Connect with us

National

പൽഘാർ ആൾക്കൂട്ടക്കൊല: പോലീസുകാർക്കെതിരെയുള്ള അന്വേഷണവിവരങ്ങൾ ഹാജരാക്കാൻ സുപ്രിം കോടതി നിർദേശം 

Published

|

Last Updated

ന്യൂഡൽഹി| പൽഘാർ ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടത്തിയ അന്വേഷണത്തിന്റെ മുഴുവൻ വിശദാംശങ്ങളും ഹാജരാക്കാൻ മഹാരാഷ്ട്ര സർക്കാറിന് സുപ്രീം കോടതി നിർദേശം. സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹരജി പരിഗണിക്കുന്നതിനിടയിലാണ് അശോക് ഭൂഷൻ,ആർ സുഭാഷ് റെഡ്ഡി എന്നിവരുടെ നേത്വത്തിലുള്ള ബഞ്ച് സംസ്ഥാന സർക്കാറിന് നിർദേശം നൽകിയത്. മാധ്യമ വിവരമനുസരിച്ച് ചാർജ് ഷീറ്റ് 10,000 പേജ് വരുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

പോലീസുകാർക്കെതിരേ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളും അവർക്കെതിരേ സ്വീകരിച്ച നടപടികളും എന്താണെന്ന് ആരാഞ്ഞ കോടതി അതിന്റെ പൂർണവിവരങ്ങൾ ഹാജരാക്കാനും ആവശ്യപ്പെട്ടു. കേസ് മൂന്നാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. ആൾക്കൂട്ടകൊല ആരോപിച്ച് സി ബി ഐയും എൻ ഐ എയും പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ ജൂൺ 11ന് സുപ്രിം കോടതി സംസ്ഥാന സർക്കാറിന്റെ പ്രതികരണം തേടിയിരുന്നു. ജുന അഖാരയിലെ സന്യാസിമാരും മരിച്ചവരുടെ ബന്ധുക്കളും സമർപ്പിച്ച ഹരജികൾ ഉൾപ്പെടെ ബഞ്ച് പരിഗണിച്ചിരുന്നു. പക്ഷപാതപരമായാണ് സംസ്ഥാന പോലീസ് അന്വേഷണം നടത്തുന്നതെന്ന് ഹരജിയിൽ ആരോപിക്കുന്നു. സന്യാസിമാരെ ജനക്കൂട്ടത്തിന് ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് പൊതുതാത്പര്യ ഹരജി സമർപ്പിച്ച ജുന അഖാരയുടെ അഭിഭാഷകൻ പറഞ്ഞു. അതൊരു കൂട്ടക്കൊല തന്നെയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

മഹാരാഷ്ട്രയിലെ കാന്തിവല്ലിയിൽ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന രണ്ട് സന്യാസിമാരടക്കം മൂന്നു പേരെയാണ് പൽഘാറിൽ വച്ച് ആൾക്കൂട്ടം ഏപ്രിൽ 16ന് കല്ലെറിഞ്ഞ് കൊന്നത്. മൂന്നാമൻ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ്. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് മൂവർക്കുമെതിരേ ആക്രമണം അഴിച്ചുവിട്ടത്. കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

Latest