Connect with us

International

"എന്റെ മകൻ പോയി"; യു എസിൽ പാർട്ടിക്കിടെ വെടിവെപ്പ് ,ഒരു മരണം; 20 പേർക്ക് പരുക്ക്

Published

|

Last Updated

വാഷിംഗ്ടൺ | യു എസിലെ വാഷിംഗ്ടണിൽ പാർട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും 20 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ അർധരാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പാർട്ടിക്കിടെ വിവിധ സ്ഥലങ്ങളിൽ നിന്ന് മൂന്ന് പേർ വെടിയുതിർക്കുകയായിരുന്നു. പരിഭ്രാന്തരായ ആളുകൾ ചിതറിയോടുകയായിരുന്നെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

ക്രിസ്റ്റഫർ ബ്രൗൺ എന്ന 17കാരനാണ് മരിച്ചത്. എങ്ങനെയാണ് എന്റെ മകൻ മരിച്ചതെന്ന് മനസ്സിലാകുന്നില്ല. ക്രിസ്റ്റഫറിന്റെ മാതാവ് ആർട്ടെക്ക ബ്രൗൺ പറഞ്ഞു. രണ്ട് ദിവസം മുമ്പ് മകനുമായി സംസാരിച്ചിരുന്നെന്നും എന്ന് തന്നെ കെട്ടിപ്പിടിച്ച് ഞാൻ സ്‌നേഹിക്കുനെന്ന് പറഞ്ഞിരുന്നെന്നും അവർ വ്യക്തമാക്കി. പരുക്കേറ്റവരിൽ ഓഫ് ഡ്യൂട്ടി ഡിസ്ട്രിക്ട് ഓഫ് കൊളംബിയ ഉദ്യോഗസ്ഥയുടെ നില അതീവ ഗുരുതരമാണെന്നും ജീവന് വേണ്ടി പോരാടുകയാണെന്നും അവരാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും  ഡി സി പോലീസ് മേധാവി പീറ്റർ ന്യൂ ഷാം പറഞ്ഞു. പരുക്കേറ്റവരിൽ 11 പേരും സ്ത്രീകളാണ്. വെടിവെപ്പിന് മുന്പ് ചെറിയ തോതിൽ സംഘർഷമുണ്ടായിരുന്നതായും നൂറോളം വെടിയുണ്ടകൾ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പാർട്ടി നടത്തിയത്. 50ലധികം പേർ പങ്കെടുക്കരുതെന്നും രണ്ട് വയസ്സിന് മുകളിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണമെന്നും നിർദേശമുണ്ട്. അതിനാൽ പാർട്ടി സംഘടിപ്പിച്ചവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് ഭരണകൂടം അറിയിച്ചു.