National
പത്ത് സംസ്ഥാനങ്ങള്‍ കൊവിഡിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ വിജയിക്കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി| ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങള്‍ കൊവിഡിനെ പരാജയപ്പെടുത്തിയാല്‍ നമ്മള്‍ വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുമായി നടത്തിയ കൊവിഡ് അവലോകന വെര്‍ച്ചല്‍ മീറ്റിംഗിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിലെ മൊത്ത കൊവിഡ് കേസിന്റെ 80 ശതമാനം ഈ പത്ത് സംസ്ഥാനങ്ങളിലാണ്.
കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇത് ഏഴാംതവണയാണ് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്. ബീഹാര്‍, ഗുജറാത്ത്, യു പി, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ പരിശോധനകള്‍ വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയ ശേഷമുള്ള കൂടികാഴ്ചയാണിത്. മഹാരാഷട്ര, ആന്ധ്രാപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, യു പി, തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് കൂടികാഴ്ച നടത്തിയത്. കര്‍ണാടകയെ പ്രതിനിധീകരിച്ച് ഉപമുഖ്യമന്ത്രിയാണ് മീറ്റിംഗില്‍ പങ്കെടുത്തത്.
കൊവിഡ് ബാധിച്ച് 72 മണിക്കൂറിനകം അറിയാന്‍ കഴിയുമെങ്കില്‍ അതിനെ നിയന്ത്രിക്കാനാകുമെന്നാണ് ആരോഗ്യവിഗദ്ധര്‍ പറയുന്നതെന്നും മോദി കൂട്ടിചേര്‍ത്തു. കൊവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാന ആയുധമെന്ന് പറയുന്നത് കണ്ടെയിന്‍മെന്റും കോണ്‍ടാക്റ്റ് ട്രേസിംഗും നിരീക്ഷണവുമാണ്.