ഇന്ത്യ-യു എ ഇ സാധാരണ വിമാനം സെപ്തംബറിൽ

Posted on: August 7, 2020 3:05 pm | Last updated: August 7, 2020 at 3:05 pm

ദുബൈ | ഇന്ത്യ -യു എ ഇ സാധാരണ വിമാന സേവനം അടുത്ത മാസം പുനഃരാരംഭിക്കുമെന്നു സൂചന. അടുത്ത മാസം മധ്യത്തിൽ സ്പൈസ് ജെറ്റ് ദുബൈ -കൊച്ചി വിമാന ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, വന്ദേ ഭാരത് ദൗത്യം ഈ മാസം അവസാനം വരെയുള്ള ഷെഡ്യൂൾ ആണ് തയാറാക്കിയിട്ടുള്ളത്.

ട്രാവൽ വെബ്സൈറ്റായ സ്‌കൈസ്‌കാനർ പ്രകാരം, സെപ്റ്റംബർ മധ്യത്തിൽ കൊച്ചിയിലേക്കുള്ള വൺ-വേ ടിക്കറ്റ് നിരക്ക് സ്‌പൈസ് ജെറ്റിൽ 298 ദിർഹമാണ്. നിലവിൽ വന്ദേ ഭാരത് നിരക്ക് ശരാശരി 850 ദിർഹം. വന്ദേ ഭാരത് ആയാലും സെപ്റ്റംബറിൽ നിരക്ക് നന്നേ കുറയും.
അതേസമയം എമിറേറ്റ്‌സ് അതേ ലക്ഷ്യസ്ഥാനത്തേക്ക് 900 ദിർഹം ഈടാക്കും. മുംബൈയിലേക്കു 329 ദിർഹം, ലാഹോറിലേക്കു 740 ദിർഹം എന്നിങ്ങനെയാണ് ബുക്കിംഗ്. യു എ ഇയിൽ നിന്ന് യൂറോപ്പിലെയും ഏഷ്യയിലെയും ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങൾ വർധിക്കും. രാജ്യങ്ങൾ കൊവിഡ് -19 നടപടികൾ ലഘൂകരിക്കും.
യാത്രക്കാരെ ആകർഷിക്കുന്നതിന്നായി എയർലൈൻ വമ്പൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. പല സർക്കാരുകളും സെപ്റ്റംബറിലെ ഷെഡ്യൂളുകൾ അംഗീകരിച്ചിട്ടില്ലെങ്കിലും, പ്രധാനപ്പെട്ട റൂട്ടുകളിൽ വളരെ കുറഞ്ഞ നിരക്കിൽ വിമാനങ്ങൾ ലിസ്റ്റുചെയ്യുന്നതിന് എയർലൈനറുകൾ സ്വയം തീരുമാനിച്ചിട്ടുണ്ട്

യു എ ഇ താമസ വിസക്കാർ വൻതോതിൽ മടങ്ങിയെത്തുമെന്നു കണക്കാക്കിയാണിത്. മഹാമാരിക്ക് മുമ്പുള്ള വാണിജ്യ വിമാന നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലേക്കുള്ള ചാർട്ടേഡ് വിമാന ടിക്കറ്റുകൾക്ക് 400 ദിർഹം വരെ കൂടിയതായി അൽ അബ്ബാസ് ട്രാവൽസ് അധികൃതർ പറയുന്നു.

‘വന്ദേ ഭാരത്’ വിമാനങ്ങൾക്ക് ഒരു ടിക്കറ്റിന് ശരാശരി 900 ദിർഹമാണ് നിരക്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ശരാശരി 500 ദിർഹമായിരുന്നു