Connect with us

Kerala

കരിപ്പൂര്‍ ദുരന്തം അതീവ ദുഃഖകരമെന്ന് ഗവര്‍ണര്‍; നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട് | കരിപ്പൂരിലുണ്ടായ വിമാന ദുരന്തം അതീവ ദുഃഖകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. കരിപ്പൂരിലെത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. സംസ്ഥാനത്തിന്റെ വേദനയില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കാളികളായി. അപകട വിവരം അറിഞ്ഞ് പ്രധാനമന്ത്രി ഫോണില്‍ വിളിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അപകടത്തില്‍ 14 മുതിര്‍ന്നവരും നാലു കുട്ടികളും ഉള്‍പ്പെടെ 18 പേരാണ് മരിച്ചതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. മുതിര്‍ന്നവരില്‍ ഏഴുപേര്‍ സ്ത്രീകളും ഏഴുപേര്‍ പുരുഷന്മാരുമാണ്. കോഴിക്കോട്ടെ എട്ടും മലപ്പുറത്തെ ആറും പാലക്കാട്ടെ രണ്ടു പേരുമാണ് മരിച്ചത്. ഇവര്‍ക്കു പുറമെ, പൈലറ്റും സഹ പൈലറ്റും മരിച്ചു. ഇവരുടെ മൃതദേഹം എയര്‍ ഇന്ത്യ ഏറ്റുവാങ്ങിയിട്ടുണ്ട്. 16 ആശുപത്രികളിലായി 149 പേര്‍ ചികിത്സയിലാണ്. ഇതില്‍ 23 പേരുടെ നില ഗുരുതരമാണ്. പ്രാഥമിക ചികിത്സക്ക് ശേഷം 23 പേര്‍ ആശുപത്രി വിട്ട് വീടുകളിലേക്ക് മടങ്ങി. അപകടത്തില്‍പ്പെട്ടവരില്‍ തമിഴ്‌നാട്, തെലുങ്കാന സ്വദേശികളുമുണ്ട്. മരിച്ച ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം സംസ്ഥാനം നല്‍കും. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും.

അതിവേഗത്തില്‍ രക്ഷാദൗത്യം പൂര്‍ത്തിയാക്കുന്നതില്‍ പങ്കാളികളായവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ആശ്ചര്യപ്പെടുത്തുന്ന മികവോടെയായിരുന്നു രക്ഷാദൗത്യം. നാട്ടുകാരും സര്‍ക്കാര്‍ സംവിധാനങ്ങളും ചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പെടുന്ന സംഘം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായും മറ്റും സംസാരിച്ചിരുന്നു.

---- facebook comment plugin here -----

Latest