Connect with us

Malappuram

ഭീതിയൊഴിയാതെ; പാതാർ പിളർന്നിട്ട് ഒരുവർഷം

Published

|

Last Updated

വലിയ പാറക്കല്ലുകൾ കൂട്ടിയിടിക്കുന്ന ശബ്ദം ഇന്നും പാതാറുകാരുടെ ചെവിയിലുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം വൈകുന്നേരം വരെ 20ലധികം കടകളും 10 ഓളം വീടുകളുമുണ്ടായിരുന്ന പ്രദേശം വലിയ പാറക്കല്ലുകളുള്ള പുഴയായി മാറി. 100 ലേറെ വീടുകൾ ഭാഗികമായി തകർത്തു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ മരങ്ങളും പാറകളും കുടുങ്ങിക്കിടക്കുന്നു.

വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് മുകളിലുള്ള ഗർഭം കലക്കി കുന്നിലും തേൻമലയിലും ചെറിയ ഉരുൾപൊട്ടലുണ്ടായിരുന്നു. ഇതിന് പിന്നാലെ അങ്ങാടിക്ക് പിന്നിലെ ഇഴുവാത്തോട്ടിൽ കലക്ക്്വെള്ളം ഒഴുകിയെത്തിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. 5.45 ഓടെ അങ്ങാടിയിലെ തോട്ടിൽ വെള്ളം കയറിയതോടെ അപകടം മണത്ത നാട്ടുകാർ മുകൾ ഭാഗത്തേക്ക് മാറുകയും അവശേഷിക്കുന്നവർ മരങ്ങൾ പൊട്ടിവീഴുന്നതിന്റെ വലിയ ശബ്ദം കേട്ടതോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ജീവനും കൊണ്ടോടുകയായിരുന്നു.

അങ്ങാടിയിലെ തകർന്ന കടകളിൽ കുടുങ്ങിയ 20 പേരെയും വീടിനുള്ളിൽ അകപ്പെട്ട പൈനാടൻ ജോബിയെയും കുടുംബത്തെയും നാട്ടുകാർ രക്ഷിച്ചു. കുടിയേറ്റ ജനതയുടെ ഒരായുസ്സിലെ അധ്വാനം മുഴുവൻ ക്ഷണനേരം കൊണ്ട് ഇല്ലാതായി. നിരവധി വീടുകൾ ഇരുന്നിടത്ത് വലിയ പാറക്കല്ലുകൾ മാത്രം. അടയാളം പോലുമില്ല. ഞൊടിയിടയിലാണ് പാതാർ അങ്ങാടി ഇല്ലാതായത്. പകൽ സമയത്തായതും നാട്ടുകാർ ഓടി രക്ഷപ്പെട്ടതു കൊണ്ടുമാണ് ഒരു വൻ ദുരന്തം ഒഴിവായത്. വാളംകൊല്ലി, തേൻ പാറ മലകൾ ഒന്നിച്ച് കുത്തിയൊലിച്ച് തുടച്ചു നീക്കിയ പാതാർ അങ്ങാടി ഭീകര കാഴ്ചയാണ്.

ജനങ്ങളിൽ ആശങ്ക തുടരുകയാണ്

വീണ്ടമൊരു ആഗസ്റ്റ് വരുമ്പോൾ പാതാറിന് സമീപമുള്ളവർ കടുത്ത ആശങ്കയിലാണ്. ഇനിയൊരു പ്രളയംകൂടി താങ്ങാനുള്ള ശേഷി ഇവർക്കില്ല. കഴിഞ്ഞ ആഗസ്റ്റ് എട്ടിനുണ്ടായ മലവെള്ളപ്പാച്ചിലിൽ വീട് പൂർണമായും നഷ്ടപ്പെട്ട് ദുരിതത്തിലായവരും പ്രളയത്തിന്റെ ദുരിതമറിഞ്ഞവരുമാണ് ഇവിടുത്തെ നാട്ടുകാർ.

ആകെയുണ്ടായിരുന്ന അഞ്ചും പത്തും സെന്റ് സ്ഥലം മലവെള്ളം കൊണ്ടുപോയവർ. ആകെ സമ്പാദ്യമായ കൃഷി മൊത്തമായി നശിച്ചവർ, വീടിന്റെ തൊട്ടുപിറകിൽവരെ മണ്ണിടിഞ്ഞ് ഏതുനിമിഷവും വീട് തകർന്നേക്കാമെന്ന ആശങ്കയിൽ കഴിയുന്നവർ അങ്ങനെ ദുരിതത്തിന്റെ ആഴം വളരെ വലുതാണ്. പാതാർ അങ്ങാടിക്ക് സമീപത്തുള്ള രണ്ട് മലമ്പ്രദേശങ്ങളാണ് വാളംകൊല്ലിയും മലാംകുണ്ടും. ഇഴുകത്തോടിന് പുറമെ വാളംകൊല്ലിത്തോട്ടിലും കഴിഞ്ഞവർഷം വെള്ളം ഉയർന്നിരുന്നു.

വീണ്ടെടുക്കാൻ ഒന്നിച്ചു

ദുരന്തം കഴിഞ്ഞ് ഉടൻ തന്നെ പാതാറിലേക്കുള്ള റോഡും സുമനസ്സുകളുടെ സഹായത്തോടെ പാതാർ അങ്ങാടിയും വീണ്ടെടുത്തു.
ഉരുൾപൊട്ടലിൽ ഗതിമാറിയൊഴുകിയ ഇഴുകാത്തോട്ടിനെ പൂർവ സ്ഥിതിയിലാക്കി. നിരവധി സുമനസ്സുകൾ പാതാറുകാരെ സഹായിക്കാനെത്തി. വാളംകൊല്ലി മല,
പെരുമ്പൻ മല എന്നിവിടങ്ങളിലായി അഞ്ചിലേറെ സ്ഥലത്താണ് ഉരുൾപൊട്ടലുണ്ടായത്.

വന്യമൃഗത്തെയും പേടിക്കണം

പ്രളയജലത്തിൽ മേൽമണ്ണ് ഒഴുകിപ്പോയതിനാൽ കൃഷി പോലും സാധ്യമല്ലാത്ത അവസ്ഥ. കൂടാതെ ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്. ഇപ്പോൾ ഓരോ ദിവസവും നെഞ്ചിടിപ്പോടെയാണ് വീടുകളിൽ കഴിയുന്നത്.
രാത്രി ഇരുട്ടുന്നതോടെ പ്രദേശത്തു കോടയിറങ്ങും. ടോർച്ച് വെളിച്ചത്തിൽപ്പോലും തൊട്ടടുത്തു നിൽക്കുന്നവനെ കാണാനാകില്ല. രാത്രി എന്തെങ്കിലും സംഭവിച്ചാൽ എങ്ങോട്ട് ഓടി രക്ഷപ്പെടണമെന്നു പോലും നിശ്ചയമില്ല.”
ചെമ്മണ്ണ് അടർന്നു നിൽക്കുന്ന മലക്ക് താഴെ താമസിക്കുന്ന മലാംകുണ്ടുകാരെ പുനരധിവാസപ്പട്ടികയിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. സഹായധനം ലഭിക്കുമെങ്കിൽ മാറി താമസിക്കാൻ തയ്യാറുള്ളവരാണ് ഈ കുടുംബങ്ങൾ.

ഇത്തവണ
മാറിത്താമസിക്കാൻ ഇടമില്ല

ഇനിയും ഉരുൾപൊട്ടലുണ്ടായാൽ പാതാറുകാർക്ക് മാറി താമസിക്കാൻ ഇടമില്ല. മഴ കനക്കുമ്പോൾ മാറി താമസിക്കണമെന്ന് നിർദേശമുണ്ട്. പക്ഷേ, ആരും വീട് നൽകാൻ തയ്യാറല്ലെന്ന് ഉരുൾപൊട്ടലിൽ തകർന്ന പാതാറിലുള്ളവർ പറയുന്നു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സ്ഥലമായതിനാൽ പ്രദേശവാസികളൊക്കെ മറ്റൊരു താമസ സ്ഥലത്തിനുള്ള അന്വേഷണത്തിലാണ്. കൊവിഡ് കാലമായതിനാൽ ആരും വീടു വിട്ടുനൽകാൻ തയാറല്ല. സർക്കാർ ഒരുക്കുന്ന ക്യാമ്പുകളിൽ കൂട്ടമായി താമസിക്കേണ്ടി വരുമോ എന്ന പേടിയും ഇവർക്കുണ്ട്.

---- facebook comment plugin here -----

Latest