Connect with us

Kerala

കേരളം കടുത്ത ദുരന്തങ്ങളുടെ നടുവില്‍; രക്ഷാപ്രവര്‍ത്തനം നടത്തുക, പ്രാര്‍ഥനാനിരതരാവുക: കാന്തപുരം

Published

|

Last Updated

കോഴിക്കോട് | കരിപ്പൂരിലെ വിമാന ദുരന്തത്തില്‍ കടുത്ത വേദനയും അനുശോചനവും അറിയിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. എത്രയെത്ര പ്രതീക്ഷകളോടെയായിരിക്കും അവര്‍ നാട്ടിലേക്കു പുറപ്പെട്ടിട്ടുണ്ടാവുക. കൊവിഡ് ഉണ്ടാക്കിയ ഭീതിയില്‍ നിന്നും പ്രിയപ്പെട്ടവരിലേക്കുള്ള ആ യാത്ര കേരളം കണ്ട ഏറ്റവും വലിയ വിമാനാപകടത്തിലാണ് എത്തിയത്. വിമാനം പകുത്തു മുറിഞ്ഞെങ്കിലും മിക്കവാറും പേര്‍ രക്ഷപ്പെട്ടു. എന്നാല്‍, പൈലറ്റും സഹപൈലറ്റും അടക്കം പതിനഞ്ചിലധികം ആളുകള്‍ മരിച്ചു. സമാനമായ അപകടങ്ങള്‍ മിക്കവയും തീപിടിത്തത്തില്‍ ആണ് കലാശിക്കാറെങ്കിലും, ഇവിടെ അത് സംഭവിച്ചില്ല എന്നത് ഏറെ ആശ്വാസകരമാണെന്നും കാന്തപുരം എഫ് ബി പോസ്റ്റില്‍ പറഞ്ഞു.

പല ആശുപത്രികളിലും രക്തം ആവശ്യമാണ്. സാധ്യമാകുന്നവര്‍ അത് നല്‍കണം. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിച്ചാവണം രക്ഷാപ്രവര്‍ത്തനം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ “സഹായിയുടെ” പ്രവര്‍ത്തകര്‍ സജീവമായി ഉണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ സാന്ത്വനം പ്രവര്‍ത്തകരും ആവശ്യമായ എല്ലാ സഹായവും നല്‍കിവരുന്നു. ഏറ്റവും അനിവാര്യമായ ആളുകള്‍ മാത്രം സഹായത്തിനിറങ്ങുക. ഒരിക്കലും കാഴ്ചക്കാരാകാന്‍ വേണ്ടി വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്. ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസുകാരുടെയും ദുരന്ത നിവാരണ സേനാംഗങ്ങളുടെയും നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണം.

അപകടത്തില്‍ പെട്ടവരുടെ സ്വകാര്യതയെ ലംഘിക്കുന്ന ചിത്രങ്ങള്‍, വീഡിയോകള്‍ പ്രചരിപ്പിക്കരുത്. പ്രത്യേകിച്ചും, മാരകമായ പരുക്കുകള്‍ ഉള്ളവ. സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കാതിരിക്കാനും ശ്രദ്ധിക്കണം. കേരളം സമാനതകളില്ലാത്ത ദുരന്തത്തിന്റെ നടുവിലാണ്. ഇടുക്കിയിലെ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ മരണപ്പെട്ട വിവരം കേട്ടാണ് ഇന്നത്തെ പ്രഭാതം പുലര്‍ന്നത്. വൈകുന്നേരം കരിപ്പൂരിലെ ദുരന്തവും സംഭവിച്ചു. പ്രാര്‍ഥനാ നിരതരാവുക. അല്ലാഹു നമ്മുടെ നാടിന് രക്ഷ നല്‍കട്ടെയെന്നും കാന്തപുരം പറഞ്ഞു.

Latest