Connect with us

National

34 വര്‍ഷത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റി മറിക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

മഹാരാഷ്ട്ര| ഇന്ത്യയിലെ 34 വര്‍ഷം പഴക്കമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിയെഴുതുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ദേശീയ വിദ്യാഭ്യാസ നയം ഏതെങ്കിലും പ്രദേശത്തുള്ളവരോട് പക്ഷപാതം കാണിച്ചിട്ടില്ലെന്നും അത് ഉത്സാഹഭരിതമായ ഒന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ ഉന്നത വിദ്യാഭ്യാസത്തിലെ പരിവര്‍ത്തന പരിഷ്‌കാരങ്ങളുടെ കോണ്‍ക്ലേവ് എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും മാനവവിഭവശേഷി മന്ത്രാലയവും സംയുക്തമായാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിസഭ അംഗീകരിച്ച എന്‍ ഇ പി 34 വര്‍ഷം പഴക്കമുള്ള വിദ്യാഭ്യാസ നയം മാറ്റി സ്ഥാപിക്കുന്നു. കൂടാതെ സ്‌കൂളിലും ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിലും പരിവര്‍ത്തന പരിഷ്‌കാരത്തിന് വഴിയൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇന്ന് ഇന്ത്യയിലുടനീളം ഇതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ ചെയ്യും. ആളുകള്‍ ഇത് സംബന്ധിച്ച് അവരുടെ ചിന്തകള്‍ പങ്ക് വെക്കും. ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ഇത് എങ്ങനെ നടപ്പാക്കുമെന്നാണെന്നും മോദി പറഞ്ഞു.

അഞ്ചാംക്ലാസ് വരെ വിദ്യാര്‍ഥികളെ മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ പഠിപ്പിക്കണം എന്ന ശുപാര്‍ശയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന പ്രത്യേകത. വിദ്യാര്‍ഥികളെ അവരുടെ മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ പഠിപ്പിക്കുമ്പോള്‍ അവരുടെ അറിവ് വളരെ ഗ്രാഹ്യമുള്ളതാകുന്നുവെന്നും ഒരു വിഷയത്തെ കുറിച്ച് കൂടുതല്‍ മനസ്സിലായാല്‍ ഭാവി ദൃഡമാകുമെന്നും മോദി പറഞ്ഞു.

പഴയ വിദ്യാഭ്യാസ നയം ചിന്തിക്കേണ്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ പുതിയ നയം എങ്ങനെ ചിന്തിക്കണം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് പ്രധാന വ്യത്യാസമാണെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.