കാറ്റിലും മഴയിലും വടക്കന്‍ ജില്ലകളില്‍ കനത്ത നാശം; വീടിന് മുകളില്‍ മരം വീണ് ആറ് വയസുകാരി മരിച്ചു

Posted on: August 5, 2020 8:30 am | Last updated: August 5, 2020 at 12:12 pm

കോഴിക്കോട് |  ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചക്കുമുണ്ടായ കനത്ത കാറ്റിലും മഴയിലും വടക്കന്‍ ജില്ലകളില്‍ വ്യാപക നാശനഷ്ടം. വയനാട്ടില്‍ തവിഞ്ഞാലിനടുത്ത് വാളാട് തോളക്കരയില്‍ വീടിന് മുകളിലേക്ക് മരം വീണ് ആറ് വയസുകാരി മരിച്ചു. തോളക്കര കോളനയിലെ ബാബുവിന്റെ മകള്‍ ജ്യോതികയാണ് ഉറങ്ങിക്കിടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ചത്.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ പുതുപ്പാടി, കോടഞ്ചേരി ഭാഗങ്ങളില്‍ വലിയ തോതില്‍ മരങ്ങള്‍ നിലംപൊത്തി. വ്യാപക കൃഷി നാശവുമുണ്ടായി. നഗരത്തില്‍ പുതിയങ്ങാടി, ഈസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസ്, കാമ്പുറം, കോവൂര്‍, മാളിക്കടവ്, കരുവിശ്ശേരി, ബൈപ്പാസ്, ഫാത്തിമ ഹോസ്പിറ്റലിന് സമീപം എന്നിവിടങ്ങളിലെല്ലാം മരംവീണു. ചിലയിടങ്ങളില്‍ റോഡുകളിലും വൈദ്യുതകമ്പികളിലും മരം വീണു. ഇതുകാരണം ഗതാഗതവും വൈദ്യുതിയും മുടങ്ങി. നഗരത്തിലെ താഴ്ന്നപ്രദേശങ്ങളിലും റോഡുകളിലും വെള്ളംകയറി. തീരമേഖലകളില്‍ ശക്തമായ കടലേറ്റവുമുണ്ടായി.

കണ്ണൂരില്‍ മൂന്ന് വീടുകള്‍ മരം വീണ് തകര്‍ന്നു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. വൈദ്യുതലൈന്‍ പൊട്ടിവീണും മറ്റും പലയിടങ്ങളിലും ഏറെനേരം വൈദ്യുതിബന്ധം തടസ്സപ്പെട്ടു. കണ്ണൂര്‍ അഗ്നിരക്ഷാനിലയത്തിന് സമീപത്തെ റോഡിലൂടെ പോകുകയായിരുന്ന കാറിന് മുകളിലേക്കാണ് മരം വീണത്. മരം മാറ്റി കാറിലുണ്ടായിരുന്നവരെ അഗ്നിരക്ഷാസേനാംഗങ്ങള്‍ ആസ്പത്രിയിലെത്തിച്ചു. മേലെചൊവ്വ ദേശീയപാതയില്‍ കൂറ്റന്‍ മരം റോഡിന് കുറുകെ കടപുഴകിയതിനാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസെത്തി വാഹനങ്ങള്‍ തിരിച്ചുവിട്ടു. ലോറിക്ക് തൊട്ടുമുന്നിലായാണ് മരംവീണത്.കാറ്റിന്റെ ശക്തിയില്‍ കണ്ണൂര്‍ സിറ്റിയിലെ കടകളുടെ ഓടുകളും മേല്‍ക്കൂരയിലിട്ട ഷീറ്റുകളും പാറിപ്പോയി.

കാസര്‍കോട് ചെറുവത്തൂര്‍, ബന്തടുക്ക തൃക്കരിപ്പൂര്‍, ചീമേനി, രാജപുരം എന്നവിടങ്ങളിലും ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകുകയും വീടുകള്‍ തകരുകയും ചെയ്തു.