Connect with us

Gulf

സങ്കടക്കടല്‍ നീന്തി വിമാനം കയറി; എത്തിപ്പെട്ടത് ദുരന്ത മുഖത്ത്

Published

|

Last Updated

ദുബൈ | ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരില്‍ അപകടത്തില്‍പെട്ടത് ഗള്‍ഫിലും നടുക്കമായി. നാട്ടില്‍ കാലാവസ്ഥ മോശമാണെന്നതിനാല്‍ വിമാന യാത്ര ദുഷ്‌കരമാകുമെന്ന നിഗമനം ഉറപ്പിക്കുന്ന അപകടമാണ് കരിപ്പൂരില്‍ ഉണ്ടായത്. വരും ദിവസങ്ങളില്‍ യാത്ര ചെയ്യാനിരിക്കുന്നവര്‍ക്കു ആശങ്ക വര്‍ധിപ്പിച്ചു.

ഇന്നലെ ഉച്ചക്ക് 2.15 ന് ദുബൈ രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ രണ്ടില്‍ നിന്ന് പുറപ്പെട്ട, വന്ദേ ഭാരത് ദൗത്യത്തിലുള്ള വിമാനമാണിത്. 189 പേരാണ് സീറ്റ് ബുക്ക് ചെയ്തത്. ഇതില്‍ 174 പേരാണ് യാത്ര ചെയ്തത്. നിരവധി കുടുംബങ്ങളും ഉണ്ട്. കൊടുവള്ളി സ്വദേശി സൈഫുദ്ധീന്‍ പടിപ്പട്ട ചാലില്‍ (43) ഭാര്യയും മൂന്ന് കുട്ടികളുമായാണ് യാത്ര ചെയ്തത്. സന്ദര്‍ശക വിസയില്‍ ദുബൈയില്‍ എത്തിയ ഭാര്യ ഫസലുന്നിസ, മക്കളായ സന ഫാത്തിമ (13), മുഹമ്മദ് സഹില്‍ (10), ഷെന്‍സ ആയിഷ (2) എന്നിവര്‍ വിസ കാലാവധി കഴിഞ്ഞതിനാല്‍ മടങ്ങുകയായിരുന്നു. വിസ കാലാവധി കഴിഞ്ഞവര്‍ ഈ മാസം പത്തിന് മുമ്പ് രാജ്യം വിടണമെന്ന് യു എ ഇ നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു.

തൊഴില്‍ നഷ്ടപ്പെട്ടോ വിസ കാലാവധി കഴിഞ്ഞോ ഉള്ള യാത്രക്കാരാണ് ഭൂരിപക്ഷവും. കാസര്‍കോട് പുല്ലൂര്‍ പെരിയയിലെ അബ്ദുല്‍ റഫി അബ്ദുല്‍ ഹമീദ് (39) തൊഴില്‍ നഷ്ടപ്പെട്ടാണ് ദുബൈ വിട്ടത്. വിമാനത്തില്‍ പത്ത് കുട്ടികള്‍ ഉണ്ടായിരുന്നു. യാത്രക്കാരുടെ ഉറ്റവര്‍ വിവരങ്ങള്‍ക്ക് വേണ്ടി നാടുമായി നിരന്തരം ബന്ധപ്പെട്ടു. ഗള്‍ഫില്‍ വെള്ളിയാഴ്ച വാരാന്ത്യ അവധിയായതിനാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരെ ബന്ധപ്പെടുക എളുപ്പമായിരുന്നില്ല. പല യാത്രക്കാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നാണ് വിവരം.

പൈലറ്റിന്റെ മരണ വിവരമാണ് ആദ്യം അറിഞ്ഞത്. വിമാനം നെടുകെ പിളര്‍ന്നുവെങ്കിലും അഗ്‌നിബാധ നടക്കാത്തത് ഭാഗ്യമായി. ജീവിത ശൈലീ രോഗം മൂര്‍ച്ഛിച്ച ബാലുശ്ശേരി സ്വദേശി സി പി രാജീവന്‍ (61) ചികിത്സക്കാണ് നാട്ടിലേക്ക് തിരിച്ചത്. കൊടിയത്തൂര്‍ മുക്കം സ്വദേശി മുഹമ്മദ് ഫാസില്‍ കൊട്ടമ്മല്‍ (28) സ്വന്തം കല്യാണാവശ്യത്തിനാണ് യാത്ര ചെയ്തത്. മിക്കവരും സന്ദര്‍ശക വിസയിലെത്തി, കൊവിഡ് കാരണം ദീര്‍ഘ നാളായി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത ആളുകളാണ്. യു എ ഇ ഭരണകൂടം വിസ കാലാവധി നീട്ടി നല്‍കിയതിനാല്‍ പിഴയില്ലാതെ എമിഗ്രെഷന്‍ ക്ലിയറന്‍സ് കിട്ടി. വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന ഉണ്ടായിരുന്നു. മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest