International
ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

വാഷിംഗ്ടണ്‍ | കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റ് അംഗവം ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിനെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തീരുമാനം. പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് കമലയുടെ പേര് നിര്‍ദേശിച്ചത്.
കമല ഹാരിസിനെ സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കാനായതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. അഭിഭാഷകയായ 55കാരിയായ കമല ഉപരിസഭയായ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജയാണ്.
നേരത്തെ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറെ പറഞ്ഞു കേട്ട പേരാണ് കമല ഹാരിസിന്േറത്. ജോ ബൈഡനും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഉള്‍പ്പെടെ ഡെമോക്രാറ്റിക് നേതൃത്വത്തിന് പൊതുസമ്മതയായിരുന്നു കമല. വൈസ് പ്രസിഡന്റായി ഒരു സ്ത്രീയെ മാത്രമേ നാമനിര്‍ദ്ദേശം ചെയ്യൂവെന്ന് ബൈഡന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ല.
2016ല്‍ മുതല്‍ തന്നെ, 2020ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കമല ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മിഷേല്‍ ഒബാമയുള്‍പ്പെടെയുള്ള ചുരുക്കം ചിലരുടെ പേരുകള്‍ക്കൊപ്പമാണ് അന്ന് കമലയുടെ പേരും പറഞ്ഞുകേട്ടത്. എന്നാല്‍, അടുത്തിടെ നടന്ന സംവാദത്തില്‍ ജോ ബൈഡന്‍ വര്‍ണവിവേചനത്തെ അനുകൂലിക്കുന്നുവെന്നതുള്‍പ്പെടെയുള്ള ഗുരുതര വിമര്‍ശനങ്ങള്‍ ഉന്നയിച്ച് അവര്‍ രംഗത്തെത്തിയിരുന്നു. ബൈഡന്‍കൂടി പങ്കെടുത്ത പരസ്യ സംവാദത്തിനിടെ ആയിരുന്നു ഇത്. ഇതോടെ, കമലക്ക് മുന്നില്‍ ആ വാതിലുകളും അടഞ്ഞുവെന്ന് അഭിപ്രായമുയര്‍ന്നു. ആ ഊഹാപോഹങ്ങളാണ് ഇപ്പോള്‍ അസ്ഥാനത്തായത്.
ഓക്ലന്‍ഡില്‍ ജനിച്ച കമല ഹരിസ് ഹാവാര്‍ഡ്, കാലിഫോര്‍ണിയ തുടങ്ങിയ സര്‍വകലാശാലകളില്‍ നിന്നാണ്് പഠനം പൂര്‍ത്തിയാക്കിയത്. 2003ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ജില്ലാ അറ്റോര്‍ണിയായി തിരഞ്ഞെടുക്കപ്പെട്ട അവര്‍ 2011 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 2011ല്‍ കാലിഫോര്‍ണിയയുടെ 32ാമത് അറ്റോര്‍ണിയായി ചുമതലയേറ്റ അവര്‍ 2014ല്‍ വീണ്ടും അതേ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
2017-മുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ, കാലിഫോര്‍ണിയയെ പ്രതിനിധീകരിക്കുന്ന ജൂനിയര്‍ സെനറ്ററാണ് കമല. ആ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് അവര്‍. ഡഗ്‌ളസ് എം. കോഫാണ് കമലയുടെ ഭര്‍ത്താവ്. സഹോദരിമാര്‍: മായ ഹാരിസ്, മീന ഹാരിസ്.