്രക്കിടയിൽ ഒരുപാട് സൗഹൃദബന്ധങ്ങൾ ഹെലൻ ഉണ്ടാക്കിയെടുത്തു. ബോസ്റ്റണിലേക്കുള്ള ട്രെയിൻ യാത്രയിൽ തന്നെ കളിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തവരെക്കുറിച്ച് വളരെ മനോഹരമായി ഹെലൻ വിശദീകരിക്കുന്നുണ്ട്.
ബോസ്റ്റണിലെ ജീവിതത്തിനിടയിൽ ഒരുപാട് പുസ്തകങ്ങൾ ഹെലൻ വായിച്ചുതീർത്തു. മിസ് സള്ളിവൻ ധാരാളം കഥകൾ പറഞ്ഞുകൊടുത്തു. നീന്താനും മരത്തിൽ കയറാനും തനിയെ വസ്ത്രം ധരിക്കാനും കുതിരസവാരി നടത്താനും ഹെലൻ പഠിച്ചെടുത്തു. പതുക്കെപ്പതുക്കെ ലോകത്തെ ജീവിതത്തിലേക്ക് ഹെലൻ ഒപ്പിയെടുത്തു. 1890ൽ പത്താം വയസ്സിൽ ഹെലൻ സംസാരിക്കാൻ പരിശീലിച്ചു. കഴിയാവുന്ന ശബ്ദങ്ങൾ പുറപ്പെടുവിച്ച് തനിക്ക് പറയാനുള്ളത് മറ്റുള്ളവരെ പതിയെ ബോധ്യപ്പെടുത്തിത്തുടങ്ങി. സന്തോഷം ഹെലനെ പുതച്ചുകൊണ്ടിരിക്കുന്ന സമയത്ത് 1892ൽ പന്ത്രണ്ടാം വയസ്സിലാണ് ഹെലൻ ആ കറുത്ത ദിനങ്ങൾ അഭിമുഖീകരിച്ചത്.

അക്കാലത്ത് ദ ഫ്രോസ്റ്റ് കിംഗ് എന്ന കഥ രചിക്കുകയും ഗുരുനാഥനായ ആനിയെ കാണിക്കുകയും പിന്നീട് മിസ്റ്റർ അനഗ്‌നാസിന് അയക്കുകയും ചെയ്തു. അദ്ദേഹമത് പെർക്കിൻസ് ഇൻസ്റ്റിറ്റ്യൂഷന്റെ റിപ്പോർട്ടുകളിലൊന്നിൽ പ്രസിദ്ധീകരിച്ചു. സ്വന്തം ഭാവനകൊണ്ട് ഹെലൻ എഴുതിയ ഈ കഥ ബെസ്റ്റെക്സ് മാർഗരറ്റ് റ്റി ക്യാൻസി രചിച്ച ദ ഫ്രോസ്റ്റ് ഫെയറീസ് എന്ന കഥയോട് സാമ്യമുണ്ടെന്ന് തെളിയുകയും വിവാദമാകുകയും ചെയ്തു. ഈ സംഭവം മിസ്റ്റർ അനഗ്‌നാസിന് ഹെലനോടുണ്ടായിരുന്ന അനുകമ്പ നഷ്ടപ്പെട്ടു. അമ്മയുടെയും അച്ഛന്റെയും സള്ളിവന്റെയും മരണങ്ങൾക്ക് ശേഷം തന്റെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന കറുത്ത ദിനങ്ങളായി ഈ കാലത്തെ എണ്ണുന്നുണ്ട്.
1896 ഒക്ടോബറിൽ റാഡ് ക്ലിഫ് കോളജ് പ്രവേശനത്തിനായി യുവതികൾക്കായുള്ള കേംബ്രിഡ്ജ് സ്‌കൂളിൽ ചേർന്നു. കേൾവിയും കാഴ്ചയുമുള്ള വിദ്യാർഥികൾ പഠിക്കുന്ന കോളജിൽ പഠിക്കണമെന്ന വാശിയും ആത്മവിശ്വാസവും അങ്ങേയറ്റത്തെ ഇച്ഛാശക്തിയുമാണ് ഹെലനെ ഇവിടേക്കെത്തിച്ചത്. 1898 വരെ ഹെലൻ അവിടെ പഠിച്ചു. ഈ രണ്ട് വർഷത്തിനിടയിൽ ഇംഗ്ലീഷ് ചരിത്രം, ഇംഗ്ലീഷ് സാഹിത്യം, ജർമൻ, ലാറ്റിൻ, അരിതമെറ്റിക്, ലാറ്റിൻ കോമ്പോസിഷൻ, ഹിസ്റ്ററി, ജ്യോഗ്രഫി എന്നിവയെല്ലാം പഠിച്ചെടുത്തു. 1897ൽ നടന്ന പ്രാഥമിക പരീക്ഷയിൽ ജർമനിയിലും ഇംഗ്ലീഷിലും ഓണേർഡ് നേടി. ഇംഗ്ലീഷിനേക്കാളും ജർമൻ ഹെലന് കൂടുതൽ വശമായിരുന്നു. 1898ൽ കേംബ്രിഡ്ജിൽ നിന്ന് ചില പ്രശ്നങ്ങൾ കാരണം ബോസ്റ്റണിലേക്ക് മടങ്ങി. 1899ൽ നടന്ന വാർഷിക പരീക്ഷയിൽ ഹെലൻ വിജയം കുറിച്ചു.
1900ന് ശേഷമാണ് ഹെലൻ റാഡ്ക്ലിഫിലേക്ക് പോകുന്നത്.

റാഡ്ക്ലിഫിലെ ജീവിതകാലത്ത് പ്രകാശത്തിന്റെയും സൗന്ദര്യത്തിന്റെയും പുതിയലോകം ഹെല്ലനു മുമ്പിൽ തുറക്കപ്പെട്ടു. അറിയുവാനുള്ള കഴിവ് തന്നിൽ എത്തിച്ചേരുന്നതായി ഹെലൻ അറിഞ്ഞു. മനസ്സിന്റെ അത്ഭുത ലോകത്തേക്ക് എല്ലാവരെയും പോലെ ഹെലനും സ്വതന്ത്രയായി. അതിലെ ആളുകൾ, ചുറ്റുപാടുകൾ, രീതികൾ, സന്തോഷം, ദുരന്തങ്ങൾ എന്നിവയെല്ലാം യഥാർഥ ലോകത്തിലെ ആളുകളെ തൊട്ടറിഞ്ഞു. വിജ്ഞാനത്തിന്റെ ഒരു ലോകം ഹെലൻ കീഴടക്കി. സമുദ്രം പോലെ വിസ്മയകരമായ ഹെലന്റെ ജീവിതം ഒരു വ്യക്തിയെ യുദ്ധ മുഖത്തേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ എന്റെ ജീവിതകഥ എക്കാലത്തും പ്രസക്തിയുള്ളതാകുന്നു. എം സാജിതയുടെ പരിഭാഷ. മാതൃഭൂമി ബുക്‌സാണ് പ്രസാധകർ. വില: 160 രൂപ.