Connect with us

Covid19

അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കയില്‍ ഭരണത്തിനോടുള്ള വിയോജിപ്പ് മൂലം പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തകാലത്ത് കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ നടക്കുന്ന വംശീയ ആക്രമണങ്ങളും ട്രംപ് സര്‍ക്കാറിന്റെ നയങ്ങളും കൊവിഡ് വ്യാപനം തടയുന്നതിലുള്ള ദയനീയ പരാജയവുമെല്ലാം അമേരിക്കന്‍ പൗരന്‍മാരില്‍ വലിയ നിരാശയിലാണെന്നാണ് റിപ്പോര്‍ട്ട്.
2020 ന്റെ ആദ്യ ആറു മാസത്തില്‍ 5,800 അമേരിക്കക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബാംബ്രിജ് അക്കൗണ്ടന്റ്്സ് എന്ന ഏജന്‍സി നടത്തിയ പഠനം വ്യക്തമാക്കുന്നു. 2019-ല്‍ പൗരത്വം ഉപേക്ഷിച്ചവരുടെ ആകെ എണ്ണം 2072 ആയിരുന്നു. ഓരോ മൂന്നു മാസത്തിലും സര്‍ക്കാര്‍ പുറത്തുവിടുന്ന രേഖകള്‍ പരിശോധിച്ചാണ് പൗരത്വം ഉപേക്ഷിച്ചവരെ കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്തെ രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം നികുതി പ്രശ്നങ്ങളും കാരണമാകുന്നുണ്ട്. വിദേശത്തു താമസിക്കുന്ന അമേരിക്കക്കാരെല്ലാം പ്രതിവര്‍ഷം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം. വിദേശ അക്കൗണ്ടുകള്‍, നിക്ഷേപം, പെന്‍ഷന്‍ എന്നിവയുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണം. പൗരത്വം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2,350 ഡോളര്‍ നല്‍കണം. അവര്‍ അമേരിക്കയിലില്ലെങ്കില്‍ ഇപ്പോഴുള്ള രാജ്യത്തെ യു എസ് എംബസിയില്‍ ഹാജരായി ഇക്കാര്യം അറിയിക്കുകയും വേണം. ഇത്തരം കടമ്പകള്‍ ഉണ്ടെങ്കിലും പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയാകുകയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
നവംബറിലെ തിരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന് അറിയാനാണ് നിരവധി പേര്‍ കാത്തിരിക്കുന്നത്. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ കൂടുതല്‍ പേര്‍ പൗരത്വം ഉപേക്ഷിക്കുമെന്നാണു സര്‍വ്വേ നടത്തിയവര്‍ പറയുന്നത്.