കോണ്‍ഗ്രസും ഹിന്ദുത്വ താത്പര്യങ്ങളും

ബാബരി മസ്ജിദ് പൊളിച്ചത് ക്രിമിനല്‍ കൈയേറ്റം ആണെന്ന് പറഞ്ഞ അതേ കോടതി തന്നെയാണ്, അവിടെ അമ്പലം പണിയണമെന്ന വിധി പ്രസ്താവം നടത്തുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധി നടപ്പിലാക്കപ്പെടുമെന്ന് നമുക്കറിയാം. അതേസമയം, സാമാന്യ നീതിബോധം ഉള്ള ഒരാള്‍ക്കും അതിനെ സ്വാഗതം ചെയ്യാനോ അതില്‍ അഭിമാനിക്കാനോ കഴിയില്ല, എത്ര വലിയ നേതാവായാലും.
(രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍, സ്റ്റേറ്റ് ഇന്‍ചാര്‍ജ്)
Posted on: August 6, 2020 5:01 am | Last updated: August 6, 2020 at 12:19 pm

രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്തും ഭൂമിപൂജയിലേക്ക് ക്ഷണിക്കാത്തതില്‍ നീരസം പ്രകടിപ്പിച്ചും കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് നടത്തിയ പ്രസ്താവന വിവാദമായിരിക്കുന്ന സാഹചര്യമാണല്ലോ. സംഘ്പരിവാറിനെയാണ് കോണ്‍ഗ്രസ് പിന്‍പറ്റുന്നതെന്ന് അതിന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് ആക്ഷേപിക്കാന്‍ ഒരു അവസരം കൂടി ആയിരിക്കുകയാണ്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസില്‍ നിന്ന് പല നേതാക്കളും ഒറ്റക്കും കൂട്ടായും സംഘ്പരിവാറിന്റെ പാളയത്തിലെത്തിയിട്ടുണ്ട് എന്നത് വസ്തുതയാണ്. അതെന്തുകൊണ്ട് എന്ന ചോദ്യത്തിന്റെ അതിലളിതമായ ഉത്തരം, അവിടുത്തെ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നതാണ്. അതേസമയം, ത്രിപുരയിലും പശ്ചിമ ബംഗാളിലും പാര്‍ട്ടി ഓഫീസുകള്‍ അടക്കം പരിവാര്‍ ക്യാമ്പിലെത്തിയത് സി പി എമ്മില്‍ നിന്നാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരിക്കലും അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടില്ലാത്ത, മുഖ്യധാരയിലേയില്ലാത്ത മാവോയിസ്റ്റുകളുമായി സംഘ്പരിവാറിനുള്ള രഹസ്യവും പരസ്യവുമായ ബന്ധങ്ങള്‍ അടുത്ത കാലത്ത് വാര്‍ത്തയായിട്ടുണ്ട്. അതായത്, ഏതാണ്ട് എല്ലാ പാര്‍ട്ടികളിലും ഏറിയും കുറഞ്ഞും ഹിന്ദുത്വ താത്പര്യങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് / പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് അടിസ്ഥാന യാഥാര്‍ഥ്യം. ഏറ്റവും കൂടുതല്‍ കാലം അധികാരത്തിന്റെ ഭാഗമായിട്ടുള്ള പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസില്‍ സ്വാഭാവികമായും അത് കുറച്ച് കൂടുതല്‍ പ്രതിഫലിച്ചിരിക്കാം. അതേസമയം, അത്തരം താത്പര്യങ്ങള്‍ക്കെതിരായ അതി ദീര്‍ഘമായ പോരാട്ടത്തിന്റെ ചരിത്രവും കോണ്‍ഗ്രസിനുണ്ട്. അത് ഇപ്പോഴും തുടരുന്നുമുണ്ട്.
കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിനകത്ത് ഹിന്ദുത്വ പദാവലികള്‍, ഹിന്ദുത്വ ബിംബങ്ങള്‍ ഒക്കെ ആദ്യമായി ഉപയോഗിച്ച രാഷ്ട്രീയ നേതാവ് ബാലഗംഗാധര തിലകന്‍ ആയിരുന്നു. ഹിന്ദുത്വ സ്വാഭിമാനത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി തന്നെ തിലകന്‍ രൂപപ്പെടുത്തി. ഗണേശോത്സവം പോലുള്ള ആവിഷ്‌കരണങ്ങളിലൂടെ സാംസ്‌കാരിക ദേശീയവാദത്തിന് രൂപകല്‍പ്പന നടത്തിയതും തിലകന്‍ തന്നെ. അതാണ് പിന്നീട് സംഘ്പരിവാര്‍ സമര്‍ഥമായി ഉപയോഗിച്ചത്.

എന്നാല്‍ അതിനെയെല്ലാം തട്ടിയകറ്റിയത് കോണ്‍ഗ്രസിനകത്തെ ഗാന്ധി യുഗത്തോട് കൂടിയാണ്. സാംസ്‌കാരിക ദേശീയ വാദത്തിന്റെ സ്ഥാനത്ത് സഹിഷ്ണുതയും സഹവര്‍ത്തിത്വവും ഗാന്ധി പ്രയോഗവത്കരിച്ചു. ഖിലാഫത്ത് പോലുള്ള രൂപകങ്ങളിലൂടെ ഇന്ത്യയുടെ മുസ്‌ലിം മനസ്സുമായി സാര്‍ഥകമായ സംഭാഷണത്തിന് തുടക്കമിട്ടു. അങ്ങനെ ഗാന്ധിയുടെ വരവോടെ വഴിമാറിയൊഴുകിയ കോണ്‍ഗ്രസിനകത്തെ ഹിന്ദുത്വ താത്പര്യങ്ങള്‍ ആര്‍ എസ് എസില്‍ അവലംബം തേടുകയായിരുന്നു. അങ്ങനെ ഗാന്ധിയാണ് ആ അര്‍ഥത്തില്‍ ആര്‍ എസ് എസിനെ, അതിന്റെ താത്പര്യങ്ങളെ കോണ്‍ഗ്രസിനകത്തും പുറത്തും പ്രതിരോധിച്ചത്. ആര്‍ എസ് എസിനെതിരായ പോരാട്ടത്തില്‍ ഗാന്ധിയുടെ ഏറ്റവും വലിയ സംഭാവന ആ മരണം തന്നെയാണ്. ആ ഹിന്ദുത്വ കൊലപാതകത്തോട് കൂടി ഇന്ത്യയുടെ മുഖ്യധാരയില്‍ നിന്ന് സംഘ്പരിവാരം ബഹിഷ്‌കൃതമായി. രാഷ്ട്ര രൂപവത്കരണത്തിന്റെ ആദ്യ ദശകങ്ങളില്‍ നിന്ന് തന്നെ, രാജ്യത്ത് പിടിമുറുക്കിയേക്കാവുന്ന ഹിന്ദുത്വ വിപത്തിനെ സ്വന്തം ജീവബലി കൊണ്ട് തടയുകയായിരുന്നു ഗാന്ധി. തുടര്‍ന്നങ്ങോട്ട് അംബേദ്കറുടെ ഭരണഘടനയും നെഹ്‌റുവിന്റെ ഭരണവും നമ്മുടെ മതേതര ഭാവനകള്‍ക്ക് ഊടും പാവും നല്‍കി.
ഗാന്ധിവധത്തോട് കൂടി ഇവിടുത്തെ പൊതുബോധവും പൊതുജനവും സമ്പൂര്‍ണമായി തമസ്‌കരിച്ച സംഘ്പരിവാറിന് അതിന് ശേഷം അവസരം നല്‍കിയത് ആരാണ് എന്ന് ഈ സമയത്ത് ആലോചിക്കുന്നത് നന്നായിരിക്കും. അത് അടിയന്തരാവസ്ഥയാണ് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ ഇടയില്ല. കോണ്‍ഗ്രസ് ഇതരത്വം എന്ന മുദ്രാവാക്യത്തില്‍ എല്ലാവരും ഒരുമിച്ചു. സകല സോഷ്യലിസ്റ്റുകളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളും നക്‌സലൈറ്റുകളും ഉള്‍പ്പെടെയുള്ളവര്‍ ആര്‍ എസ് എസുകാര്‍ക്ക് കൂട്ടുകാരായി ജയിലില്‍. അതിന് ശേഷം ജനതാ പരീക്ഷണത്തില്‍ ആര്‍ എസ് എസുകാര്‍ പങ്കാളിയായത് കാവികളസം ഉപേക്ഷിക്കാതെ തന്നെയാണ്. സി പി എമ്മും സഖ്യകക്ഷിയായി. പിന്നാലെ വന്ന മന്ത്രിസഭയില്‍ വാജ്പയിയും അഡ്വാനിയും മന്ത്രിമാരായി. ആ മന്ത്രിസഭയും ആ രാഷ്ട്രീയ പരീക്ഷണവും അവസാനിച്ചുവെങ്കിലും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി ആര്‍ എസ് എസ് മാറി. ഇത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഗുണകരമല്ലാത്ത മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഇലക്ടറല്‍ സമ്മര്‍ദങ്ങള്‍ ഇന്ദിരാ ഗാന്ധിയിലും മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഇന്ദിരാ ഗാന്ധിക്ക്, മാറിയ രാഷ്ട്രീയ പരിതസ്ഥിതിയില്‍ പല കാര്യങ്ങളിലും ഒത്തുതീര്‍പ്പ് വേണ്ടി വന്നു. പിന്നീടങ്ങോട്ട് അന്ന് മുതല്‍ ഇന്ന് വരെ കോണ്‍ഗ്രസിന്റെ ചരിത്രം എന്ന് പറയുന്നത് ഇത്തരം ഇലക്ടറല്‍ സമ്മര്‍ദങ്ങളുടെ കൂടി ചരിത്രമാണ്.

ALSO READ  മുച്ചൂടും മുടിയുന്നതിനു മുമ്പ്

ബാബരി മസ്ജിദിന്റെ കാര്യം പറയുമ്പോള്‍ മറക്കാന്‍ പാടില്ലാത്തതാണ് ഷാബാനു കേസ്. ഷാബാനു കേസ് പിന്നീട് ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് രാസത്വരകമായി മാറുകയായിരുന്നു. അന്ന് ഷാബാനുവിനെ പിന്തുണച്ച ആരിഫ് മുഹമ്മദ് ഖാനും പിന്നീട് ഷാബാനു തന്നെയും സംഘ്പരിവാര്‍ പാളയത്തിലെത്തിയത് രാഷ്ട്രീയത്തിലെ യാദൃച്ഛികതയായി കാണാനാകില്ല.
അന്ന് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് കോണ്‍ഗ്രസും രാജീവ് ഗാന്ധിയുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിച്ച് കൊണ്ട് കമ്മ്യൂണിസ്റ്റുകളും ആര്‍ എസ് എസും ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ളവരും രാജീവിനെതിരെ കൈകോര്‍ത്തു. മുസ്‌ലിം പ്രീണനത്തില്‍ മുഖ്യ പ്രതിസ്ഥാനത്ത് രാജീവ് അവരോധിക്കപ്പെട്ടു.

അതിനെ തുടര്‍ന്ന് നിലപാടില്‍ ഒരു യുടേണ്‍ ഷിഫ്റ്റിന് രാജീവ് നിര്‍ബന്ധിതനായി. ശിലാന്യാസം, ഗംഗാ ശുചീകരണം, രാമാനന്ദ് സാഗറിന്റെ സീരിയല്‍.. അത്തരം നടപടികളിലൂടെയുണ്ടായത് ആര്‍ എസ് എസിന്റെ ശക്തിപ്പെടലായിരുന്നു. പിന്നീട് നടന്നത് മുഴുവന്‍ എല്ലാവര്‍ക്കും അറിയുന്ന ചരിത്രം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദാരുണമായ സംഭവം കോണ്‍ഗ്രസിന്റെയും തകര്‍ച്ചക്ക് വഴിയൊരുക്കി. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കിയ സാഹചര്യങ്ങളും വഴിയൊരുക്കിയവരും വിസ്മരിക്കപ്പെട്ടു. എല്ലാം കോണ്‍ഗ്രസില്‍ മാത്രം പ്രതി ചേര്‍ക്കപ്പെട്ടു.

അപ്പോള്‍ ഭരണത്തില്‍ ഉണ്ടായിരുന്ന കക്ഷി എന്ന നിലക്ക്, അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു കാലത്തും ഒഴിഞ്ഞ് മാറാനും കഴിയില്ല. ചരിത്രത്തില്‍ നമുക്ക് തിരിച്ച് പോക്കുകളില്ല. അതേസമയം, വര്‍ത്തമാന കാലം ആവശ്യപ്പെടുന്ന ചില ബാധ്യതകളുണ്ട്. കാലം കോണ്‍ഗ്രസില്‍ ഏല്‍പ്പിച്ച കടമ, സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരെ സ്വയം നവീകരിക്കുക എന്നത് തന്നെയാണ്. അത്തരം ചില പരിശ്രമങ്ങളിലേക്കുള്ള ദിശാ സൂചനകള്‍ രാഹുല്‍ ഗാന്ധി തന്നെ ഇതിനോടകം മുന്നോട്ട് വെക്കുകയും ചെയ്തിട്ടുണ്ട്. കശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നീക്കങ്ങള്‍ക്കെതിരെ ധീരമായ രാഷ്ട്രീയ സമീപനങ്ങള്‍ സ്വീകരിച്ച രാഹുല്‍ ഗാന്ധി അന്ന് അതിനെ എതിര്‍ത്ത ജ്യോതിരാദിത്യ സിന്ധ്യയടക്കം ഉള്ളവരുടെ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങിയില്ല. പൗരത്വ ബില്ലിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളിലും അത്തരം നയനിലപാടുകള്‍ പ്രതിഫലിച്ചിരുന്നു.

പക്ഷേ, ഇപ്പോള്‍ കമല്‍ നാഥ് ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന പ്രസ്താവനകള്‍ പാര്‍ട്ടി നയത്തില്‍ നിന്ന് മാത്രമല്ല, കമല്‍നാഥിന്റെ തന്നെ മുന്‍ നിലപാടുകളില്‍ നിന്നുള്ള തിരിച്ചുപോക്കാണ്. അതിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരേണ്ടതുണ്ട്. കഴിഞ്ഞ ദിവസം, ഈ വിഷയത്തില്‍ ടി എന്‍ പ്രതാപന്‍ എം പി നടത്തിയ പ്രതികരണം പ്രധാനപ്പെട്ടതാണ്. പക്ഷേ, കൂടുതല്‍ നേതാക്കള്‍, പ്രത്യേകിച്ചും കേരളത്തില്‍ നിന്നടക്കം പ്രതികരിക്കേണ്ടത് അനിവാര്യമാണ്. അവസാനം പ്രിയങ്കാ ഗാന്ധിയുടേതായി പുറത്തുവന്ന പ്രസ്താവന, രാമക്ഷേത്ര നിര്‍മാണം ഐക്യത്തിന് തുടക്കം കുറിക്കണമെന്നാണ്. ഐക്യത്തിനുള്ള ആഗ്രഹം നല്ലതാണെങ്കിലും, അത് അടിച്ചേല്‍പ്പിക്കപ്പെടേണ്ട ഒന്നല്ല എന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കേണ്ടതുണ്ട്. ബാബരി ഇപ്പോഴും മുറിവായി അവശേഷിക്കുകയാണ്. ബാബരി മസ്ജിദ് പൊളിച്ചത് ക്രിമിനല്‍ കൈയേറ്റം ആണെന്ന് പറഞ്ഞ അതേ കോടതി തന്നെയാണ്, അവിടെ അമ്പലം പണിയണമെന്ന വിധി പ്രസ്താവം നടത്തുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധി നടപ്പിലാക്കപ്പെടുമെന്ന് നമുക്കറിയാം. അതേസമയം, സാമാന്യ നീതിബോധം ഉള്ള ഒരാള്‍ക്കും അതിനെ സ്വാഗതം ചെയ്യാനോ അതില്‍ അഭിമാനിക്കാനോ കഴിയില്ല, എത്ര വലിയ നേതാവായാലും.

ALSO READ  നൊബേല്‍; ട്രംപിന് നൽകുന്നതിലെന്ത് പുത്തരി!