Kerala
കരിപ്പൂർ ദുരന്തം : മരിച്ചവരുടെ ബന്ധുക്കൾക്ക് എയർ ഇന്ത്യ 10 ലക്ഷ രൂപ വീതം നൽകും

കരിപ്പൂര്‍ | കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ചവരുടെ ബന്ധക്കള്‍ക്ക് എയര്‍ ഇന്ത്യ പത്ത് ലക്ഷം രൂപ ആശ്വാസ ധനം നല്‍കും. സാരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും നിസ്സാര പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി കരിപ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളെ അദ്ദേഹം അനുശോചനം അറിയിച്ചു.
വിമാനത്താവള അധികൃതരും പ്രാദേശിക ഭരണകൂടങ്ങളുടെയും സമയോചിത ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്ന് ഹര്‍ദീപ് സിംഗ് പുരി അഭിപ്രായപ്പെട്ടു. വിമാനത്തിന്റെ ബ്ലാക് ബോക്‌സുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതു പരിശോധിച്ച ശേഷം വിശദമായ കാരണം കണ്ടെത്താനാകും. അന്വേഷണ സംഘം കരിപ്പൂരില്‍ എത്തിയതായും അന്വേഷണം തുടങ്ങിയതായും മന്ത്രി വ്യക്തമാക്കി.
വ്യോമ സേനയില്‍ പ്രവര്‍ത്തിച്ച കാലത്ത് രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയിട്ടുള്ള ആളാണ് പൈലറ്റ് ക്യാപ്റ്റന്‍ ഡി വി സാഠേയെന്ന് മന്ത്രി പറഞ്ഞു. സഹപൈലറ്റും പരിചയ സമ്പത്തുള്ള ആളായിരുന്നു. പൈലറ്റുമാരുടെ കുടുംബാംഗങ്ങളുടെ നഷ്ടം വിലമതിക്കാനാകാത്തതാണെന്നും മന്ത്രി വ്യക്തമാക്കി.