Connect with us

Kerala

അപകട സ്ഥലത്ത് കൈമെയ് മറന്ന് നാട്ടുകാര്‍; രക്ത ബേങ്കിന് മുന്നില്‍ നന്‍മയുടെ വലിയ നിര

Published

|

Last Updated

കരിപ്പൂര്‍ | വിമാനദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായവുമായി ആദ്യം ഓടിയെത്തിയത് കരിപ്പൂരിലെ നാട്ടുകാരാണ്. ജീവന് വേണ്ടി കേഴുന്ന പലരേയും വാരിയെടുത്ത് കിട്ടിയ വാഹനങ്ങളിലായി ആശുപത്രിയിലെത്തിച്ചതും ഇവരാണ്. ദുരന്തത്തിന്റെ ആഘാതം കുറച്ചതും നല്ലവരായ ഈ നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ്. പരുക്കേറ്റവര്‍ക്ക് രക്തം നല്‍കി സഹായിക്കാന്‍ അര്‍ധ രാത്രിയും രക്തബേങ്കിന് മുന്നില്‍ ക്യൂ തന്നെ രൂപപ്പെട്ടത് ഇവരുടെ നന്‍മയുടെ മറ്റൊരു ഉദാഹരണമായിരുന്നു. പരുക്കേറ്റവര്‍ക്ക് രക്തം ആവശ്യമുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നാണ് നിരവധി പേര്‍ ബ്ലഡ് ബേങ്കിന് മുന്നിലെത്തിയത്. കോഴിക്കോട് മെഡി.കേളേജിലും കനത്തമഴയെ പോലും വകവയ്ക്കാതെ നിരവധി പേര്‍ ബ്ലഡ് ബേങ്കിന് മുന്നില്‍ വരിനിന്നു.

അധികൃതരോടൊപ്പം കൈമെയ് മറന്ന് നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെയാണ് വെറും ഒന്നരമണിക്കൂറില്‍ തകര്‍ന്ന് വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കിയത്. വിമാനത്തിന്റെ മുന്‍ ഭാഗം ഇടിച്ച് തകര്‍ത്ത മതിനിലിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്. കോരിച്ചൊരിയുന്ന മഴയും കൂരിരുട്ടും ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെങ്കിലും ഒന്നരമണിക്കൂറിനകം അവസാനത്തെ ആളെ അടക്കം പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.