Covid19
24 മണിക്കൂറിനിടെ രാജ്യത്ത് 61,537 പുതിയ കൊവിഡ് ബാധിതർ; രോഗബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്

ന്യൂഡൽഹി| അമേരിക്കക്കും ബ്രസീലിനും ശേഷം പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി കൊവിഡ് ബാധിച്ചരുടെ എണ്ണം 61,537 ആയി ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് രോഗബാധിതരുടെ എണ്ണം 60,000 കടക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിന് അടുത്തെത്തി. ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 933 പേരാണ്. ഇ തോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത് 42,518 പേരാണ്.
ഇതുവരെ 20,88,612 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6,19,088 ആളുകൾ നിലവിൽ ചികിത്സയിലാണ്. 14,27,006 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ജൂലൈ ആദ്യം ഇന്ത്യയിൽ ആറ് ലക്ഷം കേസുകളാണുണ്ടായിരുന്നത്. മാസാവസാനത്തോടെ ഇത് 16 ലക്ഷം ആയി ഉയർന്നു.
ഇന്നലെ വരെ രാജ്യത്ത് 2,33,87,171 സാംപിളുകൾ പരിശോധന നടത്തിയതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇന്നലെ മാത്രം 5,98,778 സാംപിളുകൾ പരിശോധിച്ചെന്നും ഐ സി എം ആർ വ്യക്തമാക്കി