നെഹ്‌റുവല്ലാതെ ബദലില്ല

തീവ്ര ഹിന്ദുത്വ ദേശീയതയെ അതിന്റെ മൃദു രൂപം കൊണ്ട് തോല്‍പ്പിക്കാമെന്നത് ഇനിയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആരും കരുതരുത്. ഇനിയെന്തു വന്നാലും വേണ്ടത് ഒരു ബദലാണ്. അത് രാജ്യത്തിന്റെ ആത്മാവ് കുടികൊള്ളുന്ന മൂല്യങ്ങളില്‍ ഉറച്ചതുമായിരിക്കണം.
Posted on: August 6, 2020 5:03 am | Last updated: August 6, 2020 at 2:11 am

അയോധ്യയില്‍ സംഘ്പരിവാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്ഷേത്രത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്നലെ കഴിഞ്ഞു. ഇതുസംബന്ധിച്ച് രാജ്യത്ത് പ്രധാനമായും രണ്ട് വികാരങ്ങളാണ് ഉള്ളത്. ഒന്ന്, ക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കുന്നത്. മറ്റൊന്ന്, കോടതി വിധി ക്ഷേത്ര നിര്‍മാണം ആവശ്യപ്പെടുന്നതിനാല്‍ തടയാനില്ലെങ്കിലും പള്ളിപൊളിച്ചിടത്ത് ക്ഷേത്രം പണിയുന്നതിനോടുള്ള വിയോജിപ്പ്. ബി ജെ പിയുടെ നിലപാട് ഇതില്‍ വ്യക്തമാണ്. മതനിരപേക്ഷ പാര്‍ട്ടികള്‍ക്കിടയിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. അതില്‍ പ്രധാനമായും കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. എന്നാല്‍ ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് രാമക്ഷേത്രം പണിയട്ടെ എന്നു തന്നെയാണ് സി പി എമ്മിന്റെ തീരുമാനം. പക്ഷേ, ഇവിടെ ഞാന്‍ കോണ്‍ഗ്രസിനകത്തെ വ്യത്യസ്ത നിലപാടുകളെ കുറിച്ച് മാത്രമാണ് പറയുന്നത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഗാന്ധി വധം പോലെ, ബാബരി ധ്വംസനം പോലെ ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തിയ വേറെ സംഭവങ്ങള്‍ ഇല്ലെന്നാണ് ഞാനുറച്ച് വിശ്വസിക്കുന്നത്. രണ്ടിന്റെയും പിന്നില്‍ ഇന്ത്യാ ഉപഭൂഖണ്ഡം കണ്ടതില്‍ വെച്ചേറ്റവും കടുത്തതും ശക്തിയുള്ളതും അപകടകരമായ ആശയ പിന്‍ബലമുള്ളതുമായ സംഘ്പരിവാറായിരുന്നു. ഗാന്ധി വധത്തെ അവര്‍ പല രൂപത്തില്‍ ന്യായീകരിക്കുന്നതും പുനരവതരിപ്പിക്കുന്നതും ഗാന്ധി ഘാതകരെ പൂജിക്കുന്നതും നാം കണ്ടതാണ്.

ബാബരി മസ്ജിദില്‍ വിഗ്രഹം കൊണ്ടുവന്ന് വെച്ചത് തെറ്റ്, അത് പൊളിച്ചത് വലിയ തെറ്റ് എന്നിങ്ങനെയാണ് സുപ്രീം കോടതി വിധി നീണ്ടത്. ഒടുവില്‍ പള്ളി ഇരുന്നിടത്ത് ക്ഷേത്രം പണിയാമെന്ന് ഉപസംഹാരവും. പരമോന്നത നീതിപീഠം വിധി പുറപ്പെടുവിച്ചാല്‍ വിയോജിപ്പുകളുണ്ടെങ്കിലും അത് മാനിക്കാനുള്ള മര്യാദ ഇവിടുത്തെ ജനാധിപത്യ മതേതര വിശ്വാസികള്‍ക്കുണ്ട്. എന്നുകരുതി, ബാബരി ധ്വംസനം മറക്കണമെന്നോ അതേ തുടര്‍ന്നുണ്ടായ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങള്‍ ഓര്‍ക്കാതിരിക്കണമെന്നോ ആരും നിഷ്‌കളങ്കപ്പെടരുത്. എന്നിട്ടും അയോധ്യാ വിഷയത്തിലെ സുപ്രീം കോടതി വിധിയെ എല്ലാവരും മാനിക്കുന്നുണ്ട്. അതിനര്‍ഥം, ബാബരി മസ്ജിദ് തകര്‍ത്തതിനെ അംഗീകരിക്കുന്നു എന്നാണോ? ആകരുത്. കോണ്‍ഗ്രസിനകത്ത് രൂപപ്പെടുന്ന മറ്റൊരു അഭിപ്രായം, ക്ഷേത്ര നിര്‍മാണം കോടതി വിധിയുടെ പശ്ചാത്തലത്തിലായതിനാല്‍ ഉത്തരേന്ത്യയില്‍ ഇതിനോടകം ആഴത്തില്‍ വേരോടിയ ശ്രീരാമ പ്രഭാവത്തെ സംഘ്പരിവാറിന് വിട്ടുകൊടുക്കാതെ ക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കണമെന്നുള്ളതാണ്.

ഒരു പക്ഷേ, പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന ഈ അഭിപ്രായത്തിന്റെ പ്രതിഫലനമാകാം. എന്നാല്‍ ഞാനിതിനോടും വിയോജിക്കുകയാണ്. പകരം, രാമന്‍ ഒരിക്കലും അതിക്രമത്തിന്റെയോ വെറുപ്പിന്റെയോ അനീതിയുടെയോ രൂപേണ നിലനില്‍ക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയായിരുന്നു വേണ്ടിയിരുന്നത്. അതായത്, ഒരു മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിതാല്‍ സന്തുഷ്ടനാകുന്നവനല്ല ഹിന്ദുവിന്റെ രാമന്‍ എന്നാണ് അത് പറയുന്നത്. സംഘ്പരിവാറിന്റെ മതരാഷ്ട്ര സങ്കല്‍പ്പത്തില്‍ രാമന്റെ പേരില്‍ കൊടും കൊലകളും കലാപങ്ങളും അരങ്ങേറും. അങ്ങനെയൊരു ശ്രീരാമനെ ഇവിടെ ഏത് ഹിന്ദു ധര്‍മത്തിനാണ് പരിചയമുള്ളത്? സംഘ്പരിവാറിന്റെ ഈ ആണാധികാര- രോഷാകുല രാമനോടോ ആ രാമരാജ്യത്തോടോ എനിക്ക് യാതൊരു പ്രതിബദ്ധതയുമില്ല.

മത പാരസ്പര്യത്തിന്റെ, ദേശാന്തര സാഹോദര്യത്തിന്റെ പ്രതീകമായ ഒരു രാമനെ മാത്രമേ ഹിന്ദുക്കള്‍ക്കും വേണ്ടൂ. സത്യത്തില്‍ അയോധ്യയില്‍ രാമ ജന്മഭൂമി എന്നടയാളപ്പെടുത്തുന്ന അനേകം ക്ഷേത്രങ്ങള്‍ വേറെയുമുണ്ട്. സംഘ്പരിവാര്‍ പണിയാന്‍ പോകുന്ന ക്ഷേത്രത്തിന് ഒരിക്കലും ഈ ക്ഷേത്രങ്ങളുടെ പവിത്രത ഉണ്ടാകാന്‍ പോകുന്നില്ല.

ദിനേന ആയിരങ്ങള്‍ മഹാമാരിവന്ന് മരിച്ചുവീഴുന്ന ഒരു രാജ്യത്ത് ആശുപത്രികളേക്കാള്‍ സര്‍ക്കാറിന് മുഖ്യം വിഭാഗീയതയുടെ പ്രതീകമായ ഒരു ക്ഷേത്ര മന്ദിരമാണോ? കൊവിഡ് പ്രതിരോധ മേഖലയില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പി പി ഇ കിറ്റ് കൊടുക്കാന്‍ നിവൃത്തിയില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ പൊതു ഖജനാവില്‍ നിന്ന് ക്ഷേത്ര നിര്‍മാണ ട്രസ്റ്റിലേക്ക് പണം മാറ്റിയെന്നത് എന്തുമാത്രം അപകടകരമായ ഒരു നയമാണ്.
എന്നാല്‍, തറക്കല്ലിടുന്ന പരിപാടിക്ക് വിളിച്ചില്ലെന്ന് പരിഭവം പറയുക വഴി കമല്‍ നാഥും ദിഗ് വിജയ് സിംഗും സ്വയം അപഹാസ്യരാകുകയാണ് ചെയ്തത്. ബാബരി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോകാനാണ് പാര്‍ട്ടി തയ്യാറാകേണ്ടത്. ഇത് സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കഴിഞ്ഞ ദിവസം നല്‍കിയ കത്തില്‍ ഞാന്‍ വ്യക്തമാക്കിയ കാര്യം, ബാബരിയുടെ ധ്വംസനം അങ്ങേയറ്റം മുറിവേല്‍പ്പിച്ച ലക്ഷോപലക്ഷം ആളുകള്‍ ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ടെന്നത് മറക്കരുതെന്നും അവരെ ഉള്‍ക്കൊള്ളാനും നിരാശയിലേക്ക് തള്ളിവിടാതിരിക്കാനും പാര്‍ട്ടിക്ക് ബാധ്യതയുണ്ടെന്നുമാണ്.

തീവ്ര ഹിന്ദുത്വ ദേശീയതയെ അതിന്റെ മൃദു രൂപം കൊണ്ട് തോല്‍പ്പിക്കാമെന്നത് ഇനിയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആരും കരുതരുത്. ഇനിയെന്തു വന്നാലും വേണ്ടത് ഒരു ബദലാണ്. അത് രാജ്യത്തിന്റെ ആത്മാവ് കുടികൊള്ളുന്ന മൂല്യങ്ങളില്‍ ഉറച്ചതുമായിരിക്കണം. സര്‍ക്കാര്‍-പൊതു ഇടങ്ങളില്‍ ആര്‍ എസ് എസിന്റെ ശാഖകള്‍ നിരോധിക്കുമെന്ന് തിരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ച, അധികാരത്തില്‍ വന്നപ്പോള്‍ അത് നടപ്പാക്കിയ കമല്‍ നാഥിന് ഇപ്പോഴുള്ള ഈ അയോധ്യാ നിലപാടില്‍ തന്റേതായ ന്യായീകരണം കണ്ടേക്കും. എന്നാല്‍ അത്തരം സാധൂകരണങ്ങള്‍ തീരുന്നിടത്ത് തുടങ്ങുന്നതാണ് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും മഹാത്മാ ഗാന്ധിയുടെയും മൗലാനാ ആസാദിന്റെയുമൊക്കെ പാരമ്പര്യം.