Connect with us

Kerala

ആവശ്യത്തിന് ഇന്ധനമുണ്ടായിട്ടും വിമാനം എന്തുകൊണ്ട് വഴിതിരിച്ചുവിട്ടില്ല? ചോദ്യം നിര്‍ണായകം

Published

|

Last Updated

കരിപ്പൂര്‍ | കരിപ്പൂരിലെ വിമാനദുരന്തത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അതില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉയര്‍ത്തിയ ഒരു ചോദ്യം ഏറെ പ്രസക്തമാണ്. വേണ്ടത്ര ഇന്ധനമുണ്ടായിട്ടും മോശം കാലാവസ്ഥയില്‍ വിമാനം വഴിതിരിച്ചുവിടാതെ കരിപ്പൂരില്‍ തന്നെ ഇറക്കിയത് എന്തുകൊണ്ടാണ് എന്നാണ് അദ്ദേഹം ചോദിച്ചത്. കരിപ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഈ ആശങ്ക പങ്കുവെച്ചത്.

സാധാരണ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ കാലാവസ്ഥ പ്രതികൂലമായാല്‍ വിമാനം അടുത്ത ഏതെങ്കിലും വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയാണ് ചെയ്യാറ്. ഇവിടെ ദുബൈയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ആദ്യ തവണ ലാന്‍ഡിംഗിന് ശ്രമിച്ചപ്പോള്‍ കാലാവസ്ഥ അനുകൂലമല്ലെന്ന് കണ്ട് തിരിച്ച് പറക്കുകയായിരുന്നു. പിന്നീട് ആകാശത്തില്‍ കുറച്ച് സമയം വട്ടമിട്ട ശേഷം വീണ്ടും ഇറക്കാന്‍ ശ്രമിച്ചപ്പോഴാണ് ദുരന്തത്തില്‍ കലാശിച്ചത്. ഇക്കാര്യം ഫെെളറ്റ് റഡാർ ദൃശ്യങ്ങളിൽ വ്യക്തമാണ്.

വിമാനത്തില്‍ വേണ്ടത്ര ഇന്ധനം ഉണ്ടായിരുന്നുവെന്ന് വ്യോമയാന കേന്ദ്രങ്ങള്‍ അറിയിച്ചതായി കേന്ദ്ര മന്ത്രി വ്യക്തമാക്കുന്നുണ്ട്. അങ്ങിനെയങ്കില്‍ ഇത്രയും ദുര്‍ഘടമായ സാഹചര്യത്തില്‍ വിമാനം ഇറക്കാന്‍ പൈലറ്റ് തീരുമാനമെടുത്തത് എന്ത് കൊണ്ടാണ് എന്ന ചോദ്യമാണ് ഉയരുന്നത്. കൃത്യസമയത്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ പൈലറ്റിന് കൈമാറുന്നതില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന് പിഴവ് പറ്റിയോ എന്ന കാര്യവും പരിശോധിക്കേണ്ടി വരും ഈ ചോദ്യത്തിന് ഉത്തരം കാണാന്‍. വിമാനത്തിന് അവസാന ഘട്ടത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ടിരുന്നോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.

വിമാനം പറത്തിയിരുന്ന പൈലറ്റ് ദീപക് കുമാര്‍ സാത്തേ മൂന്ന് പതിറ്റാണ്ടിലധികം വിമാനം പറത്തി പരിചയമുള്ളയാളാണ്. ദേശീയ വ്യോമയാന കേന്ദ്രത്തില്‍ ദീര്‍ഘകാലത്തെ പരിചയസമ്പത്തിന് ശേഷം വിരമിക്കുകയും തുടര്‍ന്ന് എയര്‍ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിക്കുകയുമായിരുന്നു. ഇത്രയും പരിചയ സമ്പന്നനായ പൈലറ്റിന് ഇത്തരമൊരു സാഹചര്യത്തില്‍ വിമാനം തിരിച്ചുവിടാന്‍ സാധിക്കാതിരുന്നതിന്റെ കാരണം കൂടി കണ്ടെത്തിയെങ്കിലേ ഈ അന്വേഷണം പൂര്‍ത്തിയാകുകയുള്ളൂ.

ആവശ്യത്തിന് ഇന്ധനം ഉണ്ടായിരുന്നുവെങ്കില്‍ വിമാനം കണ്ണൂരിലേക്കോ നെടുമ്പാശ്ശേരിയിലേക്കോ തിരിച്ചുവിടാമായിരുന്നു. ഈ രണ്ട് വിമാനത്താവളങ്ങളും കരിപ്പൂരില്‍ നിന്ന് കുറഞ്ഞ വായുദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നിട്ടും അങ്ങനെയൊരു തീരുമാനം എന്ത് കൊണ്ട് ഉണ്ടായില്ല എന്നതാണ് അന്വേഷണത്തില്‍ കണ്ടെത്തേണ്ടത്.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest