Connect with us

Kerala

ലയങ്ങളില്‍ ദുരന്തമുണ്ടാകുന്നത് അപൂര്‍വം; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം: മന്ത്രി എംഎം മണി

Published

|

Last Updated

തിരുവനന്തപുരം | രാജമല പൊട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്ന് മന്ത്രി എംഎം മണി. ദുരന്ത ഭൂമിയിലേക്ക് എത്തിപ്പെടുക തന്നെ പ്രയാസകരമാണ്. രക്ഷാപ്രവര്‍ത്തനത്തിന് കാലാവസ്ഥയും തടസ്സമാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വൈകീട്ട് ദുരന്ത ഭൂമി സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടെ സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും ഹെലികോപ്റ്റര്‍ യാത്ര അസാധ്യമായതിനാല്‍ തല്‍കാലം പോകാനാകില്ലെന്ന് എംഎം മണി പറഞ്ഞു.

ലയങ്ങള്‍ ഭൂപ്രകൃതിക്ക് അനുസൃതമായാണ് ഒരുക്കുന്നത്. രാജമലയിലെ ലയങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവിടെ ഇതുവരെ അപകടമുണ്ടായിട്ടില്ല. ഇത്തവണ അപകടം എങ്ങനെ ഉണ്ടായി എന്നത് വ്യക്തമല്ല. ഉയരം കൂടിയ പ്രദേശമായതിനാല്‍ രാജമലയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ പ്രയാസം അനുഭവപ്പെടുന്നുണ്ട്. ശക്തമായ കാറ്റുവീശുന്നതും രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഏഴ് പേരുടെ മൃതദേഹം ഇതിനകം കണ്ടെടുത്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഇടുക്കി ഡാം ആവശ്യമെങ്കില്‍ തുറക്കും. ഇപ്പോള്‍ തുറക്കേണ്ട സ്ഥിതിയില്‍ എത്തിയിട്ടില്ല. ചെറുകിട ഡാമുകള്‍ എല്ലാം തുറന്നുവിടുമെന്നും മന്ത്രി അറിയിച്ചു.