Connect with us

Kerala

രാമക്ഷേത്രം; കോണ്‍ഗ്രസ് നിലപാടില്‍ ലീഗിന്റെ മറുപടിക്കായി കാതോര്‍ത്ത് രാഷ്ട്രീയ കേരളം

Published

|

Last Updated

കോഴിക്കോട് | അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ എത്തിയതോടെ വെട്ടിലായ മുസ്ലിംലീഗ് വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് യോഗം ചേരും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിലാണ് യോഗം.

രാമക്ഷേത്ര നിര്‍മാണം രാജീവ് ഗാന്ധി ആഗ്രഹിച്ചതാണന്നും ക്ഷേത്ര നിര്‍മാണത്തിന് പാര്‍ട്ടി വെള്ളി ഇഷ്ടിക സംഭാവന ചെയ്യുമെന്നും ഇത് രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നമാണെന്നുമുള്ള കോണ്ഗ്രസ് നേതാക്കളുടെ പ്രസ്താവന രംഗത്തുവന്നതോടെ കേരളത്തിലെ യു ഡി എഫിനുള്ളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ക്ഷേത്രനിര്‍മാണത്തിന്റെ ഭൂമി പൂജക്ക് ക്ഷണിക്കാത്തതില്‍ കമല്‍നാഥ് അടക്കമുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ നിരാശയും പരിഭവും പ്രകടിപ്പിച്ചത് സോഷ്യല്‍ മീഡിയകളിലെല്ലാം വലിയ ചര്‍ച്ചയായിരുന്നു. അപ്പോൾ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിലപാട് പറയട്ടേ എന്ന അഭിപ്രായത്തിലായിരുന്നു. എന്നാല്‍ എ ഐ സി സി സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ലീഗിനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.

ക്ഷേത്രനിര്‍മാണത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച പ്രിയങ്ക രാജ്യത്തിന്റെ ഐക്യത്തിന് ഇത് അനിവാര്യമാണെന്ന തരത്തിലാണ് പ്രതികരിച്ചത്. നെഹ്‌റു കുടുംബത്തില്‍ നിന്ന് ഇത്തരം ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ചില നേതാക്കള്‍ രഹസ്യമായി പറയുന്നത്.

ബാബരി വിഷയത്തില്‍ ലീഗിന്റെ മുന്‍കാല നിലപാടുകളും ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പള്ളി തകര്‍ക്കപ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാറിനൊപ്പം നിന്ന പാര്‍ട്ടി നിലപാടുകളും ഈ വിഷയത്തില്‍ വിയോജിച്ച് ഇബ്രാഹീം സുലൈമാന്‍ സേഠ് നടത്തിയ പ്രതികരണങ്ങളും ചര്‍ച്ചാ വിഷയമാണ്.

ഇന്നത്തെ യോഗത്തിന് ശേഷം നിലപാട് പറയാമെന്ന് ലീഗ് ദേശീയ ട്രഷറര്‍ ഇ ടി മുഹമ്മദ് ബഷീറും യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസുമെല്ലാം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിട്ടുണ്ട്. കോണ്ഗ്രസ് നിലപാടിനെതിരെ മുഴുവന്‍ മുസ്ലിം സംഘടനകള്‍ക്കുള്ളിലും അമര്‍ശം പുകയുകയാണ്. ഈ സാഹചര്യത്തില്‍ ലീഗ് എന്ത് നിലപാട് എടുക്കുമെന്ന് പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.

 

 

Latest