National
മണിപ്പൂരില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്; ബി ജെ പിയും കോണ്‍ഗ്രസും എം എല്‍ എമാര്‍ക്ക് വിപ്പ് നല്‍കി

ഇംഫാല്‍| രാഷട്രീയ പ്രതിസന്ധി തുടരുന്ന മണിപ്പൂരില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കും. ഭരണകക്ഷിയായ ബി ജെ പിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാറിനെതിരേ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നേരിടാനുള്ള ഒരുക്കത്തിലാണ് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. ഇന്ന് നടക്കുന്ന നിയമസഭയിലെ പ്രത്യേക സമ്മേളനത്തില്‍ സര്‍ക്കാറിനെതിരായ അവിശ്വസ പ്രമേയം വോട്ടിനിടും.
അതേസമയം, പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ കൃത്യമായും പങ്കെടുക്കണമെന്നും മുന്നണിക്ക് അനുകാലമായി വോട്ട് ചെയ്യണമെന്നും കോണ്‍ഗ്രസും ബി ജെ പിയും തങ്ങളുടെ എം എല്‍ എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. 60 അംഗ നിയമസഭയില്‍ മൂന്ന് എം എല്‍ എമാരുടെ രാജിക്കും നാല് എം എല്‍ എമാരെ അയോഗ്യരാക്കിയതിനും ശേഷം 53 പേരാണ് നിലവിലുള്ളത്.
അതേസമയം, സര്‍ക്കാറിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് നിംഗോബാം ഭുപേന്ദ രംഗത്തെത്തി. സര്‍ക്കാറിനെതിരേയുള്ള അവിശ്വസ പ്രമേയം അംഗീകരിക്കുന്നതിന് പകരം ബി ജെ പി സര്‍ക്കാറിന്റെ വിശ്വസ വോട്ടെടുപ്പിനെയാണ് അവര്‍ അംഗീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രമേയം പാരജയപ്പെടുമെന്ന് കോണ്‍ഗ്രസിന് വിശ്വാസമുണ്ട്. കോണ്‍ഗ്രസ് 24 എം എല്‍ എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിശ്വസ വോട്ടെടുപ്പില്‍ തങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് തികേന്ദ്ര സിംഗ് പറഞ്ഞു. 30 എം എല്‍ എമാരുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവില്‍ ബിജെപിക്ക് 29 എം എല്‍ എമാരാണുള്ളത്. ജൂലൈ 28നാണ് ബിരേന്‍ സിംഗ് സര്‍ക്കാറിനെതിരേ കോണ്‍ഗ്രസ് അവിശ്വസ പ്രമേയം കൊണ്ടുവന്നത്. ജൂണ്‍ 17ന് ആറ് എം എല്‍ എമാര്‍ ബി ജെ പി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് മണിപ്പൂരില്‍ രാഷട്രീയ പ്രതിസന്ധി ആരംഭിക്കുന്നത്.