ബെയ്‌റൂട്ടില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരുക്ക്

Posted on: August 4, 2020 11:10 pm | Last updated: August 5, 2020 at 8:50 am

ബെയ്റൂട്ട് | ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇരട്ട സ്ഫോടനം. ബെയ്റൂട്ട് നഗരത്തിലെ തുറമുഖ പ്രദേശത്താണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി അറിയുന്നു.

നൂറുകണക്കിന് മീറ്ററുകള്‍ ദൂരത്തിലുള്ള കെട്ടിടങ്ങളെ വരെ പിടിച്ചുകുലുക്കുന്ന വന്‍ സ്‌ഫോടനമാണ് ഉണ്ടായത്്.
2005ല്‍ മുന്‍ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനമുണ്ടായത്.അതേ സമയം പത്ത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌

സ്‌ഫോടനത്തില്‍ ലബനന്‍ ഫലാഞ്ചെ പാര്‍ട്ടി സെക്രട്ടറി ജനറല്‍ നിസാര്‍ നജാരിയന് പരുക്കേട്ടിട്ടുണ്ട് . അദ്ദേഹത്തിന്റെ നില ഗുരുതരമായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്

ബെയ്റൂട്ടില്‍ രണ്ട് സ്ഫോടനങ്ങളുണ്ടായതെന്നും നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ലെബനന്‍ ആരോഗ്യമന്ത്രി അഹമ്മദ് ഹസ്സനും സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന്റെ ഫലമായി നാശനഷ്ടത്തിന്റെ വലുപ്പം വളരെ വലുതാണ്, പരുക്കേറ്റവരുടെ എണ്ണം വളരെ കൂടുതലാണെന്നും മന്ത്രി പറഞ്ഞു.തുറമുഖത്തിന്റെ ചുമതല സൈന്യം ഏറ്റെടുത്തിട്ടുണ്ട്

ബെയ്റൂട്ടിന് കിഴക്ക് അഷ്റഫീഹിലെ ആശുപത്രിയില്‍ കുട്ടികളടക്കം പരുക്കേറ്റ നിരവധിപേരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും , പലരും രക്തത്തില്‍ കുളിച്ചിരിക്കുകയാണെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്്തു. വെസ്റ്റ് ബെയ്‌റൂട്ടിലെ ക്ലെമെന്‍സിയോ ഹോസ്പിറ്റലിന് മുന്നില്‍ പരിക്കേറ്റ ആളുകള്‍ ചികിത്സയ്ക്കായി കാത്തുനില്‍ക്കുകയാണെന്നും , സൈന്യവും, സുരക്ഷാ സേനയും, സംഭവസ്ഥലത്ത് തീ യണക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു

ലബനനിലെ സംഭവങ്ങളെ ആശങ്കയോടെയാണ് കാണുന്നതെന്നും സംഭവത്തെ നിരീക്ഷിച്ച് വരികയായെന്നും യുഎസ് പ്രതിരോധ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു