Connect with us

Kerala

കരിപ്പൂര്‍ ദുരന്തത്തില്‍ പരുക്കേറ്റവരില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തകര്‍ന്ന് പരുക്കേറ്റവരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ഒരാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മരിച്ചവരില്‍ ഒരാള്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പരുക്കേറ്റവരില്‍ ഒരാള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്.

പരുക്കേറ്റവരില്‍ 14 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇതില്‍ മൂന്ന് പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 8, ശിശുപരിപാലന കേന്ദ്രത്തില്‍ ഒരാള്‍, മിംസില്‍ 31, ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 22, ബീച്ച് ആശുപത്രിയില്‍ 15, മെയ്ത്ര ആശുപത്രിയില്‍ 8, ഇഖ്‌റഅ് ആശുപത്രിയില്‍ അഞ്ച് എന്നിങ്ങനെ കോഴിക്കോട്ട് 90 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മലപ്പുറത്ത് 27 പേരും ചികിത്സയിലുണ്ട്. മിംസിലും ബേബിയിലുമുള്ള ഓരോരുത്തര്‍ ഗുരുതരാവസ്ഥയിലാണ്. മലപ്പുറത്തില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ നേരിട്ട് വഹിക്കും. ബില്ലുകള്‍ സര്‍ക്കാറിന് നേരിട്ട് നല്‍കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, അപകടത്തില്‍ പെട്ട രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കക്കിടയാക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവരില്‍ നിന്ന് രോഗം പടര്‍ന്നിരിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്. വിമാന ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് എല്ലാവരും സ്വയം നിരീക്ഷണത്തിലാണ്.