Connect with us

National

ബി ജെ പി നേതാവിനെ കൊന്ന കേസിലെ പ്രതിയെ യു പി പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു

Published

|

Last Updated

ലഖ്‌നോ | ബി ജെ പി നേതാവായിരുന്ന കൃഷ്ണാനന്ദ് റായിയെ കൊന്ന കേസിലെ പ്രതി രാകേഷ് പാണ്ഡയെ യു പി പോലീസ് വെടിവെച്ച് കൊന്നു. ലഖ്‌നോവിലെ സരോജിനി നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുണ്ടായ ഏറ്റമുട്ടലിനിടെയാണ് യു പി പോലീസിലെ ടാസ്‌ക് ഫോഴ്‌സ് പാണ്ഡെയെ വധിച്ചത്.
മുഹമ്മദാബാദ് നിയോജക മണ്ഡലത്തിലെ സിറ്റിംഗ് എം എല്‍ എയായിരുന്ന കൃഷ്ണാനന്ദ് റായി അടക്കം ആറു പേരേ 2005 നവംബര്‍ 29നാണ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്.

തുര്‍ന്ന് കേസിലെ പ്രതികളെ ശിക്ഷിക്കാനായി കൃഷ്ണാനന്ദ് റായിയുടെ ഭാര്യ അല്‍ക റായ് വര്‍ഷങ്ങളായി നിയമപോരാട്ടം നടത്തിവരുകയായിരുന്നു. അല്‍ക റായിയുടെ അപേക്ഷയെ തുടര്‍ന്ന് 2013ല്‍ സുപ്രീം കോടതി കേസ് ഗാസിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറ്റി. പിന്നീട് കേസ് അന്വേഷണം യു പി പോലീസില്‍ നിന്നും സി ബി ഐ ഏറ്റെടുത്തു. കേസിലെ പ്രതിയും ഗുണ്ടാനേതാവും രാഷ്ട്രിയപ്രവര്‍ത്തകനുമായ മുക്താര്‍ അന്‍സാരിയെ കേസില്‍ നിന്നും വെറുതെവിടുന്നത് ചോദ്യം ചെയ്ത് കഴിഞ്ഞവര്‍ഷം അല്‍ക റായ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതിനിടെയാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രാകേഷ് പാണ്ഡയെ യു പി പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചതായി അറിയിച്ചിരിക്കുന്നത്. അടുത്തിടെ നിരവധി ഗുണ്ടാ നേതാക്കള്‍ യു പിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം വ്യാജ ഏറ്റുമുട്ടലുകളാണെന്നും പ്രതികളെ പിടികൂടിയ ശേഷം പ്രത്യേക സ്ഥലത്ത് എത്തിച്ച് പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നെന്നും ആരോപണമുണ്ടായിരുന്നു. കേസില്‍ തുടര്‍ അന്വേഷണങ്ങള്‍ അവസനാപ്പിക്കാനും ആരെയോ സംരക്ഷിക്കാനുമാണ് ഇത്തരം കൊലപാതകങ്ങളെന്നായിരുന്നു പ്രധാന വിമര്‍ശനം.