Kerala
ജലനിരപ്പ് നിയന്ത്രണ വിധേയം; പമ്പ ഡാമിലെ ആറ് ഷട്ടറുകളും അടച്ചു

പത്തനംതിട്ട | ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് ശേഷം തുറന്ന പമ്പ ഡാമിലെ ആറ് ഷട്ടറുകളും അടച്ചു. ജലനിരപ്പ് അപകടകരമല്ലാത്ത നിലയിലേക്ക് താഴ്ന്നതോടെയാണ് ഇന്ന് പുലര്‍ച്ചെ ഷട്ടറുകള്‍ അടച്ചത്. പ്രദേശത്ത് മഴക്ക് ശമനമുണ്ടാകുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്ത സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രണവിധേയമാകുകയായിരുന്നു. 986.332 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള പമ്പാ ഡാമില്‍ 982.8 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാം ഷട്ടറുകള്‍ അടച്ചതോടെ പത്തനംതിട്ട, അലപ്പുഴ ജില്ലകളിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി. പമ്പ നദിയുടേ തീരങ്ങളിലുള്ളവരുടേയും കുട്ടനാട്ട് ഭാഗങ്ങളിലുള്ളവരേയും മുന്‍കരുതലിെേന്റ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.
ഡാമിന്റെ ആറ് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ക്യുബിക് മീറ്റര്‍ അധികജലമാണ് കഴിഞ്ഞ ദിവസം പുറത്തേക്കുവിട്ടത്. ഇതോടെ ഞായറാഴ്ച വൈകി പമ്പാനദിയില്‍ 30-40 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നു. ഡാമില്‍നിന്ന് തുറന്നുവിടുന്ന വെള്ളം പമ്പാ ത്രിവേണിയിലാണ് പമ്പാനദിയില്‍ ചേരുന്നത്. അവിടംമുതല്‍ നദിയിലെ ജലനിരപ്പ് ഉയരുകയും ചെയ്തിരുന്നു.